അഖണ്ഡഭാരതമെന്ന് പറഞ്ഞ് ബിജെപി വൈവിധ്യങ്ങളെ കശാപ്പ് ചെയ്യുന്നു, ഐക്യമല്ല അധികാരമാണ് അവര്‍ക്ക് മുഖ്യമെന്ന് കനിമൊഴി

അഖണ്ഡഭാരതമെന്ന് പറഞ്ഞ് ബിജെപി വൈവിധ്യങ്ങളെ കശാപ്പ് ചെയ്യുന്നു, ഐക്യമല്ല അധികാരമാണ് അവര്‍ക്ക് മുഖ്യമെന്ന് കനിമൊഴി
Published on

കേന്ദ്രസര്‍ക്കാര്‍ വിവിധ മാര്‍ഗ്ഗങ്ങളിലൂടെ സംസ്ഥാനത്തിന്റെ അധികാരം കവര്‍ന്നെടുക്കുകയാണെന്നും അതിനായി അന്യായമായി ബില്ലുകള്‍ പാസാക്കുകയാണെന്നും ഡിഎംകെ നേതാവ് കനിമൊഴി. മുമ്പ് സ്റ്റേറ്റ് ലിസ്റ്റില്‍ ഉണ്ടായിരുന്ന പലതും കണ്‍കറന്റ് ലിസ്റ്റിലേക്ക് മാറ്റി കേന്ദ്രം ഇടപെടല്‍ നടത്തുകയാണ്. വിദ്യാഭ്യാസത്തിലടക്കം അതിന്റെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ഗവര്‍ണര്‍മാര്‍ എല്ലാ പരിധിയും കടന്ന് സംസ്ഥാന ഭരണത്തെ അസ്ഥിരപ്പെടുത്തുകയാണെന്നും മുഖ്യമന്ത്രിയെ പോലെ പെരുമാറുകയാണെന്നും കനിമൊഴി പറഞ്ഞു. കേന്ദ്ര-സംസ്ഥാന ബന്ധം എന്ന വിഷയത്തില്‍ ആള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ എറണാകുളം ടൗണ്‍ ഹാളില്‍ ചൊവ്വാഴ്ച സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. സെമിനാറില്‍ കേന്ദ്രസര്‍ക്കാരിന്റെ സംസ്ഥാനങ്ങളോടുള്ള സമീപനത്തെ കനിമൊഴി നിശിതമായി വിമര്‍ശിച്ചു.

കശ്മീര്‍ ബില്ല് വന്നപ്പോള്‍ പാര്‍ലിമെന്റിനകത്തിരിക്കുന്ന ഞങ്ങള്‍ക്കാര്‍ക്കും അതിനെ കുറിച്ച് ഒരു അറിവുണ്ടായിരുന്നില്ല. ഞങ്ങള്‍ക്കത് ഒരു പുതുമയൊന്നുമായിരുന്നില്ല. എം.പിമാര്‍ക്ക് വിതരണം ചെയ്യാതെ എത്രയോ ബില്ലുകള്‍ പാസാക്കപ്പെട്ടിരിക്കുന്നു. അങ്ങനെ പാസാക്കുന്ന ബില്ലുകളിലൂടെ സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്നു. ഭരണഘടനാ ശില്പിയായ അംബേദ്കര്‍ ഇങ്ങനെയൊരു അവസ്ഥ ഒരിക്കലും മുന്‍കൂട്ടി കണ്ടിരിക്കില്ല. ഇത്തരം അധികാര കവര്‍ച്ചകള്‍ക്കെതിരെ എപ്പോഴൊക്കെ ചോദ്യമുന്നയിക്കുന്നോ അപ്പോഴൊക്കെ അവര്‍ പറയുന്നത് കേന്ദ്രസര്‍ക്കാരിനെ ശക്തിപ്പെടുത്താനാണെന്നാണ്. ഇത് തീര്‍ത്തും ഭരണഘടനാ വിരുദ്ധമാണ്- കനിമൊഴി വ്യക്തമാക്കി.

പ്രാദേശികമായ മൂല്യങ്ങളെ ബിജെപി വകവെക്കുന്നില്ലെന്നും അഖണ്ഡഭാരതമെന്ന് പറഞ്ഞ് വൈവിധ്യങ്ങളെ കശാപ്പ് ചെയ്യുകയാണ് എന്നും അവര്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. 'ഇന്ന് നാം പ്രാദേശിക സ്വത്വത്തെ കുറിച്ച് പറയുമ്പോള്‍, പ്രാദേശിക ഭാഷയെ കുറിച്ച് പറയുമ്പോള്‍, പ്രാദേശിക മൂല്യങ്ങളെ കുറിച്ച് പറയുമ്പോള്‍ നാം രാജ്യദ്രോഹികളായി മാറുന്നു. അവര്‍ക്കൊരിക്കലും ഭിന്നമായിരിക്കുന്ന അവസ്ഥയെ കുറിച്ച് മനസ്സിലാക്കാന്‍ കഴിയുന്നില്ല.'

