കണ്ണൂര്‍-കോഴിക്കോട് റൂട്ടില്‍ ഓടുന്ന ബസില്‍ നിന്ന് മോശം പെരുമാറ്റം നേരിടേണ്ടി വന്നുവെന്ന് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. സംഭവത്തില്‍ നടക്കാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതായും ബിന്ദു അമ്മിണി പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ഞായറാഴ്ച രാത്രിയാണ് കേസിന് ആസ്പദമായ സംഭവം. രാത്രി എട്ടുണിയോടെ കോഴിക്കോട് പൊയില്‍ക്കാവ് നിന്നും ബസ് കയറിയ തന്നെ ഡ്രൈവര്‍ തന്നോട് ശബരിമയില്‍ കയറിയതിന്റെ പേരില്‍ മോശമായി പെരുമാറിയെന്നാണ് ബിന്ദു അമ്മിണി പറയുന്നത്.
വെസ്റ്റ്ഹില്‍ എത്തിയപ്പോള്‍ ഇറങ്ങണം എന്ന് ആവശ്യപ്പെട്ടെങ്കിലും ബസ് കുറച്ചധികം ദൂരം പോയാണ് നിര്‍ത്തിയതെന്നും ഡ്രൈവര്‍ തെറി പറഞ്ഞെന്നും ബിന്ദു അമ്മിണി പറഞ്ഞു.
കണ്ണൂര്‍-കോഴിക്കോട് റൂട്ടിലെ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളില്‍ നിന്നും തനിക്ക് മുന്‍പും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ബിന്ദു അമ്മിണി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. സുപ്രീംകോടതിയുടെ പ്രൊട്ടക്ഷന്‍ ഉത്തരവ് ഉള്ളയാളാണ് താനെന്നും എന്നാല്‍ താന്‍ ഒരു ദളിത് ആയതിന്റെ പേരില്‍ കേരള പൊലീസ് സംരക്ഷണം നല്‍കാതിരിക്കുകയാണെന്നും ബിന്ദു ആരോപിക്കുന്നുണ്ട്.
'സംഘികളായിട്ടുള്ള ഡ്രൈവര്‍മാരില്‍ നിന്ന് ഒരുപാട് പ്രശ്നങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. ഈ ബസിലെ ഡ്രൈവറുടെ കൈയില്‍ രാഖിയുണ്ട്. കണ്ടക്ടറുടെ നെറ്റിയില്‍ കുറിയും ഉണ്ടായിരുന്നു. അവര്‍ സംഘപരിവാര്‍ അനുഭാവമുള്ള ആളുകളാണെന്ന് എനിക്ക് ആദ്യമേ തോന്നിയിരുന്നു,' ബിന്ദു പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.
സുപ്രീം കോടതി ഉത്തരവ് പ്രകാരം പ്രൊട്ടക്ഷന്‍ ഉത്തരവ് ഉള്ള ആളാണ് താന്‍. പക്ഷെ എന്ത് കാര്യം. ദളിത് ആയാല്‍ മറ്റൊരു നീതി. ഒരേ ഉത്തരവില്‍ ഒരാള്‍ക്ക് സംരക്ഷണം നല്‍കുന്ന കേരള പോലീസ്. തനിക്ക് സംരക്ഷണം നല്‍കാത്തതിന് കാരണം തന്റെ ദളിത് ഐഡന്റിറ്റി തന്നെ എന്ന് കരുതുന്നതില്‍ തെറ്റുണ്ടോ എന്നും ബിന്ദു അമ്മിണി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.
ശബരിമല സ്ത്രീ പ്രവേശന വിധിയ്ക്ക് പിന്നാലെ ബിന്ദു അമ്മിണി അടങ്ങുന്ന സംഘം ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ശ്രമിച്ചിരുന്നു. പിന്നാലെയുണ്ടായ സംഘര്‍ഷങ്ങള്‍ മാനിച്ച് നിക്ക് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് ബിന്ദു അമ്മിണി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതേതുടര്‍ന്ന് ബിന്ദു അമ്മിണിക്ക് സംരക്ഷണം ഏര്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.