വടിവാള്‍ നിര്‍ബന്ധിച്ച് പിടിപ്പിച്ച് ഫോട്ടോയെടുക്കാന്‍ ശ്രമം; യുവാവ് ആക്രമണത്തിന് ഇരയായ സംഭവത്തില്‍ വീഡിയോ പുറത്ത്

വടിവാള്‍ നിര്‍ബന്ധിച്ച് പിടിപ്പിച്ച് ഫോട്ടോയെടുക്കാന്‍ ശ്രമം; യുവാവ് ആക്രമണത്തിന് ഇരയായ സംഭവത്തില്‍ വീഡിയോ പുറത്ത്
Published on

കോഴിക്കോട് ബാലുശ്ശേരിയിലെ പാലോളിയില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ജിഷ്ണു രാജിനെ ഉപദ്രവിക്കുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത് വന്നു. മര്‍ദ്ദനത്തിന് ശേഷം പൊലീസ് സ്ഥലത്തെത്തിയപ്പോഴുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്. എസ്.ഡി.പി.ഐയുടെ ഫ്ളക്സ് കീറിയെന്നാരോപിച്ചായിരുന്നു ആക്രമണം നടത്തിയതെന്നാണ് ഡിവൈഎഫ്‌ഐ ആരോപണം.

പൊലീസിന്റെ മുന്നില്‍ വെച്ച് വടിവാള്‍ നിര്‍ബന്ധിച്ച് പിടിപ്പിച്ച് ഫോട്ടോയെടുക്കാന്‍ ശ്രമിക്കുന്നതാണ് പുറത്തുവന്ന വീഡിയോയിലുള്ളത്. പൊലീസ് ഇത് അനുവദിക്കാതിരുന്നതോടെ തെറി വിളിക്കുന്നതും കയര്‍ക്കുന്നതും വീഡിയോയില്‍ കാണാം.

വ്യാഴാഴ്ചയാണ് ജിഷ്ണുവിനെ ആള്‍ക്കൂട്ട വിചാരണ ചെയ്ത് മര്‍ദ്ദിച്ച ശേഷം വടിവാള്‍ പിടിപ്പിച്ച് കുറ്റസമ്മതം നടത്തിക്കുന്ന വീഡിയോ പുറത്തുവന്നത്. ഇത് നിര്‍ബന്ധിച്ച് പിടിപ്പിച്ചതാണെന്നും കുറ്റസമ്മതം നടത്തിച്ചതാണെന്നും ജിഷ്ണു പിന്നീട് പറഞ്ഞിരുന്നു.

സംഭവത്തില്‍ 30 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ഡിവൈഎഫ്‌ഐ തിക്കുറ്റിശ്ശേരി നോര്‍ത്ത് യൂണിറ്റ് സെക്രട്ടറിയാണ് ജിഷ്ണു രാജ്.

ഒന്നരമണിക്കൂറോളം മര്‍ദ്ദനത്തിനിരയായ യുവാവിനെ പൊലീസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. വധശ്രമം, പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമം, ജാതിപ്പേര് വിളിച്ച് അധിക്ഷേപം, തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച്‌പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in