‘മൂന്ന് ദിവസം സമയം തരുന്നു, ഇല്ലെങ്കില്‍ ഞങ്ങള്‍ക്കറിയാം’; ഡല്‍ഹി അക്രമത്തിന് ആഹ്വാനം ചെയ്ത കപില്‍ മിശ്രയുടെ മുന്നറിയിപ്പ്
വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷത്തില്‍ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. ജാഫ്രാബാദിലും, ചാന്ദ്ബാഗിലും സമാധാനപരമായി നടന്ന സമരത്തെ സംഘര്‍ഷഭരിതമാക്കിയത് ബിജെപി നേതാവ് കപില്‍ മിശ്രയുടെ വാക്കുകളായിരുന്നു. ഞായറാഴ്ച കപില്‍ മിശ്രയുടെ നേതൃത്വത്തില്‍ പൗരത്വനിയമഭേദഗതിയെ അനുകൂലിച്ച് ഒരു റാലി നടന്നിരുന്നു. ജാഫ്രാബാദിനടുത്തുള്ള മൗജ്പൂര്‍ ഏര്യയിലായിരുന്നു പരിപാടി.
ട്രംപ് ഇന്ത്യയില്‍ നിന്ന് പോകുന്നത് വരെ മാത്രമേ തങ്ങള്‍ സമാധാനം തുടരൂ, അതുകഴിഞ്ഞാല്‍ ആരെയും കേള്‍ക്കില്ലെന്നായിരുന്നു പൊലീസിനോടായി കപില്‍ മിശ്ര പറഞ്ഞത്. പ്രതിഷേധം അവസാനിപ്പിക്കാന്‍ മൂന്നു ദിവസം സമയം തരുന്നൂ, അതു കഴിഞ്ഞാല്‍ കാര്യങ്ങള്‍ വഷളാകുമെന്നും കപില്‍ മിശ്ര പറഞ്ഞിരുന്നു. ഡിസിപിയെ ഉള്‍പ്പടെ സാക്ഷിനിര്‍ത്തിയായിരുന്നു കപില്‍മിശ്രയുടെ ഭീഷണി.
ഈ റിപ്പോര്‍ട്ട് പുറത്തു വന്ന് മണിക്കൂറുകള്‍ക്കകം തന്നെ ജാഫ്രാബാദിലടക്കം പ്രശ്‌നങ്ങള്‍ ആരംഭിച്ചു. സീലംപൂരിലും, മൗജ്പൂരിലും അക്രമസംഭവങ്ങളുണ്ടായി. കല്ലേറില്‍ തുടങ്ങിയ സംഘര്‍ഷം വെടിവെയ്പ്പിലേക്ക് വളര്‍ന്നു. മുസ്ലീമുകളെ തെരഞ്ഞു പിടിച്ചായിരുന്നു അക്രമമെന്ന് പ്രദേശവാസികള്‍ പറഞ്ഞതായി ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
വിവിധ മതവിശ്വാസികള്‍ താമസിക്കുന്ന കോളനിയില്‍, തങ്ങളുടെ അയല്‍ക്കാര്‍ തന്നെ തങ്ങള്‍ക്കുനേരെ കല്ലെറിയുന്ന കാഴ്ചയാണ് കണ്ടതെന്ന് പ്രദേശവാസികള്‍ പറയുന്നു. തൂവാല കൊണ്ട് മുഖം മറച്ചെത്തിയവരും ആക്രമണം നടത്തിയെന്നും ഇവര്‍ പറയുന്നു. അമ്പത്തില് പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്ന തങ്ങള്‍ക്കെതിരെ കല്ലേറും ആക്രമണവുമുണ്ടായെന്ന് ചില സ്ത്രീകള്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
ആരാണ് സംഘര്‍ഷം തുടങ്ങിവെച്ചതെന്ന വിവരം പുറത്തുവന്നിട്ടില്ല. ഇരുവിഭാഗവും പരസ്പരം കല്ലുകളെറിയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കടകള്‍ക്കും വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ ആക്രമണമുണ്ടായി. സമാധാനപരമായി തുടര്‍ന്നിരുന്ന പ്രതിഷേധം കപില്‍മിശ്രയുടെ ആഹ്വാനത്തോടെയാണ് സംഘര്‍ഷത്തിലേക്ക് പോയതെന്ന ആരോപണം ശക്തമായിരിക്കുകയാണ്. കപില്‍ മിശ്രയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് ജോയന്റ് പൊലീസ് കമ്മീഷണറുടെ ഓഫീസിന് മുന്നില്‍ പ്രതിഷേധം ആരംഭിച്ചു. ആരോപണം ശക്തമായതോടെ സമാധാന ആഹ്വാനവുമായാണ് കപില്‍ മിശ്ര രംഗത്തെത്തിയിരിക്കുന്നത്.