കേരളീയര്‍ക്ക് ആകെ നാണക്കേട്, കോളേജില്‍ തല്ല് കൂടിയ കഥയല്ല മുഖ്യമന്ത്രി പറയേണ്ടത്: എം.എന്‍.കാരശേരി

കേരളീയര്‍ക്ക് ആകെ നാണക്കേട്, കോളേജില്‍ തല്ല് കൂടിയ കഥയല്ല മുഖ്യമന്ത്രി പറയേണ്ടത്: എം.എന്‍.കാരശേരി
Published on

പിണറായി വിജയന്‍-കെ.സുധാകരന്‍ 'ബ്രണ്ണന്‍ തല്ലില്‍' പരിഹാസവുമായി എം.എന്‍.കാരശേരി. കോളജിലെ പിള്ളേര്‍ ഫേസ്ബുക്കിലോ,ട്വിറ്ററിലോ നടത്തേണ്ട തല്ല് കഥകളാണ് കേരളത്തിന്റെ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷനും നടത്തുന്നതെന്ന് എം.എന്‍. കാരശേരി. കേരളീയര്‍ക്ക് മുഴുവന്‍ നാണക്കേടുണ്ടാക്കുന്ന ചര്‍ച്ചയാണ്. കൊവിഡ് മഹാമാരിയില്‍ ആളുകള്‍ മരിക്കുകയും വാക്‌സിന്‍ ക്ഷാമവും നേരിടുമ്പോള്‍ കോളജില്‍ തല്ല് കൂടിയ കഥ പറഞ്ഞ് വമ്പത്തരം കാട്ടുകയല്ല ചെയ്യേണ്ടത്.

ബ്രണ്ണന്‍ കോളജ് എന്ന് പറഞ്ഞാല്‍ എം.എന്‍ വിജയന്‍ മാസ്റ്ററെയാണ് ഓര്‍മ്മ വരുന്നത്. മൂന്നേകാല്‍ കോടി ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കെപിസിസി അധ്യക്ഷന്‍ ഉന്നയിക്കേണ്ടതെന്നും എം.എന്‍ കാരശേരി മാതൃഭൂമി ചാനല്‍ ചര്‍ച്ചയില്‍ പറയുന്നു.

കെപിസിസി എന്നാല്‍ കണ്ണൂര്‍ പ്രദേശ് കോണ്‍ഗ്രസ് എന്നല്ല, കോളജിലെ തല്ല് കഥ ജനസമക്ഷം അലക്കാന്‍ പറ്റിയതാണോ, എം.എന്‍ വിജയന്‍ മാഷിന്റെ വിദ്യാര്‍ത്ഥികളാണ് ഇവരെന്നാണ് മനസിലാക്കുന്നത്. മഹാമാരിയുടെ നടുവില്‍ നില്‍ക്കുമ്പോള്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ചാണ് നേരിടേണ്ടത്.

പിണറായി വിജയനും കെ.സുധാകരനും ഈ സംസ്‌കാരം മറ്റ് ജില്ലകളിലേക്ക് പടര്‍ത്തരുത്. കോളജ് കാലത്ത് ഇവര്‍ തല്ല് കൂടിയോ, ചവിട്ടിയോ എന്നൊക്കെയാണ് ചര്‍ച്ച. മുഖ്യമന്ത്രി കൈ ആംഗ്യമൊക്കെ കാണിച്ചാണ് പറയുന്നത്. കണ്ടപ്പോള്‍ നാണക്കേട് തോന്നി. കോളജ് കാലത്ത് തല്ലാനോ കൊല്ലാനോ പോയ കാലത്തെക്കുറിച്ചല്ല ഇപ്പോല്‍ സംസാരിക്കേണ്ടത്. മുഹമ്മദ് അബ്ദുറഹ്മാന്‍ ഇരുന്ന കസേരയാണെന്ന് കെ.സുധാകരന്‍ ഓര്‍മ്മിക്കണം. ഇഎംഎസ് ഇരുന്ന മുഖ്യമന്ത്രി കസേരയിലാണ് ഇരിക്കുന്നതെന്ന് പിണറായി വിജയന്‍ ഓര്‍മ്മിക്കണം. ആര് ചവിട്ടി, ആര് കൊന്നു തുടങ്ങിയ അമ്പത് കൊല്ലം മുമ്പുള്ള ചര്‍ച്ചയും വീമ്പും അവസാനിപ്പിക്കണം.

പ്രകോപനമുണ്ടാക്കിയത് കെ.സുധാകരനാണ്. പക്ഷേ അതില്‍ മുഖ്യമന്ത്രി തരംതാണ് വീഴരുതായിരുന്നു. ജനാധിപത്യം ഹിംസയുടെ വഴിയല്ല. ഈ മഹാമാരിയുടെ കാലത്ത് ജനങ്ങളുടെ പ്രയാസമാണ് ചര്‍ച്ചയാകേണ്ടത്.

Related Stories

No stories found.
logo
The Cue
www.thecue.in