പാലത്തായി കേസില്‍ സമരാഹ്വാനവുമായി സമസ്ത, 'അനാഥ ബാലികയുടെ അവകാശപ്പോരാട്ടമായി മുസ്ലിം സംഘടന പ്രത്യേക താല്‍പര്യമെടുക്കണം'

പാലത്തായി കേസില്‍ സമരാഹ്വാനവുമായി സമസ്ത, 'അനാഥ ബാലികയുടെ അവകാശപ്പോരാട്ടമായി മുസ്ലിം സംഘടന പ്രത്യേക താല്‍പര്യമെടുക്കണം'
Published on

പാലത്തായി പീഡനക്കേസില്‍ പ്രതിയായ അധ്യാപകന് ജാമ്യം ലഭിച്ച സംഭവത്തില്‍ വിമര്‍ശനവുമായി സമസ്ത നേതാവ് ബഹാവുദീന്‍ മുഹമ്മദ് നദ്‌വി. പ്രതിയെ സംരക്ഷിക്കാനുള്ള ഗൂഢനീക്കങ്ങളാണ് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തിലൂടെയും ജാമ്യം ലഭിച്ചതിലൂടെയും വ്യക്തമായിരിക്കുന്നതെന്ന് ബഹാവുദീന്‍ നദ്‌വി ആരോപിക്കുന്നു. വിഷയത്തില്‍ വിശ്വാസികള്‍ സരമത്തിനിറങ്ങണമെന്നും ബഹാവുദ്ദീന്‍ നദ്‌വി ആഹ്വാനം ചെയ്യുന്നുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

'നമ്മുടെയെല്ലാം പ്രത്യേക ശ്രദ്ധയും പിന്തുണയും അനിവാര്യമായും അര്‍ഹിക്കുന്നൊരു കേസാണ് കണ്ണൂര്‍ ജില്ലയിലെ പാലത്തായിയിലേത്.

സവിശേഷമായ പല ഘടകങ്ങളും കാരണം ഈ കേസ് പരാജയപ്പെടാതിരിക്കേണ്ടത് കേരളീയ പൊതുസമൂഹത്തിന്റെയും വിശിഷ്യ വിശ്വാസീ സമൂഹത്തിന്റെയുമെല്ലാം പൊതു ബാധ്യത കൂടിയായി വരുന്നു.

ബി.ജെ.പി നേതാവായ സ്‌കൂളധ്യാപകന്‍ പ്രതിസ്ഥാനത്തുണ്ടെന്നതു മാത്രമല്ല,പിതാവ് മരണപ്പെട്ട അനാഥയായൊരു പെണ്‍കുട്ടിയാണ് പീഡനത്തിനിരയായതെന്നത് നമ്മളെയെല്ലാം അങ്ങേയറ്റം അസ്വസ്ഥരാക്കേണ്ടതാണ്. അനാഥ സംരക്ഷണത്തിന്റെ പ്രാധാന്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. സമൂഹത്തിന്റെ പൊതുബാധ്യതയാണ് അനാഥ സംരക്ഷണമെന്ന് നിരവധി സ്ഥലങ്ങളില്‍ വിശുദ്ധ ഖുര്‍ആന്‍ ഊന്നിപ്പറയുന്നുണ്ട്. അനാഥാലയങ്ങളുണ്ടാക്കലും അവര്‍ക്ക് ഭക്ഷണ-വസ്ത്ര-പാര്‍പ്പിട സൗകര്യങ്ങളൊരുക്കലും മാത്രമല്ല ഇസ്ലാമിക ദൃഷ്ട്യാ അനാഥ സംരക്ഷണം. മറിച്ച്, അവരുടെ അിഭിമാനവും അവകാശവും ചാരിത്ര്യവുമൊക്കെ സംരക്ഷിക്കേണ്ടത് വിശ്വാസികളുടെ പ്രത്യേക ബാധ്യതയാണ്.

അനാഥ ബാലികയെ നിഷ്‌കരുണം പീഡിപ്പിച്ച പ്രതിയെ സംരക്ഷിക്കാനുള്ള ഗൂഢനീക്കങ്ങളാണ് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തിലൂടെയും ഇപ്പോള്‍ ജാമ്യം അനുവദിച്ചതിലൂടെയും വെളിവായിരിക്കുന്നത്. നിസാര വകുപ്പുകള്‍ ചുമത്തി ബി.ജെ.പി നേതാവിനെ സംരംക്ഷിക്കാനുള്ള ശ്രമങ്ങളെ കുറിച്ച് ശിശുക്ഷേമ സമിതിയും വനിതാ കമ്മീഷനും മൗനം പാലിക്കുന്നത് ചെറുത്തുതോല്‍പ്പിച്ചേ തീരൂ.

അതിഭീകരവും കിരാതവുമായ ഈ നീതി നിഷേധത്തിനെതിരെ കേരളീയ പൊതുസമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. അനാഥ ബാലികയുടെ അവകാശപ്പോരാട്ടമെന്ന നിലയില്‍ മുസ്ലിം സംഘടനകളും ഇക്കാര്യത്തില്‍ പ്രത്യേക താത്പര്യമെടുക്കണം. നമ്മുടെ മത, രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം ഇവ്വിഷയത്തിലെ അലംഭാവം വിട്ടൊഴിഞ്ഞില്ലെങ്കില്‍ ഗുരുതരമായ കൃത്യവിലോപത്തിന് നാം വലിയ വിലകൊടുക്കുകയും മറുപടി പറയുകയും ചെയ്യേണ്ടിവരുമെന്നു തീര്‍ച്ച.

ദുര്‍ബലരായ കുട്ടികളുടെ കാര്യത്തില്‍ നിങ്ങള്‍ എന്തുകൊണ്ട് ധര്‍മ സമരമനുഷ്ഠിക്കുന്നില്ല എന്ന ഖുര്‍ആനിക താക്കീത് (4:75) നമ്മുടെ ശ്രവണ പുടങ്ങളില്‍ പ്രകമ്പനം സൃഷ്ടിക്കട്ടെ.'

Related Stories

No stories found.
logo
The Cue
www.thecue.in