ദയനീയ പ്രകടനത്തിനും ആകെയുള്ള ഒറ്റ സീറ്റ് നഷ്ടമായതിനും പിന്നാലെ കേരളത്തില്‍ രാഷ്ട്രീയനേട്ടമുണ്ടാക്കാന്‍ കൂടുതല്‍ തീവ്രവര്‍ഗ്ഗീയ നിലപാടുകളിലേക്ക് നീങ്ങാന്‍ ബി.ജെ.പിക്ക് ആര്‍.എസ്.എസ് നിര്‍ദേശം. നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെതിരെ ഉയര്‍ന്ന കോഴ വിവാദവും അന്വേഷണവും സംസ്ഥാനത്ത് വലിയ ക്ഷീണമുണ്ടാക്കിയിരുന്നു. മലമ്പുഴയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട ദിവസം മാധ്യമങ്ങളോട് പ്രതികരിക്കവേ കെ.സുരേന്ദ്രന്‍ ചിരിച്ചത് വിവാദമായിരുന്നു. അണികളില്‍ ഉള്‍പ്പെടെ രോഷമുയര്‍ത്തിയ ഈ സംഭവത്തിന് പിന്നാലെ ശ്രദ്ധ തിരിച്ചുവിടാനാണ് ഹലാല്‍ വിഷയം കെ.സുരേന്ദ്രന്‍ തന്നെ സജീവമായി ഉയര്‍ത്തിക്കൊണ്ടുവന്നതെന്നും അറിയുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ ഉള്‍പ്പെടെ മുസ്ലീം വിദ്വേഷപ്രസ്താവനകളും ധ്രുവീകരണ വാദങ്ങളും ആവര്‍ത്തിച്ച ബിജെപി സംസ്ഥാന നേതൃത്വം മുസ്ലിം ഹോട്ടലുകള്‍ കേന്ദ്രീകരിച്ചുള്ള ഹലാല്‍ ഭക്ഷണ വിവാദം ഇപ്പോള്‍ ഉയര്‍ത്തുന്നതിന് പിന്നിലും ഇതേ അജണ്ടയാണ്. ഹലാല്‍ ഹോട്ടലുകള്‍ക്ക് പിന്നില്‍ മതതീവ്രവാദ ശക്തികളാണെന്ന് ആരോപിച്ച കെ.സുരേന്ദ്രന്‍ മമ്പറത്ത് സഞ്ജിത്ത് വധത്തെ മുന്‍നിര്‍ത്തി മുസ്ലിം വ്യാപാര കേന്ദ്രങ്ങള്‍ വഴി തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നുവെന്ന വാദവും ഉയര്‍ത്തിയിരുന്നു.
ഹലാല്‍ ശബരിമല പോലെ 'കത്തിക്കാന്‍' ബിജെപി
ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിലും സമരങ്ങളിലും നേട്ടമുണ്ടാക്കാനായി എന്നാണ് ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ ഈ പിന്തുണ നിലനിര്‍ത്താനായില്ലെന്നും അതാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നഷ്ടപ്പെടാനും നേട്ടമുണ്ടാക്കാനും കഴിയാത്തതിന് കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. തീവ്രഹിന്ദുത്വ നിലപാടുകളിലൂടെ ഹിന്ദു വോട്ടില്‍ സ്വാധീനമുറപ്പിക്കാനാണ് ദേശീയ നേതൃത്വവും ആര്‍.എസ്.എസും നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇന്ത്യയുടെ മറ്റ് പല സംസ്ഥാനങ്ങളിലും നേട്ടമുണ്ടാക്കിയ ഹലാല്‍ വിഷയം കേരളത്തിലും നേരത്തെ വിവാദമാക്കാന്‍ ബി.ജെ.പി ശ്രമിച്ചിരുന്നു. കേരളത്തില്‍ അത് അത് ചര്‍ച്ചയായില്ല. ഇതിന് പിന്നാലെയാണ് ഉറൂസ് നേര്‍ച്ചക്കിടെ മന്ത്രിച്ചൂതുന്ന വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് ഹലാല്‍ വിരുദ്ധ കാമ്പയിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ തന്നെ തുടക്കമിട്ടത്. കഴിഞ്ഞ ദിവസം പാലക്കാട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഹലാല്‍ ഹോട്ടലുകളില്‍ ഭക്ഷണത്തില്‍ തുപ്പാറുണ്ടെന്ന് പറഞ്ഞതിലെ വസ്തുത എന്താണ് എന്ന മാധ്യമങ്ങള്‍ കെ.സുരേന്ദ്രനോട് ചോദിച്ചപ്പോള്‍ കൃത്യമായി മറുപടി പറയാതെ 'ഇതെന്താണ് ഇസ്ലാമിക രാജ്യമാണോ' ഹലാല്‍ ബോര്‍ഡുകള്‍ പതിക്കാന്‍ എന്നായിരുന്നു മറുചോദ്യം.
