അഭിഭാഷകനായി ബിനീഷ് കോടിയേരി, സുഹൃത്തുക്കള്‍ക്കൊപ്പം കൊച്ചിയില്‍ പുതിയ ഓഫീസ്

അഭിഭാഷകനായി ബിനീഷ് കോടിയേരി, സുഹൃത്തുക്കള്‍ക്കൊപ്പം കൊച്ചിയില്‍ പുതിയ ഓഫീസ്
Published on

മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ ജാമ്യം ലഭിച്ച് ജയില്‍ മോചിതനായ ബിനീഷ് കോടിയേരി മുഴുവന്‍ സമയ അഭിഭാഷകനായി പ്രവര്‍ത്തിക്കും.

സുഹൃത്തുക്കളുമായി ചേര്‍ന്ന് കൊച്ചിയില്‍ പുതിയ ഓഫീസ് ആരംഭിച്ചു. രണ്ട് വര്‍ഷം മുമ്പ് എടുത്ത തീരുമാനമാണ് ഇപ്പോള്‍ നടപ്പിലാക്കുന്നതെന്ന് ബിനീഷ് കോടിയേരി പ്രതികരിച്ചു.

പി.സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്, മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍ മോഹന്‍ദാസിന്റെ മകന്‍ നിനു മോഹന്‍ദാസ് എന്നിവര്‍ക്കൊപ്പമാണ് ബിനീഷ് ഓഫീസ് ആരംഭിച്ചിരിക്കുന്നത്. മൂവരും സഹപാഠികളാണ്.

2006ല്‍ തന്നെ അഭിഭാഷകനായി എന്റോള്‍ ചെയ്തിരുന്നു. എന്നാല്‍ ഈ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നില്ല. ഓഫീസ് തുടങ്ങണമെന്ന് രണ്ട് വര്‍ഷം മുന്‍പ് എടുത്ത തീരുമാനമായിരുന്നു. കൊവിഡ്, തന്റെ പേരില്‍ വന്ന കേസ് അടക്കമുള്ള കാര്യങ്ങളാല്‍ വൈകി പോയതാണെന്നും ബിനീഷ് കോടിയേരി പറഞ്ഞു.

ഒക്ടോബര്‍ 28നാണ് ബിനീഷ് കോടിയേരിക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലെ നാലാം പ്രതിയായിരുന്നു ബിനീഷ്. കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിലെ സെക്ഷന്‍ 19എ, സെക്ഷന്‍ 69 എന്നീ വകുപ്പുകള്‍ ചുമത്തിയായിരുന്നു ഇഡി ബിനീഷിനെതിരായ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.

ലഹരിവസ്തുക്കള്‍ വാങ്ങുന്നതിനായി ബിനീഷ് കള്ളപ്പണം വെളുപ്പിക്കുകയും ലഹരിഇടപാടു കേസിലെ പ്രതികളെ സഹായിക്കുകയും ചെയ്തുവെന്നും കുറ്റപത്രത്തിലുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in