മോദിക്കെതിരെ പൊള്ളയായ വാദങ്ങള്‍ ഉന്നയിച്ചു, വിദ്വേഷം പ്രചരിപ്പിച്ചു; ടീസ്റ്റയുടെയും സുബൈറിന്റെയും അറസ്റ്റില്‍ ബിജെപി

മോദിക്കെതിരെ പൊള്ളയായ വാദങ്ങള്‍ ഉന്നയിച്ചു, വിദ്വേഷം പ്രചരിപ്പിച്ചു; ടീസ്റ്റയുടെയും സുബൈറിന്റെയും അറസ്റ്റില്‍ ബിജെപി
Published on

മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതള്‍വാഡിന്റെയും ഫാക്ട് ചെക്കിംഗ് മാധ്യമമായ ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന്റെയും അറസ്റ്റില്‍ പ്രതിപക്ഷം പ്രതിഷേധം നടത്തുന്നതിനെതിരെ ബി.ജെ.പി. വിഷമയമായ അന്തരീക്ഷത്തിലാണ് ഇവര്‍ ജീവിക്കുന്നതെന്നും അതുകൊണ്ടാണ് കൂട്ടത്തില്‍ ഒരാള്‍ പിടിയില്‍ ആകുമ്പോള്‍ മറ്റുള്ളവര്‍ പ്രതിഷേധിക്കുന്നതെന്നുമാണ് ബി.ജെ.പി വാദം.

നിതീന്യായ വ്യവസ്ഥയുടെ നടപടികളെ പ്രതിപക്ഷം പിന്തുണയ്ക്കുന്നതും എതിര്‍ക്കുന്നതും അവരുടെ സൗകര്യത്തിനനുസരിച്ചാണെന്ന് ബി.ജെ.പി വക്താവ് ഗൗരവ് ഭാട്ടിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചും നിരന്തരമായ പൊള്ളയായ വാദങ്ങള്‍ ഉന്നയിച്ചുകൊണ്ടിരുന്ന ടീസ്റ്റ സെതള്‍വാഡിനെ, സുപ്രീം കോടതി അനുശാസിച്ചത് പ്രകാരമാണ് അറസ്റ്റ് ചെയ്തതെന്നും ബി.ജെ.പി വക്താവ് പറഞ്ഞു.

വിദ്വേഷം പ്രചരിപ്പിക്കുന്ന ഒരു ചെറിയ ശാഖയാണ് സെതള്‍വാഡ്. അതിന്റെ ആസ്ഥാനം കോണ്‍ഗ്രസും പ്രസിഡന്റ് സോണിയ ഗാന്ധിയാണ് അതിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്നും ബി.ജെ.പി ആരോപിച്ചു.

ഒരാള്‍ സ്വയം പറഞ്ഞതുകൊണ്ട് അയാള്‍ ഫാക്ട് ചെക്കര്‍ ആകുന്നില്ല. സുബൈര്‍ പലതവണ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വിദ്വേഷപരമായ പോസ്റ്റുകള്‍ പങ്കുവെച്ചിട്ടുണ്ട്. അത് രാജ്യത്തെ വലിയ വിഭാഗം ഹിന്ദുമത വിശ്വാസികളുടെയും വികാരത്തെ വ്രണപ്പെടുത്തി. അതുകൊണ്ടാണ് മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തതെന്നും ഭാട്ടിയ പറഞ്ഞു.

പ്രധാന പ്രതിപക്ഷ പാര്‍ട്ടികളെല്ലാം സുബൈറിന്റെയും ടീസ്റ്റയുടെയും അറസ്റ്റില്‍ പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു.

മുഹമ്മദ് സുബൈറിന്റെ അറസ്റ്റിനെ അപലപിച്ച് എഡിറ്റേഴ്സ് ഗില്‍ഡ് രംഗത്തെത്തിയിരുന്നു. സുബൈറിനെ ഉടന്‍ വിട്ടയക്കണമെന്നും എഡിറ്റേഴ്സ് ഗില്‍ഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

സുബൈറിന്റെ അറസ്റ്റിനെ അപലപിച്ച് സി.പി.ഐ.എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തി. സത്യം പറയാനുള്ള അവകാശത്തെ ഇല്ലാതാക്കുകയാണെന്ന് സീതാറാം യെച്ചൂരി പറഞ്ഞിരുന്നു.

മതവികാരം വ്രണപ്പെടുത്തി, വിദ്വേഷം പ്രോത്സാഹിപ്പിച്ചു എന്നീ കുറ്റങ്ങളാണ് സുബൈറിന് മേല്‍ ചുമത്തിയത്. ജൂണ്‍ 19ന് രാത്രി 11 മണിക്കായിരുന്നു സുബൈര്‍ ട്വീറ്റ് ചെയ്തത്. ഇത് കഴിഞ്ഞ് മൂന്ന് മണിക്കൂറിനുള്ളില്‍ തന്നെ അദ്ദേഹത്തിനെതിരെ കേസെടുത്തുവെന്നാണ് എഫ്.ഐ.ആര്‍ രേഖകള്‍ സൂചിപ്പിക്കുന്നത്.

ഹനുമാന്‍ ഭക്ത് എന്ന ട്വിറ്റര്‍ പേരിലുള്ള ഒരാളുടെ പരാതിയിലാണ് കേസ്. എന്നാല്‍ പരാതിക്ക് കാരണമായ ട്വീറ്റില്‍ പ്രശ്‌നമൊന്നുമില്ലെന്ന് കണ്ടെത്തിയെന്നും പൊലീസ് പറയുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ മറ്റൊരു ട്വീറ്റില്‍ മതവിദ്വേഷം വ്രണപ്പെടുത്തുന്ന ഉള്ളടക്കം കണ്ടതിനാലാണ് അറസ്റ്റെന്നാണ് പൊലീസ് വാദം.

Related Stories

No stories found.
logo
The Cue
www.thecue.in