ഇന്ന് മാധ്യമങ്ങളെ കണ്ടപ്പോഴും ഹലാല്‍ വിരുദ്ധ പ്രചരണം ബിജെപി തുടരുമെന്ന നിലപാടാണ് സുരേന്ദ്രന്‍ ആവര്‍ത്തിച്ചത്. 'കേരളത്തില്‍ പെട്ടെന്ന് ഹലാല്‍ ബോര്‍ഡുകള്‍ ഉയരുന്നതെന്നുമല്ല. ഇത് നിഷ്‌കളങ്കമല്ല. കൃത്യമായ ആസൂത്രണമുണ്ട്. ചില മതതീവ്രവാദ ശക്തികളാണ് പിന്നില്‍. നേരത്തെ ഇത്തരം ബോര്‍ഡുകള്‍ കണ്ടിട്ടില്ല. മുസ്ലിങ്ങള്‍ ഇവിടെ നേരത്തെയും കച്ചവടം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഇത്തരം ബോര്‍ഡുകള്‍ ഉയരുന്നത് നിഷ്‌കളങ്കമായല്ല. ജനങ്ങളെ ഭിന്നിപ്പിക്കാനും മതപരമായി തമ്മിലടിപ്പിക്കാനും വേണ്ടിയാണ്. അതിവേഗം സിറിയയിലേക്ക് നടന്നടുക്കാനുള്ള നീക്കമാണിത്.' എന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
പാര്‍ട്ടി പിടിച്ച് സുരേന്ദ്രന്‍
തെരഞ്ഞെടുപ്പില്‍ ദയനീയ പ്രകടനമാണെങ്കിലും പാര്‍ട്ടിയിലെ എതിരാളികളെ വെട്ടിനിരത്തി സര്‍വാധിപത്യം ഉറപ്പാക്കിയിരിക്കുകയാണ് കെ.സുരേന്ദ്രന്‍. ഹലാല്‍ കാമ്പയിന്‍ ഉള്‍പ്പെടെ മുസ്ലിം വിരുദ്ധ നിലപാടുകളുമായി സുരേന്ദ്രന്‍ നീങ്ങുന്നത് ആര്‍.എസ്.എസ് നേതൃത്വത്തിന്റെ പിന്തുണ ഉറപ്പിക്കാന്‍ കൂടിയാണ്. തെരഞ്ഞെടുപ്പ് വേളയിലടക്കം ഉയര്‍ന്ന വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കുമിടെ പാര്‍ട്ടിയിലെ എതിര്‍പക്ഷത്തെ കൃത്യമായി നിശബ്ദരാക്കാന്‍ കെ.സുരേന്ദ്രന് കഴിഞ്ഞു. സുരേന്ദ്രനെതിരെ ശക്തമായി നിന്ന ശോഭ സുരേന്ദ്രനെ ദേശീയ ചുമതലകളില്‍ നിന്ന് നീക്കിയതിന് പിന്നിലും സുരേന്ദ്രന്റെ ഇടപെടലായിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് മാസങ്ങളോളം പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്നും വിട്ടുനിന്നതിലുള്ള അതൃപ്തിയാണ് ശോഭ സുരേന്ദ്രനെ മാറ്റിയതിന് കാരണമായി ഔദ്യോഗിക പക്ഷം പ്രചരിപ്പിക്കുന്നത്.