പ്രസംഗത്തിന്റെ പ്രസക്ത ഭാഗം:

ഞാനിന്ന് ഇവിടെ നില്‍ക്കുന്നത് ഒരു ഇന്ത്യക്കാരിയായിട്ടാണ്, അതുപോലെ തമിഴുമാണ്. എഴുത്തുകാരിയും കവയത്രിയും പാര്‍ട്ടി കേഡറും നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയും അമ്മയും മകളുമൊക്കെയാണ്. ഒന്നും അന്യോന്യം ബന്ധിപ്പിക്കേണ്ടതില്ല. നമുക്ക് പലരായും പലതായും ഒരേസമയം നില്‍ക്കാന്‍ കഴിയണം. പക്ഷെ നമ്മുടെ കേന്ദ്ര സര്‍ക്കാര്‍ ഇതൊരിക്കലും മനസ്സിലാക്കുന്നില്ല. ഈ രാജ്യം വൈവിധ്യത്തിലാണ് നിലനില്‍ക്കുന്നത്. അതിലൂടെയാണ് ഐക്യമുണ്ടാക്കുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ കരുതുന്നത് ഈ രാജ്യത്ത് ഒരു മതം മാത്രമേ പാടുള്ളൂ എന്നും ഒരു ഭാഷയെ വേണ്ടതുള്ളൂ എന്നുമാണ്. ഇപ്പോഴവര്‍ സംസ്ഥാനങ്ങളെ അപ്രസക്തമാക്കി ഒരൊറ്റ കേന്ദ്രഭരണസംവിധാനത്തിനാണ് ശ്രമിക്കുന്നത്. അതിനുവേണ്ടിയവര്‍ എല്ലാ സംസ്ഥാനങ്ങളെയും നിശബ്ദരാക്കുന്നു, അധികാരമില്ലാത്തവരാക്കുന്നു.

ഡിഎംകെ സ്ഥാപകനായ അണ്ണാ പറഞ്ഞിരുന്ന ഒരു കാര്യമുണ്ട്, 'ആട്ടുക്ക് താടി എതുക്ക്, നാട്ടുക്ക് ഗവര്‍ണര്‍ എതുക്ക്'. ആടിന് താടി എന്തിനാണ്? എന്താവശ്യമാണ് അതുകൊണ്ട് നിവര്‍ത്തിക്കാനുള്ളത്. അതുപോലെ ഗവര്‍ണറുടെ ആവശ്യവുമെന്താണ്. അതൊരു സാങ്കേതിക പദവി മാത്രമാണ്. ഇന്നവര്‍ അവരുടെ അതിര്‍വരമ്പുകള്‍ മറികടക്കുന്നു. അവര്‍ മുഖ്യമന്ത്രിമാരെ പോലെ പെരുമാറുന്നു. ബിജെപി ഇതര സംസ്ഥാനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഗവര്‍ണര്‍മാരെ ആയുധമാക്കുകയാണ്. അവര്‍ നിരന്തരം കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നു. പരമ്പരാഗത രീതികള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുന്നത് നാം കാണുന്നു.

സ്റ്റേറ്റ് ലിസ്റ്റില്‍ ഉണ്ടായിരുന്ന വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റിലേക്ക് മാറ്റിയത് കൊണ്ട് നീറ്റ് പരീക്ഷയിലടക്കം ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. കണ്‍കറന്റ് ലിസ്റ്റില്‍ നിന്നും സ്റ്റേറ്റ് ലിസ്റ്റിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ പോരാടുകയാണ്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് എന്താണ് വേണ്ടതെന്ന് അതാത് സംസ്ഥാനങ്ങള്‍ക്കാണ് അറിയുക. നിര്‍ഭാഗ്യവശാല്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ വിദ്യാഭ്യാസ നയം കേരളവും തമിഴ്‌നാടും പോലുള്ള സംസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം പഴഞ്ചനായതാണ്. നമ്മള്‍ അവിടെ നിന്നൊക്കെ എത്രയോ മുന്നോട്ട് പോയിക്കഴിഞ്ഞിരുന്നു. അടുത്ത 30 വര്‍ം കൊണ്ട് എന്ത് നേട്ടമുണ്ടാകും എന്നാണോ പുതിയ നയത്തില്‍ പറയുന്നത് അതെല്ലാം നമ്മള്‍ ഇപ്പോഴേ നേടിക്കഴിഞ്ഞതാണ്. എന്നിട്ടും എന്തിനാണ് നമ്മളീ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാരം താങ്ങുന്നത്? അവരുടെ പുതിയത് നമുക്ക് പഴയതാണ്. കാലഹരണപ്പെട്ടതാണ്.

