‘ഒറ്റ കോളില്‍ ചാറ്റിങ്ങും ഡേറ്റിങ്ങും നെറ്റ്ഫ്‌ലിക്‌സും സിഎഎ പിന്തുണയും’; ബിജെപി കാമ്പയിനെതിരെ സോഷ്യല്‍ മീഡിയ 

‘ഒറ്റ കോളില്‍ ചാറ്റിങ്ങും ഡേറ്റിങ്ങും നെറ്റ്ഫ്‌ലിക്‌സും സിഎഎ പിന്തുണയും’; ബിജെപി കാമ്പയിനെതിരെ സോഷ്യല്‍ മീഡിയ 

Published on

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെങ്ങും പ്രക്ഷോഭം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ സര്‍വകലാശാലകളില്‍ വിദ്യാര്‍ഥികള്‍ തുടക്കം കുറിച്ച പ്രതിഷേധം വിവിധ സംസ്ഥാനങ്ങളിലേക്ക് പടരുകയും ബിജെപിയ്ക്കും കേന്ദ്ര സര്‍ക്കാരിനും എതിരായ പ്രക്ഷോഭമായി മാറിക്കൊണ്ടും ഇരിക്കുകാണ്. പ്രതിഷേധങ്ങള്‍ക്ക് വിലകൊടുക്കാതെ നിയമത്തില്‍ നിന്ന് ഒരിഞ്ച് പോലും പിന്നോട്ട് പോകില്ലെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ പറഞ്ഞത്. പിന്തുണ നേടാനായി റാലികളും കാമ്പയിനുകളും ബിജെപി ആരംഭിക്കുകയും ചെയ്തു.

ഒരു മൊബൈല്‍ നമ്പര്‍ നല്‍കിയ ശേഷം നിയമത്തെ അനുകൂലിക്കുന്നവര്‍ മിസ് കോള്‍ അടിച്ച് പിന്തുണ അറിയിക്കുവെന്നായിരുന്നു ഏറ്റവും ഒടുവില്‍ ആരംഭിച്ച കാമ്പയിനില്‍ പറഞ്ഞിരുന്നത്. അമിത് ഷാ അടക്കം ഷെയര്‍ ചെയ്ത ഈ നമ്പര്‍ ഇപ്പോള്‍ മറ്റ് പല മെസേജുകളിലൂടെയും പ്രചരിക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു.

സ്ത്രീകളുടെ പേരിലുള്ള വ്യാജ അക്കൗണ്ടുകളില്‍ നിന്ന് താന്‍ തനിച്ചാണെന്നും സംസാരിക്കാന്‍ ഈ നമ്പറില്‍ വിളിക്കുവെന്ന കുറിപ്പോടെയാണ് ബിജെപി മിസ്‌കോള്‍ അടിക്കാന്‍ ആവശ്യപ്പെട്ട നമ്പര്‍ പ്രചരിക്കുന്നത്. ചിലര്‍ മിസ് കോളടിച്ചാല്‍ തിരിച്ചു വിളിക്കുമെന്ന് പറയുമ്പോള്‍, മറ്റ് ചിലര്‍ അത്യാവശ്യമായിട്ട് വിളിക്കാനാണ് പറയുന്നത്, ചിലതില്‍ ലൈംഗിക ബന്ധത്തിനായി വിളിക്കാനും പറയുന്നു.

ഡേറ്റിംഗും ചാറ്റിങ്ങും ഓഫര്‍ ചെയ്യുന്നത് കൂടാതെ നെറ്റ്ഫ്‌ലിക്‌സ്, ഹോട്ടസ്റ്റാര്‍, തുടങ്ങിയ ഓണ്‍ലൈന്‍ സ്ട്രീമിങ്ങ് പ്ലാറ്റ്‌ഫോമിന്റെ സൗജന്യ സബ്‌സ്‌ക്രിപ്ഷന്‍ ലഭിക്കാനും ബിജെപി നിര്‍ദേശിച്ച അതേ നമ്പറില്‍ വിളിക്കാന്‍ ആവശ്യപ്പെടുന്നു. അത്തരം പോസ്റ്റുകളിലൊന്ന് ഷെയര്‍ ചെയ്ത് അത് വ്യാജമാണെന്ന് നെറ്റ്ഫ്‌ലിക്‌സ് തന്നെ ട്വീറ്റ് ചെയ്തിട്ടുണ്ട്.

ബിജെപിയുടെ കാമ്പയിന് നേട്ടമുണ്ടാക്കാനുള്ള മാര്‍ഗങ്ങളാണ് വ്യാജ പോസറ്റുകളും തെറ്റിദ്ധരിപ്പിക്കുന്ന മെസേജുമെന്നും ട്വിറ്ററിലൂടെ ആളുകള്‍ ചൂണ്ടിക്കാട്ടുന്നു. ചാറ്റിങ്ങും, ഡേറ്റിങ്ങും, നെറ്റ്ഫ്‌ലിക്‌സും എല്ലാം ലഭിക്കുന്ന ഒറ്റ നമ്പറാണ് ബിജെപി അനുകൂലികള്‍ പ്രചരിപ്പിക്കുന്നതെന്ന് ചിലര്‍ ട്വീറ്റ് ചെയ്തു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in