ത്രിപുരയിലെ മുതിര്‍ന്ന ബി.ജെ.പി നേതാവും സുര്‍മ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയുമായ ആശിഷ് ദാസ് പാര്‍ട്ടിവിടുന്നു. തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച ആശിഷ് തല മുണ്ഡനം ചെയ്തു. ബി.ജെ.പി സര്‍ക്കാരിന്റെ ദുഷ്ട പ്രവൃത്തികള്‍ക്ക് പ്രായശ്ചിത്തമായാണ് താന്‍ തല മുണ്ഡനം ചെയ്തതെന്നാണ് ആശിഷ് ദാസ് പറഞ്ഞത്. കൊല്‍ക്കത്തയിലെ കാലിഘട്ട് ക്ഷേത്രത്തില്‍ വെച്ചാണ് തലമുണ്ഡനം ചെയ്തത്.
എം.എല്‍.എ സ്ഥാനം രാജിവെക്കുമെന്നും പാര്‍ട്ടിവിടുമെന്നും ആശിഷ് ദാസ് അറിയിച്ചു. കഴിഞ്ഞയാഴ്ച ആശിഷ് ദാസ് കൊല്‍ക്കത്തിയലെത്തി മമത ബാനര്‍ജിയെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് ആശിഷ് ബി.ജെ.പിയില്‍ ചേരുന്നതു സംബന്ധിച്ച സൂചനകള്‍ പുറത്തുവന്നത്.
2023ല്‍ ബി.ജെ.പിയെ വേരോടെ പിഴുതെറിയുന്നതുവരെ താന്‍ തല മുണ്ഡനം ചെയ്തു തന്നെ നടക്കുമെന്നും ആശിഷ് ദാസ് പറഞ്ഞു.
ത്രിപുരയില്‍ ബി.ജെ.പി അരാജകത്വും കലാപവും വളര്‍ത്തുകയാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഭരണത്തില്‍ ജനങ്ങള്‍ അസംതൃപ്തരാണെന്നും ആശിഷ് കൊല്‍ക്കത്തയില്‍ മാധ്യമങ്ങളോട് പറഞ്ഞു.