സംസ്ഥാന ഘടകത്തില്‍ പന്ത്രണ്ട് ജില്ലകളിലെ നേതൃതലത്തിലും പിന്തുണയ്ക്കുന്നവരെ ചുമതലകളിലെത്തിക്കാനും ദേശീയ നേതൃത്വത്തിന്റെ പിന്തുണയോടെ കെ.സുരേന്ദ്രന് കഴിഞ്ഞു. തൃശൂരും കോഴിക്കോടും ഒഴികെയുള്ള ജില്ലകള്‍ ഇപ്പോള്‍ ഔദ്യോഗിക പക്ഷത്തിനൊപ്പമാണ്. ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളില്‍ തന്നെ പിന്തുണയ്ക്കുന്നവരെ മാത്രം കെ.സുരേന്ദ്രന്‍ നിയമിച്ചുവെന്ന പരാതി പാര്‍ട്ടിയിലെ മറ്റ് ഗ്രൂപ്പുകള്‍ക്കും ഉണ്ട്. പി.കെ കൃഷ്ണദാസിനൊപ്പം നിന്നിരുന്ന ബി.ഗോപാലകൃഷ്ണനും എന്‍. ഹരിയും സുരേന്ദ്രന്‍ പക്ഷത്തേക്ക് കളം മാറുകയും ചെയ്തു. നാല് മേഖലാ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിലും കെ.സുരേന്ദ്രന്‍ പക്ഷത്തിന് തന്നെയായിരിക്കും സമ്പൂര്‍ണ ആധിപത്യമെന്ന് കൃഷ്ണദാസ് വിഭാഗം കണക്കുകൂട്ടുന്നു. തങ്ങളുടെ പരാതി കേള്‍ക്കാന്‍ പോലും ആരുമില്ലെന്ന അവസ്ഥയാണെന്ന് എതിര്‍വിഭാഗം പറയുന്നു. ഈ സാഹചര്യത്തിലാണ് തീവ്രഹിന്ദുത്വ നിലപാടുകളുമായി ദേശീയ നേതൃത്വത്തിനും സംഘപരിവാര്‍ നേതൃത്വത്തിനും മുന്നില്‍ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാന്‍ സുരേന്ദ്രന്‍ നീക്കം തുടരുന്നത്.
കോഴയില്‍ നിന്നും കരകയറാന്‍ 'സുവര്‍ണ്ണാവസരം'
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോഴ ആരോപണങ്ങളുടെ നിഴലില്‍ നിന്നും കരകയറാനുള്ള അവസരമായി കൂടിയാണ് കെ. സുരേന്ദ്രന്‍ ഹലാല്‍ വിരുദ്ധ പ്രചരണങ്ങളെ കാണുന്നത്. കൊടകര കോഴ കേസും ബത്തേരി ആരോപണവും അണികള്‍ക്കിടയിലും ആര്‍എസ്എസ് നേതൃത്വത്തിന് മുന്നിലും കെ.സുരേന്ദ്രന് വലിയ തിരിച്ചടിയയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും എന്‍.ഡി.എയിലേക്ക് തിരിച്ചു കൊണ്ടുവരാനും സി.കെ ജാനുവിന് പണം വാഗ്ദാനം ചെയ്തുവെന്നതായിരുന്നു ജെ.ആര്‍.പി ട്രഷറര്‍ പ്രസീദ അഴീക്കോട് ഉയര്‍ത്തിയ ആരോപണം. കെ.സുരേന്ദ്രന്റെ ശബ്ദരേഖയും പുറത്ത് വിട്ടിരുന്നു. തിരുവനന്തപുരം ഹോട്ടല്‍ ഹൊറൈസണില്‍ വെച്ച് പണം നല്‍കിയെന്നായിരുന്നു പ്രസീത അഴീക്കോടിന്റെ വെളിപ്പെടുത്തല്‍. കെ.സുരേന്ദ്രന്‍ ഒന്നാം പ്രതിയായ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുകയാണ്.
