ഹിന്ദുത്വ സംഘടനയായ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ഭീഷണിയെ തുടര്‍ന്ന് സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയുടെ രണ്ട് ഷോകള്‍ റദ്ദാക്കി. ഫാറൂഖി ഹിന്ദുവിരുദ്ധനാണെന്ന് ആരോപിച്ച്, ഗുജറാത്തില്‍ നിന്ന് മുബൈയില്‍ എത്തിയാണ് ഷോ നടത്താനിരുന്ന വേദികളുടെ ഉടമകളെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതെന്ന് ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മുംബൈയില്‍ മുനവര്‍ ഫാറൂഖിയുടെ രണ്ട് പരിപാടികളായിരുന്നു നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഒക്ടോബര്‍ 29, 30 തിയതികളിലായി നിശ്ചയിച്ചിരുന്ന പരിപാടികളാണ് ഭീഷണിയെ തുടര്‍ന്ന് റദ്ദാക്കിയത്. ഫാറൂഖിയുടെ പരിപാടി ഹിന്ദുക്കള്‍ക്ക് എതിരാണെന്നും, പരിപാടി നടത്തരുതെന്നുമുള്ള ഭീഷണിയുമായി മൂന്നുപേര്‍ ചൊവ്വാഴ്ച തന്നെ സമീപിച്ചതായി പരിപാടി നടത്താനിരുന്ന ഒരു വേദിയുടെ ഉടമസ്ഥ പൂര്‍ണിമ ഷാ പറഞ്ഞു.
പരിപാടി നടത്തിയാല്‍ വേദി കത്തിക്കുമെന്ന് അവര്‍ പറഞ്ഞു. പൊലീസെത്തിയാണ് അവരെ തിരിച്ചയച്ചതെന്നും, ഇതോടെ പരിപാടി റദ്ദാക്കാന്‍ തീരുമാനിക്കുകയായുരുന്നുവെന്നും പൂര്‍ണിമ ഷാ പറഞ്ഞു. ഇതേ ഭീഷണിയുമായി നിരവധി ഫോണ്‍കോളുകള്‍ ലഭിച്ചുവെന്നും അവര്‍ പറയുന്നുണ്ട്.
കാഴ്ച്ചക്കാരുടെ സുരക്ഷയെ കരുതിയാണ് പരിപാടി റദ്ദാക്കിയതെന്നാണ് മറ്റൊരു വേദിയുടെ ഉടമസ്ഥന്‍ പറയുന്നത്. മതത്തിന്റെ പേരില്‍ ഒരു കലാകാരന്‍ വേട്ടയാട്ടപ്പെടുന്നത് സങ്കടകരമാണെന്നും അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
പരിപാടിക്കിടെ കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷായെയും, ഹിന്ദു ദൈവങ്ങളെയും അപമാനിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ ജനുവരിയില്‍ മുനവര്‍ ഫാറൂഖിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരു മാസത്തിന് ശേഷമായിരുന്നു സുപ്രീകോടതി ജാമ്യം അനുവദിച്ചത്.
താന്‍ കടന്നുപോകുന്ന അവസ്ഥയിലൂടെ തന്റെ പ്രേക്ഷകരും കടന്ന് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും, അതിനാല്‍ പരിപാടികള്‍ റദ്ദാക്കുന്നുവെന്നുമായിരുന്നു ഫാറൂഖി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കിയത്. പ്രേക്ഷകരുടെ സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും മുനവര്‍ ഫാറൂഖി പറഞ്ഞു.