ലവ്ജിഹാദ് പ്രധാന പ്രചരണ വിഷയമാക്കി ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലേക്കുള്ള പ്രകടന പത്രിക പുറത്തിറക്കി ബി.ജെ.പി. രണ്ടാമതും അധികാരത്തിലെത്തിയാല്‍ ലവ്ജിഹാദില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്നാണ് പ്രധാന വാഗ്ദാനം. പത്ത് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ഏര്‍പ്പെടുത്തുമെന്നാണ് അമിത് ഷാ, ആദിത്യ നാഥ് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്ത പ്രകടന പത്രികയില്‍ പറയുന്നത്.
2020ലാണ് ബി.ജെ.പി സര്‍ക്കാര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് എതിരായ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്. ഇത് പ്രകാരം അഞ്ച് വര്‍ഷം തടവ് ശിക്ഷയും 15,000 രൂപ പിഴയുമാണ് ശിക്ഷ.
ഹോളി, ദീപാവലി ആഘോഷങ്ങളുടെ സമയത്ത് എല്‍.പി.ജി സിലിണ്ടര്‍ സൗജന്യമായി നല്‍കുമെന്നും പ്രകടനപത്രികയില്‍ ബി.ജെ.പി. അറുപത് വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് ഇരുചക്രവാഹനം എന്നിവയും വാഗ്ദാനം. വിധവാ പെന്‍ഷന്‍ 800ല്‍ നിന്ന് 1500ലേക്ക് വര്‍ദ്ധിപ്പിക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.
ജലസേചനത്തിന് കര്‍ഷകര്‍ക്ക് സൗജന്യമായി വൈദ്യുതി നല്‍കുമെന്നതാണ് പ്രകടന പത്രികയിലെ മറ്റൊരു വാഗ്ദാനം. വെസ്റ്റേണ്‍ യു.പിയിലടക്കമുള്ള കര്‍ഷരോഷം തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് വാഗ്ദാനമെന്നാണ് വിലയിരുത്തല്‍.
സ്ത്രീ സുരക്ഷയേയും ക്രമസമാധാനത്തെയും മുന്‍നനിര്‍ത്തിയാണ് കോണ്‍ഗ്രസ് ക്യാമ്പയിന്‍. പ്രിയങ്ക ഗാന്ധിയിലൂടെ സ്ത്രീകളുടെ വിശ്വാസം നേടിയെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
ശക്തമായ പ്രചരണവുമായി അഖിലേഷ് യാദവും തെരഞ്ഞെടുപ്പ് ഗോഥയിലുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി യുപിയില്‍ സമാജ് വാദി പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചു. ബിജെപിയുടെ വ്യാജ് വാഗ്ദാനങ്ങളില്‍ വീഴരുതെന്നാണ് അവര്‍ പറഞ്ഞത്.