ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച തൃപ്തികരമല്ലായിരുന്നുവെന്ന് ഡബ്ല്യു.സി.സി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ എന്തുകൊണ്ട് അത്തരമൊരു വിമര്‍ശനം ഉന്നയിച്ചുവെന്ന് പറയുകയാണ് ചലചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്സണും ഡബ്ല്യു.സി.അംഗവുമായ ബിനാ പോള്‍.
ഈ നിര്‍ദേശങ്ങള്‍ ആര്‍ക്ക് വേണമെങ്കിലും എഴുതാം
സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കണമെന്ന ആവശ്യം ഡബ്ല്യു.സി.സി ഉന്നയിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ചില പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. ഇന്നലെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ ആ പ്രതീക്ഷകള്‍ പ്രതിഫലിച്ചില്ല എന്നതാണ് ഞങ്ങളുടെ ആശങ്ക.
ഒരു പഠനത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശങ്ങള്‍ വന്നിരിക്കുന്നത് എന്നാണല്ലോ പറയുന്നത്. അതില്‍ കുറേ കാര്യങ്ങള്‍ നിര്‍ദേശങ്ങളായി എഴുതിയതുകൊണ്ട് മാത്രം ഒന്നും മനസിലായിട്ടില്ല. ഇത് ആര്‍ക്ക് വേണമെങ്കിലും എഴുതാം.
ഡബ്ല്യു.സി.സി ആരംഭിച്ച സമയത്ത് ഈ നിര്‍ദേശങ്ങള്‍ ഞങ്ങള്‍ മുന്നോട്ട് വെച്ചിരുന്നു. വര്‍ഷങ്ങളെടുത്ത് ഒരു പഠനം നടത്തിയിട്ട് ഈ നിര്‍ദേശങ്ങള്‍ പോരാ എന്ന് തോന്നിയത് കൊണ്ടാണ് ഞങ്ങള്‍ തൃപ്തികരമല്ല എന്ന് പറഞ്ഞത്. പക്ഷേ നിരാശയൊന്നുമില്ല. ഇത്തരമൊരു ചര്‍ച്ച നടത്തുന്നത് തന്നെ മലയാള സിനിമയില്‍ ആദ്യമായാണ്. അതിനെ ഡബ്ല്യു.സി.സി സ്വാഗതം ചെയ്യുന്നു.
ഏത് ഡാറ്റയുടെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദേശങ്ങള്‍
പഠനത്തിലൂടെ ലഭിച്ച ഏത് ഡാറ്റയുടെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദേശങ്ങള്‍ എന്നൊന്നും പറയുന്നില്ല. മാത്രവുമല്ല നിര്‍ദേശങ്ങള്‍ എങ്ങനെ നടപ്പിലാക്കണമെന്നതിലും വ്യക്തതയില്ല. തുല്യ വേതനവുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഒരു വ്യക്തത വരുത്താന്‍ ആയിട്ടില്ല.
എല്ലാവര്‍ക്കുമാണോ തുല്യ വേതനം, സ്ത്രീകള്‍ക്കാണോ, മേഖല തിരിച്ചാണോ എന്നതുമായി ബന്ധപ്പെട്ട് നമുക്ക് ഒന്നും മനസിലായിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
അതേസമയം ഈ തട്ടില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇത്തരമൊരു പ്രശ്‌നം നിലനില്‍ക്കുന്നുണ്ട് അതിന് പരിഹാരം ഇതാണ് എന്നതൊക്കെ പഠനം നടത്തിയവര്‍ക്ക് പറയാമല്ലോ. ആ വ്യക്തത നമുക്ക് കാണാന്‍ പറ്റിയില്ല. ഈ നിര്‍ദേശങ്ങള്‍ പറയാന്‍ പഠനം ആവശ്യമില്ല, ഇല്ലാതെ തന്നെ പറയാവുന്നതാണ്.
തുല്യ വേതനം അമ്മ എതിര്‍ത്തോ?
യോഗത്തില്‍ അങ്ങനെ ഒന്നും നടന്നിട്ടില്ല. തുല്യ വേതനം എന്താണെന്ന് ആര്‍ക്കും മനസിലായിട്ടില്ല എന്നതാണ് സത്യം. ഒരു വ്യക്തതയില്ലായ്മ ഉണ്ടായിരുന്നു. അത് എങ്ങനെ നടപ്പിലാക്കും, എന്ത് ഏത് എന്നതൊന്നും പറഞ്ഞിട്ടില്ല.
ഒരു ക്യാമറ പേഴ്‌സണും ലൈറ്റ് ബോയ്ക്കും ഈക്വല്‍ വേജ് എന്ന് പറയാന്‍ പറ്റുമോ? ആര് തമ്മിലാണ് ഈ ഈക്വല്‍ വേജ്, ആരാണ് ഈ 'ഈക്വല്‍ ടു ഈക്വല്‍' എന്ന് പറയുന്നത് എന്നതൊന്നും നിര്‍വചിക്കപ്പെട്ടിട്ടില്ല.
വ്യക്തതയ്ക്കായി ഞങ്ങള്‍ ചോദ്യം ഉന്നയിച്ചിരുന്നു. ഈ നിര്‍ദേശത്തിന്റെ അര്‍ത്ഥമെന്താണ് എന്ന് മനസിലായില്ല എന്നത് യോഗത്തില്‍ തന്നെ പറഞ്ഞു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പഠിക്കാനുണ്ട് എന്നായിരുന്നു മറുപടി.
ഡബ്ല്യുസിസിക്ക് വേറെ ഉദ്ദേശ്യം ഉണ്ടോ?
മന്ത്രി സജി ചെറിയാന് ഞങ്ങള്‍ പറയുന്ന കാര്യം കൃത്യമായിട്ട് മനസിലായിട്ടില്ല എന്നാണ് എനിക്ക് തോന്നുനനത്. നമുക്ക് വേറെ ഒരു ഉദ്ദേശ്യവും ഇല്ല. ഞങ്ങള്‍ സര്‍ക്കാരിന്റെ കൂടെ തന്നെ വര്‍ക്ക് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
ഹേമ കമ്മീഷന്‍ എന്ത് അടിസ്ഥാനത്തിലാണ് ഇതൊക്കെ പറഞ്ഞിരിക്കുന്നത് എന്നറിയണം. വേറെ ഒരു ഉദ്ദേശ്യവും ഡബ്ല്യു.സി.സിക്ക് ഇല്ല. സര്‍ക്കാരിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ച് തന്നെ ഈ മേഖല നന്നാകണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.