ബോബി ചെമ്മണൂര്‍ പണം കൊടുത്ത് വാങ്ങിയ ഭൂമി വേണ്ടെന്ന് നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത രാജന്റെ മക്കള്‍. വില്‍ക്കാനാവാത്ത ഭൂമിയാണതെന്ന് മകന്‍ രഞ്ജിത്ത് പറഞ്ഞു. നിയമ നടപടികളുമായി മുന്നോട്ട് പോകും. വസന്തയില്‍ നിന്നും തര്‍ക്കഭൂമി പണം കൊടുത്ത് വാങ്ങിയ ബോബി ചെമ്മണൂര്‍ കുട്ടികള്‍ക്ക് വീട് വച്ച് നല്‍കുമെന്നും പണി പൂര്‍ത്തിയാകുന്നത് വരെ അവരെ സംരക്ഷിക്കുമെന്നും അറിയിച്ചിരുന്നു.
സര്‍ക്കാരാണ് ഭൂമി നല്‍കേണ്ടതെന്ന് രാജന്റെ മക്കള്‍ വ്യക്തമാക്കി. വസന്തയുടെ കൈവശം രേഖകളില്ലെന്ന് രാജന്റെ മകന്‍ രഞ്ജിത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബോബി ചെമ്മണൂരിന്റെ നല്ല മനസിന് നന്ദിയുണ്ടെന്നും രഞ്ജിത്ത് പറഞ്ഞു.
തര്‍ക്കഭൂമിയില്‍ നിന്നും ഒഴിപ്പിക്കാനായി പൊലീസ് എത്തിയപ്പോഴായിരുന്നു രാജനും ഭാര്യയും തീക്കൊളുത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരുടെയും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം അടക്കം ചെയ്യാനും പൊലീസ് അനുവദിച്ചില്ലെന്നാരോപിച്ച് രാജന്റെ മകന്‍ പ്രതിഷേധിച്ചതോടെയാണ് സംഭവം വിവാദമായത്.കുട്ടികള്‍ക്ക് ഭൂമി നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. തര്‍ക്ക സ്ഥലം കോടതിയുടെ പരിഗണനയിലായതിനാല്‍ അത് വാങ്ങുന്നതില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നില്ല.