കോഴ ആരോപണത്തെത്തുടര്‍ന്ന് കെ.സുരേന്ദ്രനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ശ്രമങ്ങള്‍ പാര്‍ട്ടിയിലെ എതിര്‍ വിഭാഗം നടത്തിയിരുന്നെങ്കിലും ദേശീയ നേതൃത്വത്തിന്റെ പിന്തുണ ലഭിച്ചില്ല. നിരന്തരം ആരോപണങ്ങള്‍ ഉയരുന്നതിലും നിയമസഭയിലെ ഏകപ്രാതിനിധ്യം നഷ്ടപ്പെട്ടതിലും ആര്‍.എസ്.എസിനും അതൃപ്തിയുണ്ടായിരുന്നു. കാസര്‍ഗോഡ് നടന്ന സംസ്ഥാന നേതൃയോഗത്തില്‍ സ്ഥാനം ഒഴിയണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. പി.കെ കൃഷ്ണദാസിനെ അനുകൂലിക്കുന്നവരായിരുന്നു ഇക്കാര്യം ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം ഓഡിറ്റ് ചെയ്യണമെന്നും ഈ വിഭാഗം ആവശ്യമുയര്‍ത്തി. കൊടകര കുഴപ്പണക്കേസില്‍ കെ.സുരേന്ദ്രനെ അന്വേഷണസംഘം ചോദ്യം ചെയ്തതും ക്ഷീണമുണ്ടാക്കി. എന്നാല്‍ സംഘടനാ സെക്രട്ടറി ബി.എല്‍ സന്തോഷിന്റെയും കേന്ദ്ര സഹമന്ത്രി വി. മുരളീധരന്റെയും പിന്തുണ കെ.സുരേന്ദ്രന് ഗുണം ചെയ്തു. വിവാദങ്ങളില്‍ നിന്നും കരകയറി രാഷ്ട്രീയ ചര്‍ച്ചകളില്‍ സാന്നിധ്യമാകുകയെന്നതാണ് കെ.സുരേന്ദ്രന്‍ മുന്നിലുള്ള കടമ്പ. തീവ്രഹിന്ദുത്വ പ്രചരണങ്ങളിലൂടെ അതിനുള്ള ശ്രമമാണ് കെ.സുരേന്ദ്രന്‍ നടത്തുന്നത്.
സുരേന്ദ്രന്റെ ചിരിയും ആര്‍എസ്എസ് അതൃപ്തിയും
നവംബര്‍ 15നാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകനായ പാലക്കാട് എലപ്പുള്ളി സ്വദേശി സഞ്ജിത്ത് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെയാണ് കെ.സുരേന്ദ്രന്‍ ചിരിക്കുകയും തമാശ പറയുകയും ചെയ്യുന്ന വീഡിയോ പുറത്ത് വന്നിരുന്നു. ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പരസ്യമായി കെ.സുരേന്ദ്രനെ വിമര്‍ശിച്ചിരുന്നു. പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതികരിക്കുമ്പോള്‍ ചിരിച്ചത് ആര്‍.എസ്.എസിനെ ചൊടിപ്പിച്ചു. വിഷയം ഗൗരവത്തില്‍ കൈകാര്യം ചെയ്തില്ലെന്ന വിമര്‍ശനം ആര്‍.എസ്.എസ് നേതൃത്വം അറിയിച്ചിരുന്നു. ഈ വിമര്‍ശനങ്ങളില്‍ നിന്ന് മറികടക്കാന്‍ കൂടിയാണ് അടുത്തടുത്ത ദിവസങ്ങളില്‍ ഹലാല്‍ വിവാദവും തുപ്പല്‍ ഭക്ഷണമെന്ന വ്യാജപ്രചരണവും കെ.സുരേന്ദ്രന്‍ ആവര്‍ത്തിക്കുന്നതെന്നറിയുന്നു.