തെലങ്കാനയിലെ ഒപ്പറേഷന്‍ താമരക്ക് പിന്നാലെ കര്‍ണാടകയിലും ബിജെപിക്കെതിരെ മറ്റൊരു അട്ടിമറി ആരോപണം. ബംഗളൂരുവില്‍ സമ്മതിദായകരെ ബോധവത്കരിക്കാന്‍ എന്ന വ്യാജേനെ വിവരങ്ങള്‍ ശേഖരിച്ചതായി കണ്ടെത്തല്‍. സ്വകാര്യ എന്‍.ജി.ഒ ആണ് കര്‍ണാടക സര്‍ക്കാറിന്റെ ഒത്താശയോടെ വിവരശേഖരണം നടത്തിയത്. 'ദി ന്യൂസ് മിനിറ്റി'ലേയും 'പ്രതിധ്വനി' എന്ന കന്നഡ മാധ്യമസ്ഥാപനത്തിലെയും ആറ് മാധ്യമപ്രവര്‍ത്തകര്‍ സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്ത് വന്നത്. തെരഞ്ഞെടുപ്പുകളെ അട്ടിമറിക്കാന്‍ പോന്നതാണ് വിവരശേഖരണം എന്ന് ദി ന്യൂസ് മിനിറ്റ് പറയുന്നു.
സ്വകാര്യ എന്‍.ജി.ഒ ആയ ചിലുമെ എഡുക്കേഷനല്‍ കള്‍ച്ചറല്‍ & റൂറല്‍ ഡവലപ്പ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന് വോട്ടര്‍മാരെ ബോധവത്കരിക്കാന്‍ ബി.ബി.പി.എം അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇതിന്റെ മറവില്‍ വിവരശേഖരണം നടത്തുകയാണ് ഉണ്ടായതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. എന്‍.ജി.ഒയുടെ കരാര്‍ തൊഴിലാളികള്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരാണെന്ന് (BLO) തെറ്റിദ്ധരിപ്പിച്ചാണ് വിവരശേഖരണം നടത്തിയിരിക്കുന്നത്. വ്യാജ ഐഡി കാര്‍ഡുകളും കണ്ടെത്തിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ രാജിക്കായി കോണ്‍ഗ്രസ്
സംഭവത്തില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ രാജി വെക്കണമെന്ന് കോണ്‍ഗ്രസ് പറഞ്ഞു. 'എങ്ങനെയാണ് ഒരു സ്വകാര്യ എന്‍.ജി.ഒക്ക് സമ്മതിദായകരുടെ വിവരശേഖരണം നടത്താന്‍ കഴിയുക?. സ്വകാര്യ സ്ഥാപനത്തിലെ കരാര്‍ തൊഴിലാളികള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇത് ചെയ്തിരിക്കുന്നത്. അവര്‍ക്കെങ്ങനെയാണ് വോട്ടര്‍മാരുടെ ഐഡി കാര്‍ഡും ആധാര്‍ കാര്‍ഡും മറ്റു വിവരങ്ങളും ശേഖരിക്കാന്‍ കഴിയുക? ഇത് സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമല്ലേ?. 'രണ്‍ദീപ് സിംഗ് സുർജേവാല വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. കര്‍ണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയാണ് രണ്‍ദീപ് സിംഗ്. കര്‍ണാടകയിലെ ഉന്നത വിദ്യാഭ്യാസ മന്ത്രിയായ ഡോ. സിഎന്‍ അശ്വന്ത് നാരായണന് ബന്ധമുള്ള സ്ഥാപനമാണ് ഈ എന്‍.ജി.ഒ എന്നും കോണ്‍ഗ്രസ് ആരോപിച്ചു.
'കോണ്‍ഗ്രസ് മുമ്പ് ചെയ്തത് ബിജെപി ഇപ്പോള്‍ ചെയ്യുന്നു'
കോണ്‍ഗ്രസ് മുമ്പ് ചെയ്തതാണ് ബിജെപി ഇപ്പോള്‍ ചെയ്യുന്നത് എന്നാണ് ജെഡി(എസ്) നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമി പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപി സ്വകാര്യ സ്ഥാപനത്തിന് കരാര്‍ നല്‍കിയിരിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. 'ഈ സ്ഥാപനം മുമ്പും തട്ടിപ്പ് നടത്തിയിട്ടുണ്ട്. അന്ന് പിടിക്കപ്പെടുമെന്നായപ്പോള്‍ രാത്രിക്ക് രാത്രി രേഖകള്‍ കത്തിച്ച് കളഞ്ഞു.' കുമാരസ്വാമി ആരോപിച്ചു.