ആയുര്‍വേദത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് മലയാളി ഡോക്ടറെ ഭീഷണിപ്പെടുത്തി ആയുഷ് മന്ത്രാലയം. യൂട്യൂബ് വീഡിയോയിലൂടെ ആയുര്‍വേദത്തെ അപമാനിച്ചു എന്നാണ് ആരോപണം. പരമ്പരാഗത വൈദ്യശാസ്ത്ര രീതികളുടെ കടുത്ത വിമര്‍ശകനാണ് കൊച്ചിയില്‍ നിന്നുള്ള ഡോ.സിറിയക് അബി ഫിലിപ്‌സ്.
കരള്‍രോഗ വിദഗ്ധനാണ് ഡോ.സിറയക്. ആയുര്‍വേദം, യോഗ, യുനാനി, സിദ്ധ, ഹോമിയോപ്പതി തുടങ്ങിയവയുടെ പ്രതിച്ഛായ സിറിയക് നശിപ്പിച്ചെന്ന് ആരോപിച്ച് രാജ്യമെമ്പാടുമുള്ള മെഡിക്കല്‍ അസോസിയേഷനുകള്‍ക്ക് മന്ത്രാലയം അയച്ച കത്ത് സിറിയക് ട്വീറ്റ് ചെയ്തു.
'പച്ച മരുന്നിന്റെ വിഷാംശങ്ങളെക്കുറിച്ചും മെഡിക്കല്‍ സമ്പ്രദായങ്ങളെക്കുറിച്ചും സംസാരിക്കരുതെന്ന് വൈദ്യശാസ്ത്ര സംവിധാനങ്ങളുടെ കാവല്‍ക്കാരനായ ആയുഷ് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു', എന്നായിരുന്നു കത്ത് പങ്കുവെച്ച് ഡോ.സിറിയക് കുറിച്ചത്.
ഈ വര്‍ഷം ജൂണില്‍ കേരളത്തിലെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍, ചില പച്ചമരുന്നുകളുടെ ഉപയോഗം മൂലം ഉണ്ടായേക്കാവുന്ന കരള്‍ രോഗങ്ങളെ കുറിച്ച് താന്‍ പറഞ്ഞിരുന്നു, വീഡിയോയിലെ ആ ഭാഗം വൈറലാവുകയും ചെയ്തു. ഇതാണ് ആയുഷ് മന്ത്രാലയത്തെ ചൊടിപ്പിച്ചതെന്ന് ഡോ.സിറിയക് ദ പ്രിന്റിനോട് പറഞ്ഞു.
അഭിമുഖത്തില്‍ ഡോ.സിറിയക്, ആയുഷ് സംവിധാനങ്ങളുടെ പ്രതിച്ഛായ മനപൂര്‍വ്വം അപകീര്‍ത്തിപ്പെടുത്തുകയാണ് ചെയ്തതെന്നും, ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കുന്നതിന് തുല്യമാണ് ഇതെന്നും ആയുഷ് മന്ത്രാലയത്തിന്റെ കത്തില്‍ ആരോപിക്കുന്നു. വീഡിയോ നീക്കം ചെയ്തില്ലെങ്കില്‍ ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കത്തിലുണ്ട്.