കേന്ദ്രമന്ത്രിയുടെ അറസ്റ്റില്‍ 'തിരിച്ചടി'; യോഗിക്കെതിരായ പരാമര്‍ശത്തില്‍ ഉദ്ദവിനെതിരെ പരാതി

കേന്ദ്രമന്ത്രിയുടെ അറസ്റ്റില്‍ 'തിരിച്ചടി'; യോഗിക്കെതിരായ പരാമര്‍ശത്തില്‍ ഉദ്ദവിനെതിരെ പരാതി
Published on

മൂന്നു വര്‍ഷം മുമ്പ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഉദ്ദവ് താക്കറെക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. മഹാരാഷ്ട്ര മുഖ്യമന്ത്രിയെ 'അടിച്ചേനെ' എന്ന പരാമര്‍ശത്തില്‍ കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി നാരായണ്‍ റാണെയെ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്ദവിനെതിരെ നാസിക് പൊലീസില്‍ പരാതി ലഭിച്ചത്.

ഉദ്ദവ് താക്കറെ, ഉദ്ദവിന്റെ ഭാര്യയും ശിവസേന മുഖപത്രമായ സാമ്‌നയുടെ പത്രാധിപരുമായ രശ്മി താക്കറെ, യുവസേന നേതാവ് വരുണ്‍ സര്‍ദേശായി എന്നിവര്‍ക്കെതിരെ മൂന്ന് പരാതികളാണ് ബി.ജെ.പി നേതാക്കള്‍ നല്‍കിയത്.

ശിവജിയുടെ പ്രതിമയില്‍ യോഗി ആദിത്യനാഥ് ചെരിപ്പ് ധരിച്ച് ഹാരാര്‍പ്പണം നടത്തിയതിനെതിരെയായിരുന്നു 2018ല്‍ ഉദ്ദവ് താക്കറെയുടെ പരാമര്‍ശം. ചെരിപ്പിച്ച് ഹാരാര്‍പ്പണം നടത്തിയ ആളെ ചെരിപ്പുകൊണ്ട് അടിക്കണം എന്നായിരുന്നു പറഞ്ഞത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്.

നാരായണ്‍ റാണെക്കെതിരെ സാമ്‌നയില്‍ വന്ന ലേഖനത്തിലെ പരാമര്‍ശം ചൂണ്ടിക്കാണിച്ചാണ് രശ്മി താക്കറെക്കെതിരായ പരാതി. നാരായണ്‍ റാണെക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് വരുണ്‍ സര്‍ദേശായിക്കെതിരെ പരാതി.

Related Stories

No stories found.
logo
The Cue
www.thecue.in