നടിയെ ആക്രമിച്ച കേസില്‍ ബാലചന്ദ്രകുമാര്‍ തന്നെ ഭീഷണിപ്പെടുത്തിയതായി ദിലീപ്. ജാമ്യത്തിനായി നെയ്യാറ്റിന്‍കര ബിഷപ്പിനെ ഇടപെടുത്തിയെന്ന് അവകാശപ്പെട്ട് ബാലചന്ദ്രകുമാര്‍ പലപ്പോഴായി പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്നും ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍.
ദിലീപ് സത്യവാങ്മൂലത്തില്‍ പറഞ്ഞത്
ബാലചന്ദ്രകുമാറുമായി തനിക്ക് അടുപ്പമുണ്ടായിരുന്നു. നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായതിന് പിന്നാലെ ജാമ്യം കിട്ടുന്നതിന് വേണ്ടി ഒരുപാട് ശ്രമങ്ങള്‍ നടന്നു. ആ സമയത്ത് ബാലചന്ദ്രകുമാര്‍ നെയ്യാറ്റിന്‍കര ബിഷപ്പുമായി തനിക്ക് അടുപ്പമുണ്ടെന്നും തന്റെ ഭാര്യ ലത്തീന്‍ സഭയില്‍പ്പെട്ടയാളാണെന്നും പറഞ്ഞ് മുന്നോട്ട് വന്നു.
ബിഷപ്പ് വിചാരിച്ചാല്‍ നടിയെ ആക്രമിച്ച കേസില്‍ ജാമ്യം കിട്ടുമെന്ന് പറഞ്ഞു. നെയ്യാറ്റിന്‍കര ബിഷപ്പിന് മുഖ്യമന്ത്രി മറ്റ് മന്ത്രിമാര്‍ എന്നിവരുമായി അടുപ്പമുണ്ട്. അവരോട് സത്യാവസ്ഥ ബോധ്യപ്പെടുത്തി രക്ഷിച്ചെടുക്കാമെന്നാണ് ബാലചന്ദ്രകുമാര്‍ പറഞ്ഞത്.
പിന്നീട് ജാമ്യം കിട്ടിയതിന് പിന്നാലെ തന്റെ ഇടപെടല്‍ കാരണമാണ് ജാമ്യം കിട്ടിയതെന്ന് അവകാശപ്പെട്ട് ബാലചന്ദ്രകുമാര്‍ രംഗത്തെത്തി. നെയ്യാറ്റിന്‍കര ബിഷപ്പ് ഇടപെട്ടിരുന്നു. അദ്ദേഹം വിളിച്ച് പലരോടും സംസാരിച്ചു. അതിന് പ്രതിഫലമായി എന്തെങ്കിലും കൊടുക്കണമെന്നും ബാലചന്ദ്രകുമാര്‍ ആവശ്യപ്പെട്ടുവെന്ന് ദിലീപ് സത്യവാങ്മൂലത്തില്‍ പറഞ്ഞു.
ജാമ്യത്തില്‍ ഇറങ്ങി ഒരു മാസത്തിനു ശേഷമാണ് ജാമ്യത്തിനായി ഇടപെട്ട നെയ്യാറ്റിന്‍കര ബിഷപ്പിന് പണം കൊടുക്കണമെന്ന് പറഞ്ഞത്. ദിലീപിന് ജാമ്യം കിട്ടിയാല്‍ മറ്റ് ചിലര്‍ക്ക് കൂടി പണം കൊടുക്കാമെന്ന് ഏറ്റിറ്റുണ്ടെന്നും അതിന് പണം വേണമെന്നും ബാലചന്ദ്രകുമാര്‍ ആവശ്യപ്പെട്ടുവെന്നും ദിലീപ് സത്യവാങ്മൂലത്തില്‍ പറയുന്നു. ഇത് നിരസിച്ചതുകൊണ്ടാണ് ബാലചന്ദ്രകുമാറിന് തന്നോട് വൈരാഗ്യമെന്നും ദിലീപ് പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള അഞ്ച് പ്രതികളെ ചോദ്യം ചെയ്ത് തുടങ്ങി. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍. ആദ്യഘട്ടത്തില്‍ ഓരോ പ്രതികളെയും വെവ്വേറെയാണ് ചോദ്യം ചെയ്യുന്നത്. ബാലചന്ദ്രകുമാറിനെയും അന്വേഷണ സംഘം കൊച്ചിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.