അസമില്‍ കുടിയൊഴിപ്പിക്കല്‍ നടപടികളെ തുടര്‍ന്നുണ്ടായ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരില്‍ 12 വയസുകാരനും. പോസ്റ്റ് ഓഫീസില്‍ ആധാര്‍ കാര്‍ഡ് വാങ്ങുന്നതിനായി പോയി മടങ്ങുകയായിരുന്ന ഷെയ്ക് ഫരീദാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ നെഞ്ചിന്റെ വലത് ഭാഗത്താണ് വെടിയുണ്ട തുളച്ചുകയറിയത്.
ദാരംഗ് ജില്ലയില്‍ സര്‍ക്കാര്‍ കുടിയൊഴിപ്പിക്കല്‍ നടപടി നടന്ന സ്ഥലത്ത് നിന്ന് 2 കിലോമീറ്റര്‍ അകലെയാണ് ഫരീദിന്റെ വീട്. നാല് മക്കളില്‍ ഇളയവനായ ഫരീദ്, തന്റെ ആദ്യത്തെ തിരച്ചറിയല്‍ കാര്‍ഡ് ലഭിക്കുന്നതിന്റെ സന്തോഷത്തിലാണ് വീട്ടില്‍ നിന്നിറങ്ങിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
വ്യാഴാഴ്ചയായിരുന്നു ബ്രഹ്മപുത്ര തീരത്ത് പൊലീസ് കുടിയൊഴിപ്പല്‍ നടപടിയുമായെത്തിയത്. ഇതിനെ തുടര്‍ന്നുണ്ടായ പൊലീസ് വെടിവെപ്പില്‍ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. ഫരീദിനെ കൂടാതെ മൈനുള്‍ ഫഖ് എന്ന 30കാരനാണ് കൊല്ലപ്പെട്ടത്. പൊലീസുകാര്‍ ഉള്‍പ്പടെ 20 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
വെടിയേറ്റ് വീണയാളെ ക്രൂരമായി മര്‍ദ്ദിക്കുകയും, നെഞ്ചില്‍ ചാടി ചവിട്ടുകയും ചെയ്യുന്ന ഫോട്ടോഗ്രാഫറുടെ വീഡിയോ പുറത്ത് വന്നിരുന്നു. പൊലീസ് നോക്കിനില്‍ക്കുമ്പോഴായിരുന്നു ഇയാളുടെ ക്രൂരത. സംഭവം വിവാദമായതോടെയാണ് ഇയാള്‍ക്കെതിരെ കേസെടുത്തതും അറസ്റ്റ് ചെയ്തതും.
കാലങ്ങളായി താമസിക്കുന്ന സ്ഥലത്ത് നിന്ന് എണ്ണൂറോളം കുടുംബങ്ങളെ സര്‍ക്കാര്‍ നേരത്തെ കുടിയൊഴിപ്പിച്ചിരുന്നു. ഇവരെ പുനരധിവസിപ്പിക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാര്‍ കയ്യേറിയ ഭൂമി തിരിച്ച് പിടിക്കാനുള്ള നടപടിക്കിടെ സംഘര്‍മുണ്ടാവുകയായിരുന്നുവെന്നും, ആക്രമണത്തിലേക്ക് തിരിഞ്ഞത് പ്രതിഷേധക്കാരാണെന്നുമാണ് പൊലീസ് വാദം.