ബീഫ് ഇഷ്ടമാണെന്ന് 2011 ല്‍ പറഞ്ഞു, രണ്‍ബീര്‍ കപൂറിനെയും ആലിയ ഭട്ടിനെയും ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് തടഞ്ഞ് ബജ്‌റംഗ്ദള്‍

ബീഫ് ഇഷ്ടമാണെന്ന് 2011 ല്‍ പറഞ്ഞു, രണ്‍ബീര്‍ കപൂറിനെയും ആലിയ ഭട്ടിനെയും ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് തടഞ്ഞ് ബജ്‌റംഗ്ദള്‍
Published on

മധ്യപ്രദേശിലെ ഉജ്ജയിനില്‍ മഹാകാളി ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂറിനെയും ആലിയ ഭട്ടിനെയും തടഞ്ഞ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം. രണ്‍ബീര്‍ കപൂറിന്റെ 2011ല്‍ കൊടുത്ത ഒരു അഭിമുഖത്തിലെ ബീഫ് കഴിക്കുന്നത് ഇഷ്ടമാണെന്ന പരാമര്‍ശത്തെ തുടര്‍ന്നാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇരുവരെയും തടഞ്ഞത്. തുടര്‍ന്ന് പൊലീസമായി വാക്കേറ്റം ഉണ്ടാവുകയും പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് ചൂരല്‍ പ്രയോഗിക്കുകയും ചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 353 പ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

ബീഫ് കഴിക്കുന്നത് നല്ലതാണെന്ന് പറഞ്ഞതോടെ രണ്‍ബീര്‍ കപൂര്‍ 'ഗോമാത'യെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. രണ്‍ബീറും ആലിയയും ക്ഷേത്രത്തിലെത്തിയ ഉടന്‍ പ്രവര്‍ത്തകര്‍ ജയ് ശ്രീറാം മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയെന്നും ഇരുവരെയും ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പുതിയ ചിത്രമായ ബ്രഹ്‌മാസ്ത്രയുടെ റിലീസിന് മുന്നോടിയായിട്ടായിരുന്നു സംവിധായകന്‍ അയാന്‍ മുഖര്‍ജിയ്ക്കൊപ്പമായിരുന്നു ഇരുവരും ക്ഷേത്രത്തിലെത്തിയത്. ബജ്‌റംഗദള്ളിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് രണ്‍ബീറും ആലിയയും ക്ഷേത്രത്തില്‍ പ്രവേശിക്കാനാകാതെ തിരിച്ചു പോയി. ഇരുവരെയും ആരും തടഞ്ഞിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരം തിരിച്ചുപോവുകയുമായിരുന്നും ഒരു കലാകാരനെന്ന നിലയില്‍ ജനങ്ങളുടെ വികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തരുതായിരുന്നുവെന്നും മധ്യപ്രദേശ് ആഭ്യന്തരമന്ത്രി എന്‍ മിശ്ര സംഭവത്തെക്കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞു.

2011ല്‍ രണ്‍ബീര്‍ നല്‍കിയ ഒരു അഭിമുഖത്തിലായിരുന്നു തനിക്ക് ബീഫ് ഇഷ്ടമാണെന്ന് പറഞ്ഞത്. ബോളിവുഡ് താരങ്ങളെയും ചിത്രങ്ങളെയും ബോയ്‌കോട്ട് ചെയ്യാന്‍ അടുത്തിടെ സംഘ്പരിവാര്‍ പ്രചാരകരില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നുമെല്ലാം ഒരുപാട് ആഹ്വാനങ്ങള്‍ ഉണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു പഴയ രണ്‍ബീറിന്റെ അഭിമുഖം വീണ്ടും പ്രചരിപ്പിക്കപ്പെട്ടതും, ബോയ്‌കോട്ട് ക്യാമ്പയിന്‍ ആരംഭിച്ചതും.

Related Stories

No stories found.
logo
The Cue
www.thecue.in