ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബെഫി)ക്കെതിരായ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ പ്രസ്താവനയ്‌ക്കെതിരെ സംഘടന. ബി.ജെ.പി നേതൃത്വത്തിന് സംഘടനയോടുള്ള എതിര്‍പ്പ് നോട്ട് നിരോധന കാലത്തേ തുടങ്ങിയതാണെന്നും ബെഫി സംസ്ഥാന കമ്മറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
മാര്‍ച്ചില്‍ നടന്ന ദ്വിദിന ദേശീയ പണിമുടക്ക് മൂലധന ശക്തികള്‍ക്ക് വലിയ അലോസരമുണ്ടാക്കിയിട്ടുണ്ട് എന്നത് അടുത്തിയിടെ ട്രേഡ് യൂണിയന്‍ സംഘടനകളെ കരിവാരി തേക്കാന്‍ നടത്തുന്ന ആസൂത്രിത നീക്കങ്ങളില്‍ നിന്ന് വ്യക്തമാണെന്നും ബെഫി പ്രതികരിച്ചു.
അഗ്രസ്സീവ് ട്രേഡ് യൂണിയനിസത്തിനെതിരെ സി.ഐ.എയും ഐ.എ.എസ് അസോസിയേഷന്‍ തുടങ്ങി, കെ.എസ്.ഇ.ബി ചെയര്‍മാന്‍ വരെ നടത്തിക്കൊണ്ടിരിക്കുന്ന ജല്‍പനങ്ങള്‍ ഈ ഗണത്തില്‍പ്പെടുന്നവയാണ്.
മൂലധനശക്തികളില്‍ നിന്നും ഇലക്ടറല്‍ ബോണ്ട് വഴി ലഭിക്കുന്ന പണ ശക്തിയില്‍ അധികാരം നിലനിര്‍ത്തുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ സുരേന്ദ്രനില്‍ നിന്നും മറിച്ചൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നും ബെഫി വ്യക്തമാക്കി.
മോഡിയും ഇഡിയും പോക്കറ്റില്‍ ഉള്ളതുകൊണ്ട് മാത്രം കുഴല്‍പ്പണക്കേസല്‍ ജയിലില്‍ പോകേണ്ടതിന് പകരം ബി.ജെ.പി അധ്യക്ഷ സ്ഥാനത്ത് തുടരുന്ന സുരേന്ദ്രന്‍ ഒരു കാര്യം ഓര്‍ക്കുന്നത് നന്ന്, നോട്ട് നിരോധന കാലത്ത് താങ്കളും താങ്കളുടെ പാര്‍ട്ടിയും പ്രധാനമന്ത്രിയും പുറമേക്ക് അവകാശപ്പെട്ട ഒന്നും രാജ്യത്ത് നടപ്പായില്ല എന്ന് മാത്രമല്ല, ബെഫിയടക്കമുള്ള ട്രേഡ് യൂണിയന്‍ സംഘടനകള്‍ ചൂണ്ടിക്കാട്ടിയ പോലെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുകയാണ് ഉണ്ടായത് എന്ന് ജനങ്ങള്‍ തിരിച്ചറിയുന്നു.
പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവല്‍ക്കരിച്ച് ചങ്ങാത്ത മുതലാളിമാര്‍ക്ക് കൈമാറുന്നതിനെതിരെയുള്ള പ്രചരണം ശക്തിയായി തുടരാന്‍ താങ്കളുടെ പ്രസ്താവന പ്രചോദനമായതില്‍ ഞങ്ങള്‍ക്കുള്ള നന്ദി അറിയിക്കട്ടെ. കൂട്ടത്തില്‍ ബി.എം.എസിനെ കൂടി പോപ്പുലര്‍ ഫ്രണ്ടിനോട് ഉപമിക്കരുത് എന്ന ഒരഭ്യര്‍ത്ഥനയുണ്ട്.
കാരണം ദ്വിദിന ദേശീയ പണിമുടക്കില്‍ പങ്കെടുത്തില്ലെങ്കിലും ബിഎംഎസ് പണിമുടക്കില്‍ ഉന്നയിച്ച വിഷയങ്ങളോട് യോജിപ്പുള്ളവരായിരുന്നു. പണിമുടക്കിനെ എതിര്‍ത്തില്ല എന്നു മാത്രമല്ല പണിമുടക്ക് വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതാനും ബിഎംഎസ് തയ്യാറായി. 2015 വരെ ബിഎംഎസ് സംയുക്ത ട്രേഡ് യൂണിയന്‍ സമിതിയുടെ ഭാഗമായിരുന്നതും താങ്കളെ ഓര്‍മ്മിപ്പിക്കേണ്ടതില്ലല്ലോ. സുരേന്ദ്രന്റെ ദുഷ്പ്രചരണങ്ങളെ തികഞ്ഞ അവജ്ഞയോടെ ഞങ്ങള്‍ തള്ളിക്കളയുന്നതോടൊപ്പം സംഘടനയുടെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്നെന്നും ബെഫി സംസ്ഥാന കമ്മറ്റി പ്രസ്താവനയില്‍ പറഞ്ഞു.