കേന്ദ്രസര്‍ക്കാരിന് ജനാധിപത്യത്തില്‍ വിശ്വാസമില്ല. ജനങ്ങളാല്‍ തെരെഞ്ഞെടുത്ത സര്‍ക്കാരുകളെ അട്ടിമറിക്കുന്ന എത്രയോ ഉദാഹരണങ്ങള്‍ നമ്മള്‍ ഇതിനോടകം കണ്ടുകഴിഞ്ഞു. അന്വേഷണ ഏജന്‍സികളെ കൊണ്ട് ഭീഷണിപ്പെടുത്തി പാര്‍ട്ടികളെ പിളര്‍ത്തുന്നു. സര്‍ക്കാരുകളെ വീഴ്ത്തുന്നു. കേന്ദ്ര സര്‍ക്കാരിന് ജനങ്ങളുടെ താല്പര്യങ്ങളോട് അനാദരവാണുള്ളത്. അവര്‍ക്കിത് ഒരു ഗെയിം പോലെയാണ്. മാപ്പില്‍ കാവിനിറമില്ലാത്ത ഭാഗങ്ങളില്‍ അവര്‍ ഈ ഗെയിം പ്ലാന്‍ നടത്തുന്നു. ഇത് രാജ്യദ്രോഹമല്ലേ? ഇത് ജനവിരുദ്ധമല്ലേ? ഇതാണ് ജനാധിപത്യത്തോടുള്ള നിങ്ങളുടെ സമീപനമെങ്കില്‍ എനിക്ക് നിങ്ങളോട് ചോദിക്കാനുള്ളത് ഞങ്ങളാണോ അത് നിങ്ങളാണോ യഥാര്‍ത്ഥത്തില്‍ രാജ്യദ്രോഹികള്‍ എന്നാണ്. ജനാധിപത്യത്തോടും ജനങ്ങളോടും ഈ രാജ്യത്തിന്റെ മൂല്യങ്ങളോടും അനാദരവുള്ളവര്‍ തന്നെയാണ് രാജ്യദ്രോഹികള്‍.

ബിജെപിയും കേന്ദ്ര സര്‍ക്കാരും വിചാരിക്കുന്നത് ഒരു മതവും ഒരു ഭാഷയും ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും മാത്രമായാല്‍ ഒരു കെട്ടുറപ്പുള്ള രാജ്യമുണ്ടാകുമെന്നാണ്. എന്നാല്‍ ആ ചിന്ത ഈ രാജ്യത്തെ ഛിന്നഭിന്നമാക്കുകയാണ് ചെയ്യുക. അവര്‍ ഹിന്ദുത്വയെ കുറിച്ചും ഹിന്ദുയിസത്തെ കുറിച്ചും പറയുന്നു. ഇവിടെ ഒരു ഹിന്ദു ആണോ ഉള്ളത്? ഇവിടെ ഒരു ആരാധന രീതിയാണോ ഉള്ളത്? ഭക്ഷണ രീതികള്‍ പോലും വ്യത്യസ്തമാണ്. രാജ്യത്തിന്റെ ഓരോ ഭാഗത്തുള്ള ഹിന്ദുവും ഓരോ തരത്തിലാണ്. അവര്‍ക്കിടയില്‍ അത്രയും വൈവിധ്യമുണ്ട്. അതിനെ എങ്ങനെയാണ് ഏകീകരിക്കാന്‍ സാധിക്കുക? ഇപ്പോഴവര്‍ക്ക് ഭാഷയായി ഹിന്ദി മാത്രം മതി എന്നാണു പറയുന്നത്. സൗത്ത് ഇന്ത്യയില്‍ ഹിന്ദി നിര്‍ബന്ധമാക്കാന്‍ അവര്‍ ആഗ്രഹിക്കുന്നത് അവരുടെ നേതാക്കള്‍ക്ക് ഇവിടെ വന്ന് രാഷ്ട്രീയപ്രസംഗം നടത്താന്‍ മാത്രമാണ്. അതിലൂടെ അധികാരം നേടാനാണ്. അവര്‍ പ്രാധാന്യം കൊടുക്കുന്നത് അധികാരത്തിനു മാത്രമാണ്, അല്ലാതെ രാജ്യമോ ഭാഷയോ മതമോ ഐക്യമോ ഒന്നുമല്ല.

Related Stories

No stories found.
logo
The Cue
www.thecue.in