പ്രകടമായി സഹാനുഭൂതി കാണിക്കുക; ജനരോഷം പ്രതിരോധിക്കാൻ ബിജെപി നേതാക്കൾക്ക് തന്ത്രങ്ങൾ നിർദേശിച്ച് നദ്ദ

പ്രകടമായി സഹാനുഭൂതി കാണിക്കുക; ജനരോഷം പ്രതിരോധിക്കാൻ ബിജെപി നേതാക്കൾക്ക് തന്ത്രങ്ങൾ നിർദേശിച്ച് നദ്ദ
Published on

ന്യൂദൽഹി: കൊവിഡ് രണ്ടാം തരം​ഗം പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ട പശ്ചാത്തലത്തിൽ ജനരോഷം തണുപ്പിക്കാൻ ബിജെപി നേതാക്കൾക്ക് നിർദേശം നൽകി പാർട്ടിയുടെ ദേശീയ നേതൃത്വം. പ്രകടമായി ബിജെപി നേതാക്കൾ സഹാനുഭൂതിയോടെയും അനുതാപത്തോടെയും ജനങ്ങളോട് പെരുമാറണമെന്നാണ് പാർട്ടി നൽകിയ നിർദേശം.

നേതാക്കൾ സ്വയം നേതൃത്വമെടുത്ത് സാമൂഹിക പ്രവർത്തനങ്ങളിൽ ഇടപെടണമെന്നും ബിജെപിയുടെ ദേശീയ നേതൃത്വം ആവശ്യപ്പെടുന്നു. കോവിഡ് ബാധിതരായവർക്ക് മരുന്ന് വിതരണം ചെയ്യുക, ആശുപത്രി ബെഡുകൾ ലഭിക്കുന്നതിനുള്ള സഹായം ചെയ്യുക, ഓക്സിജൻ ബെഡ് ഉറപ്പാക്കുക തുടങ്ങിയ പ്രവർത്തനങ്ങളിൽ ഇടപെടണമെന്നാണ് ബിജെപി ദേശീയ നേതൃത്വം സംസ്ഥാനങ്ങളിലെ നേതാക്കൾക്ക് നിർദേശം നൽകിയിരിക്കുന്നത്.

​ഗ്രാമീണ മേഖലകളിൽ കോവിഡ് പടരുന്ന പശ്ചാത്തലത്തിലാണ് പുതിയ നടപടി. കോൺ​ഗ്രസ് സർക്കാരിനെ തകർക്കാൻ ടൂൾകിറ്റ് നിർമ്മിക്കുന്നുവെന്ന ബിജെപിയുടെ വാദം പൊളിഞ്ഞതിന് പിന്നാലെയാണ് ജനങ്ങളിലേക്കെത്താൻ പാർട്ടി പുതിയ നീക്കത്തിന് പദ്ധതിയിടുന്നത്.

കോവിഡ് പുനരധിവാസ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകണമെന്നും, കോവിഡ് മൂലം അനാധരായ കുട്ടികളെ സഹായിക്കണമെന്നും നേതാക്കൾക്ക് നിർദേശമുണ്ട്. എംപിമാരും എംഎൽഎമാരും കോവിഡ് അനുബന്ധ പ്രതിസന്ധികൾ അനുഭവിക്കുന്നവരെ സന്ദർശിക്കണമെന്നും അവരുടെ കുടുംബാം​ഗങ്ങളോടൊപ്പം നിൽക്കണമെന്നും ബിജെപി ദേശീയാധ്യക്ഷൻ ജെപി നദ്ദ നിർദേശം നൽകിയിട്ടുണ്ട്.

എൻഡിഎ സർക്കാരിന്റെ വാർഷിക ആഘോഷ പരിപാടികൾ സംഘടിപ്പിക്കരുതെന്നും നദ്ദ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കെഴുതിയ കത്തിൽ പറയുന്നു. ഇതിനോടകം 3000 ഹെൽപ്പ് ലൈനുകൾ ബിജെപി രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ പ്രവർത്തിപ്പിക്കാൻ ആരംഭിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in