ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നത് തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസിനൊപ്പം ബംഗളൂരു ലഹരിമരുന്ന് കേസിലെയും നിര്‍ണായക നീക്കമെന്ന് സൂചന. കൊച്ചി എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റില്‍ ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിന് ഹാജരായി. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബിനീഷ് കോടിയേരിക്ക് സാവകാശം വേണമെന്ന് അഭിഭാഷകന്‍ ഇഡിയെ അറിയിച്ചിരുന്നുവെങ്കിലും ഇന്ന് തന്നെ ഹാജരാകാനായിരുന്നു നിര്‍ദേശം.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
സ്വപ്നാ സുരേഷിന് തിരുവനന്തപുരത്തെ യുഎഎഫ്എക്സ് സൊലൂഷന്‍ എന്ന കമ്പനിയില്‍ നിന്ന് കമ്മീഷന്‍ ലഭിച്ചതായി ദേശീയ അന്വേഷണ ഏജന്‍സിക്ക് വിവരം ലഭിച്ചിരുന്നു. യുഎഫ്എക്സിന്റെ ഡയറക്ടര്‍മാരിലൊരാളായ അബ്ദുള്‍ ലത്തീഫും ബിനീഷ് കോടിയേരിയും തമ്മില്‍ സാമ്പത്തിക ഇടപാടുകളുണ്ടോ എന്നതും ഇഡി പരിശോധിക്കും. 2018ല്‍ രൂപീകരിച്ച കമ്പനിയാണ് തിരുവനന്തപുരത്തെ യുഎഎഫ്എക്സ്. ബിനാമി-ഹവാല ഇടപാടുകളും ബംഗളൂരു മയക്കുമരുന്ന് കേസിലെ മുഖ്യപ്രതി മുഹമ്മദ് അനൂപിന് ബിനീഷ് സാമ്പത്തിക സഹായം നല്‍കിയെന്ന മൊഴിയും അന്വേഷണ പരിധിയില്‍ വരുമെന്നറിയുന്നു.
തിരുവനന്തപുരത്തെ യു എഫ് എക്സ് സൊലൂഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍ നിന്ന് തനിക്ക് കമ്മീഷന്‍ ലഭിച്ചതായി സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷ് കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു. 2015ന് ശേഷം ബിനീഷ് കോടിയേരി ഡയറക്ടറായി രജിസ്റ്റര്‍ ചെയ്ത ബികെ കാപിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ബി കാപിറ്റല്‍ ഫോറെക്സ് ട്രേഡിംഗ് എന്നീ കമ്പനികള്‍ നിലവില്‍ പ്രവര്‍ത്തനരഹിതമാണ്. അനധികൃത ഇടപാടുകള്‍ക്ക് വേണ്ടിയാണോ ഈ കമ്പനി പ്രവര്‍ത്തിച്ചിരുന്നതെന്നും പരിശോധിക്കും.
സ്വപ്നാ സുരേഷിന്റെ ലോക്കറിലും ബാങ്ക് അക്കൗണ്ടിലുമായി ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തിയ പണത്തിന്റെ ഉറവിടം സംബന്ധിച്ചാണ് 2018ല്‍ രജിസ്റ്റര്‍ ചെയ്ത യുഎഎഫ്എക്സ് എന്ന കമ്പനിക്കെതിരെ അന്വേഷണമുണ്ടായത്. വിദേശ കറന്‍സി കൈമാറ്റത്തിനായാണോ ബികെ ഫോറക്സ് എന്ന കമ്പനി രൂപീകരിച്ചതെന്നും അന്വേഷിക്കുന്നുണ്ട്.