‘ചങ്കൂറ്റത്തോടെ ഭാവിയിലേക്ക് പാഞ്ഞ വില്ലുവണ്ടി’; കേരള ചരിത്രത്തിലെ ആദ്യപണിമുടക്ക് സമരം ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി
മഹാത്മാ അയ്യന്‍കാളി ജയന്തിദിനത്തില്‍ വില്ലുവണ്ടി യാത്രയും കേരളത്തിലെ ആദ്യത്തെ പണിമുടക്ക് സമരവും ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 1898ല്‍ ബാലരാമപുരത്ത് രാജപാതയിലൂടെ ചങ്കൂറ്റത്തോടെ പാഞ്ഞ അയ്യന്‍കാളിയുടെ വില്ലുവണ്ടി ആ വില്ലുവണ്ടി കേരളത്തിന്റെ ഭാവിയിലേക്കാണ് സഞ്ചരിച്ചതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അദ്ധ്യായമാണ് വില്ലുവണ്ടിയാത്ര. അയ്യന്‍കാളിയെന്ന മഹാത്മാവിന്റെ സ്മരണ ഇന്നത്തെ നമ്മുടെ പോരാട്ടത്തിനുള്ള അളവറ്റ ഊര്‍ജം തന്നെയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ് അയ്യന്‍കാളി. അധഃസ്ഥിത സമൂഹത്തിന്റെ വിമോചകന്‍ മാത്രമായിരുന്നില്ല, ജാതീയതയുടെ ഘോരാന്ധകാരത്തില്‍ മറഞ്ഞുകിടന്ന കേരള ജനതയ്ക്കാകെ വഴികാട്ടിയ മഹാത്മാവുമാണ്.
മുഖ്യമന്ത്രി
കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയും സിപിഐഎം സൈദ്ധാന്തികനുമായ ഇഎംഎസ് നമ്പൂതിരിപ്പാട് എഴുതിയ കേരള ചരിത്രത്തില്‍ അയ്യന്‍കാളിയെ ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു.
മുഖ്യമന്ത്രിയുടെ കുറിപ്പ്
അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ് അയ്യൻകാളി. അധഃസ്ഥിത സമൂഹത്തിന്റെ വിമോചകൻ മാത്രമായിരുന്നില്ല, ജാതീയതയുടെ ഘോരാന്ധകാരത്തിൽ മറഞ്ഞുകിടന്ന കേരള ജനതയ്ക്കാകെ വഴികാട്ടിയ മഹാത്മാവുമാണ്.
സാധുജനങ്ങളെ അടിമകളാക്കിയ രാജാധിപത്യത്തിന്റെ ദുർഘടപാതയിലൂടെ നിഷേധത്തിന്റെ വില്ലുവണ്ടി പായിച്ചു അയ്യൻകാളി. 1898ല്‍ ബാലരാമപുരത്ത് രാജപാതയിലൂടെ ചങ്കൂറ്റത്തോടെ പാഞ്ഞ അയ്യൻകാളിയുടെ വില്ലുവണ്ടി ഒരു പുതിയ അധ്യായം രചിക്കുകയായിരുന്നു. ആ വില്ലുവണ്ടി കേരളത്തിന്റെ ഭാവിയിലേക്കാണ് സഞ്ചരിച്ചത്. രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്.
1865ല്‍ എല്ലാവിഭാഗം ജനങ്ങള്‍ക്കും പൊതുനിരത്തില്‍ ചക്രം പിടിപ്പിച്ച വാഹനത്തില്‍ സഞ്ചരിക്കാന്‍ അനുമതി നല്‍കി ഉത്തരവിറക്കിയിരുന്നു. പിന്നീട് 1870ല്‍ എല്ലാവഴികളും എല്ലാവിഭാഗം ജനങ്ങള്‍ക്കും നിരുപാധികം ഉപയോഗിക്കാന്‍ അനുമതിനല്‍കി. എന്നാല്‍, രാജപാതയില്‍ അവര്‍ണര്‍ക്ക് നടക്കാന്‍ കഴിഞ്ഞിരുന്നില്ല. സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി മാത്രമായിരുന്നില്ല അയ്യൻകാളിയുടെ വില്ലുവണ്ടി യാത്ര. തിരുവിതാംകൂറിലെ 1.67 ലക്ഷം അടിമകളുടെ ആത്മാഭിമാനം ഉയർത്താൻ വേണ്ടിയായിരുന്നു. 1888ലെ അരുവിപ്പുറം പ്രതിഷ്ഠയെത്തുടര്‍ന്ന് സമൂഹത്തിലുണ്ടായ അവംബോധത്തിന്റെ തുടർച്ചയായിരുന്നു ആ സമരം.
കേരളത്തിലെ ചരിത്രത്തിലെ ആദ്യത്തെ പണിമുടക്ക് സമരം നടത്തിയതും അയ്യൻകാളിയാണ്. അവർണർക്ക് അക്ഷരം പഠിക്കാൻ തിരുവിതാംകൂർ രാജാവിന്റെ ഉത്തരവുണ്ടായിരുന്നിട്ടുകൂടി സവർണ മാടമ്പിമാർ അതിനനുവദിച്ചിരുന്നില്ല. അതിനെതിരെയായിരുന്നു പണിമുടക്ക്. പഞ്ചമി എന്ന പെൺകുട്ടിയെ വിദ്യ അഭ്യസിക്കാൻ അനുവദിച്ചില്ല. പാഠം പഠിക്കാൻ സമ്മതിച്ചില്ലെങ്കിൽ പാടത്ത് പണിക്കില്ലെന്ന് അയ്യൻകാളി പ്രഖ്യാപിച്ചു. കർഷകത്തൊഴിലാളികൾ ധീരമായി പണിമുടക്കി. ഒന്നരക്കൊല്ലം പാടങ്ങൾ തരിശുകിടന്നു. ആ മഹാത്മാവിന്റെ സ്മരണ ഇന്നത്തെ നമ്മുടെ പോരാട്ടത്തിനുള്ള അളവറ്റ ഊർജം തന്നെയാണ്.