സിനിമാ പരസ്യത്തെ പോലും ഭയക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍..., ന്നാ താന്‍ കേസ് കൊട് ബഹിഷ്‌കരണത്തില്‍ ബെന്യാമിന്‍

സിനിമാ പരസ്യത്തെ പോലും ഭയക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍..., ന്നാ താന്‍ കേസ് കൊട് ബഹിഷ്‌കരണത്തില്‍ ബെന്യാമിന്‍
Published on

കുഞ്ചാക്കോ ബോബന്‍ നായകനായ 'ന്നാ താന്‍ കേസ് കൊട് ' എന്ന സിനിമ ബഹിഷ്‌കരിക്കുമെന്ന സിപിഎം അനുകൂല സൈബര്‍ അണികളുടെ ആഹ്വാനത്തിനെതിരെ എഴുത്തുകാരന്‍ ബെന്യാമിന്‍. ഒരു സിനിമാ പരസ്യത്തെ പോലും ഭയക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍ നിങ്ങള്‍ക്ക് സാരമായ എന്തോ ബാധിച്ചിരിക്കുന്നു എന്ന് മനസിലാക്കേണ്ടതുണ്ട് എന്ന് ബെന്യാമിന്‍ ഫേസ്ബുക്കില്‍ കുറിച്ചു. സിനിമ തിയറ്ററില്‍ തന്നെ കാണാനാണ് തീരുമാനമെന്നും ബെന്യാമിന്‍.

രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ന്നാ താന്‍ കേസ് കൊട് എന്ന സിനിമയുടെ പത്രപരസ്യത്തില്‍ ' തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ'' എന്ന് തലവാചകമുണ്ടായിരുന്നു. കേരളത്തിലെ റോഡുകളിലത്രയും കുഴിയാണെന്ന ധ്വനിയാണ് ഈ പരസ്യവാചകത്തിലെന്നായിരുന്നു വിമര്‍ശനം. ദേശീയ പാതയിലുള്‍പ്പെടെയുള്ള കുഴി സംസ്ഥാന സര്‍ക്കാരിന്റെ പിഴവായി പര്‍വതീകരിക്കുന്നുവെന്ന വാദവും ഒരു വിഭാഗം ഉയര്‍ത്തി.

കേരളത്തിലെ മുഴുവന്‍ ജനങ്ങളും അനുഭവിക്കുന്ന ഒരു ദുരിതം ഫലിത രൂപേണ പരസ്യവാചകത്തിലുള്‍പ്പെടുത്തി എന്നതിന്റെ പേരില്‍ ഒരു സിനിമയെ ബഹിഷ്‌ക്കരിക്കാനാവശ്യപ്പെടുന്നു ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ വക്താക്കളായ മാര്‍ക്‌സിസ്റ്റ് വെട്ടുകിളികള്‍ എന്ന് മുന്‍ എം.എല്‍.എ വി.ടി ബല്‍റാം. ഇവന്‍മാര്‍ക്ക് പ്രാന്താണെന്നും ബല്‍റാം.

റോഡിലെ കുഴികളെ ട്രോളിയത് ആവിഷ്‌കാര സ്വാതന്ത്ര്യമായി കരുതണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പ്രതികരിച്ചു. റോഡില്‍ കുഴിയുണ്ട്, മനുഷ്യര്‍ കുഴിയില്‍ വീണ് മരിക്കുന്നുമുണ്ട്. സഹികെട്ട് കോടതി സ്വമേധയാ ഇടപെടുന്നുമുണ്ട്. ഈ യാഥാര്‍ഥ്യത്തെ ഒരു സിനിമയുടെ പരസ്യത്തിനുവേണ്ടി ഉപയോഗിച്ച അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യങ്ങള്‍. അതിനെതിരെ മോങ്ങുന്ന അസഹിഷ്ണതയുടെ ആള്‍രൂപങ്ങള്‍ക്ക് നമോവാകം. എന്നിട്ടും മതിയാകുന്നില്ലെങ്കില്‍ 'ന്നാ താന്‍ കേസ് കൊട്' എന്നാണ് ജോയ് മാത്യുവിന്റെ പ്രതികരണം.

സിനിമയുടെ പരസ്യവാചകം എന്നതിനെക്കാള്‍ വിവാദങ്ങളെ ഗൗരവമായി എടുക്കേണ്ടെന്നാണ് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ പ്രതികരണം.

Related Stories

No stories found.
logo
The Cue
www.thecue.in