സ്ത്രീകള്‍ക്ക് മറ്റൊരു സംഘടനയുണ്ടല്ലോ, അവിടെ പോയി പരാതി പറയട്ടെ എന്ന അമ്മ വൈസ് പ്രസിഡന്റ് മണിയന്‍പിള്ള രാജുവിന്റെ പ്രസ്താവനയ്‌ക്കെതിരെ അമ്മ എക്‌സിക്യൂട്ടീവ് അംഗമായ ബാബുരാജ്. മണിയന്‍പിള്ള രാജു പറഞ്ഞതിന്റെ ഉദ്ദേശ്യം എന്താണെന്ന് മനസിലായില്ലെന്നും ആ പ്രസ്താവനയോടുള്ള മറുപടി തന്നെയാണ് മാലാ പാര്‍വതിയുടെ രാജിയെന്നും ബാബുരാജ് മനോരമ ഓണ്‍ലൈനോട് പറഞ്ഞു.
അമ്മയിലെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്ന് മാല പാര്‍വതി രാജിവച്ചതിനെ സ്വാഗതം ചെയ്യുന്നു. കാരണം അമ്മയിലെ വനിതാ താരങ്ങള്‍ പാവകളല്ല അവര്‍ പ്രതികരണശേഷി ഉള്ളവരാണെന് സമൂഹത്തിനെ മനസ്സിലാക്കിക്കൊടുക്കാന്‍ കഴിഞ്ഞു. സ്ത്രീകള്‍ക്ക് പരാതിപ്പെടാന്‍ വേറെ സംഘടനയുണ്ടല്ലോ അവിടെ പോയി പരാതി പറയട്ടെ എന്ന് മണിയന്‍ പിള്ള രാജു പറഞ്ഞതിനോട് എനിക്ക് യോജിപ്പില്ല. അദ്ദേഹം ഉദേശിച്ചത് ഡബ്ല്യുസിസിയെ ആണെങ്കില്‍ പറഞ്ഞത് തെറ്റായിപ്പോയി.
അമ്മയിലെ സ്ത്രീകളുടെ പരാതി കേള്‍ക്കാനാണ് അമ്മയിലെ ആഭ്യന്തര പരാതി പരിഹാര സമിതിയുള്ളത്. അമ്മയിലെ സ്ത്രീകളുടെ പരാതികള്‍ അമ്മയില്‍ ചര്‍ച്ച ചെയ്തില്ലെങ്കില്‍ പിന്നെ വേറെ ആരാണ് ചര്‍ച്ച ചെയ്യാനുള്ളത്. അമ്മയുടെ വൈസ് പ്രസിഡന്റ് അങ്ങനെ പറഞ്ഞത് ഒട്ടും ശരിയായില്ലെന്നും ബാബുരാജ് പറഞ്ഞു.
സ്ത്രീകളുടെ പരാതികള്‍ ഏറെ പ്രാധാന്യത്തോടെ കേള്‍ക്കുകയും അതിനു പരിഹാരം കണ്ടെത്തുകയും വേണമെന്നും ബാബുരാജ് പറഞ്ഞു. അവരോട് മറ്റൊരു സംഘടനയില്‍ പോയി പരാതി പറയണം എന്നുപറഞ്ഞതിന്റെ അര്‍ഥം എന്താണെന്നു മനസിലാകുന്നില്ല. മണിയന്‍പിള്ള രാജുവിന്റെ പ്രസ്താവനയോട് വൈസ് പ്രസിഡന്റായ ശ്വേത ഉള്‍പ്പടെ മറ്റുള്ള വനിതകള്‍ക്കും അമര്‍ഷമുണ്ടാകും. അവരൊന്നും പാവകളല്ല. എല്ലാ കാര്യത്തിലും വ്യക്തമായ അഭിപ്രായവും തീരുമാനങ്ങളും ഉള്ളവരാണെന്നും ബാബുരാജ് കൂട്ടിച്ചേര്‍ത്തു.