ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികളെ വിട്ടയച്ചത് നിയമം ലംഘിച്ചെന്ന് റിപ്പോര്‍ട്ട്. 2014ലെ പുതുക്കിയ നിയമം നിലനില്‍ക്കെ പ്രതികളെ വിട്ടയച്ചത് 1992ലെ പഴയ പോളിസി പ്രകാരമാണ്. 2014ലെ പോളിസി പ്രകാരം ബലാത്സംഗം, കൊലപാതകം തുടങ്ങിയ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് പ്രത്യേക വിടുതല്‍ നല്‍കാനാവില്ല.
സുപ്രീം കോടതി നിര്‍ദേശ പ്രകാരമാണ് പഴയ പോളിസി ഉപയോഗിച്ച് പ്രതികളെ വിട്ടയച്ചതെന്ന് ഗുജറാത്ത് സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വാദം. എന്നാല്‍ സുപ്രീം കോടതി വിഷയത്തില്‍ പഠിക്കാന്‍ സമിതിയെ നിയോഗിക്കാനും തീരുമാനം രണ്ട് മാസത്തിനുള്ളില്‍ അറിയിക്കാനുമാണ് സര്‍ക്കാരിനോട് നിര്‍ദേശിച്ചത്.
പ്രതികളിലൊരാളായ രാധേശ്യാം ഷാ, തന്നെ വിട്ടയക്കണം എന്ന ആവശ്യവുമായി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. 1992ലെ പോളിസി പ്രകാരം വിട്ടയക്കണമെന്നാണ് രാധേശ്യാം ആവശ്യപ്പെട്ടത്. എന്നാല്‍ ഗുജറാത്ത് അല്ല, മഹാരാഷ്ട്ര സര്‍ക്കാര്‍ ആണ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് എന്ന് ചൂണ്ടിക്കാട്ടി ഗുജറാത്ത് ഹൈക്കോടതി അപേക്ഷ തള്ളുകയായിരുന്നു. ഇതിന് പിന്നാലെ രാധേശ്യാം സുപ്രീം കോടതിയെ സമീപിച്ചു.
15 വര്‍ഷവും നാല് മാസവുമായി താന്‍ ജയിലിലാണ് എന്ന് കാണിച്ചാണ് രാധേശ്യാം സുപ്രീം കോടതിയെ സമീപിച്ചത്.
കേസ് പരിഗണിച്ച സുപ്രീം കോടതി പ്രതികളെ വിട്ടയക്കുന്നത് സംബന്ധിച്ച് പഠിക്കുന്നതിനായി ഒരു കമ്മിറ്റിയെ നിയമിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് പഞ്ച്മഹല്‍ ജില്ലാ കളക്ടര്‍ സുജല്‍ മയത്ര അധ്യക്ഷനായ കമ്മിറ്റി, ബില്‍ക്കിസ് ബാനു കേസില്‍ പ്രതികള്‍ക്ക് അനുകൂലമായി റിപ്പോര്‍ട്ട് തയ്യാറാക്കുകയായിരുന്നു. ഇതോടെ കേസിലെ 11 പ്രതികളും ആഗസ്റ്റ് 15ന് ഗോദ്ര സബ്ജയിലില്‍ നിന്നും പുറത്തിറങ്ങി.
2008ല്‍ മുംബൈ പ്രത്യേക കോടതി പ്രതികള്‍ക്ക് കഠിന തടവിന് ശിക്ഷ വിധിക്കുമ്പോള്‍ 1992ലെ വിട്ടയക്കല്‍ നിയമം ഗുജറാത്ത് പിന്തുടരുന്നുണ്ടായിരുന്നു. പ്രതികളുടെ വിട്ടയക്കല്‍ സംബന്ധിച്ച് സുപ്രീം കോടതിയില്‍ എത്തിയപ്പോള്‍ കോടതി അത് 1992ലെ പോളിസി അനുസരിച്ച് സര്‍ക്കാരിന്റെ തീരുമാനത്തിന് വിടുകയായിരുന്നു. 2008ല്‍ പ്രതികളെ ശിക്ഷിക്കുമ്പോള്‍ സംസ്ഥാനത്ത് ആ നിയമം പ്രാബല്യത്തില്‍ ഉണ്ടായിരുന്നു എന്നാണ് സംഭവത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജ് കുമാറിന്റെ പ്രതികരണം.
എന്നാല്‍ ഗുജറാത്തില്‍ 2014ല്‍ പ്രാബല്യത്തില്‍ വന്ന പുതിയ നയമാണ് നിലവിലുള്ളത്. ആരെയൊക്കെ വിട്ടയക്കാം, വേണ്ട എന്നുള്ളത് സംബന്ധിച്ച് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഈ പോളിസിയില്‍ പറയുന്നുണ്ട്. എന്നാല്‍ 1992ലെ പഴയ പോളിസി അനുസരിച്ച് സുപ്രീം കോടതിയുടെ നിര്‍ദേശമനുസരിച്ചാണ് പ്രതികളെ സംസ്ഥാന സര്‍ക്കാര്‍ വിട്ടയച്ചതെന്ന് ഐ.എ.എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.