അയോധ്യ സുരക്ഷാ വലയത്തില്‍, കാസര്‍കോട് നാലിടത്ത് തിങ്കളാഴ്ച വരെ നിരോധനാജ്ഞ
അയോധ്യാ കേസിലെ വിധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തുടനീളം അതീവ ജാഗ്രത. സംസ്ഥാനത്തും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അയോധ്യയില്‍ മാത്രം നാലായിരം സായുധ സൈനികരെ വിന്യസിച്ചിട്ടുണ്ട്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് കേസില്‍ വിധി പറയുന്നത്. വിധി എന്തായാലും സൗഹാര്‍ദം കാത്ത് സൂക്ഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി.വിധി ആരുടെയും പരാജയമല്ലെന്നും രാജ്യത്തിന്റെ ഐക്യമാണ് പ്രധാനമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വിധി എന്തു തന്നെയായാലും സംയമനത്തോടെയുള്ള പ്രതികരണങ്ങളേ കേരളത്തിലുണ്ടാവൂ എന്ന് എല്ലാവരും ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബാബരി മസ്ജിദ് തകര്‍ക്കുന്ന സാഹചര്യം ഉണ്ടായപ്പോള്‍ കേരളം മാതൃകാപരമായായാണ് പ്രതികരിച്ചത്. കേരളത്തിന്റെ പ്രബുദ്ധത ഉയര്‍ത്തിപ്പിടിക്കുന്നതായിരുന്നു സമാധാന പൂര്‍വ്വമായുള്ള ആ പ്രതികരണം. എന്തായാലും സമാധാനപരമായി അതിനെ സ്വീകരിക്കാന്‍ എല്ലാ ജനങ്ങളും തയാറാകണമെന്നും പിണറായി വിജയന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
സമാധാനവും സംയമനവും ഉണ്ടാകണമെന്ന് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും മത നേതാക്കളും ആവശ്യപ്പെട്ടിട്ടുണ്ട്. സുപ്രീം കോടതിക്ക് ചുറ്റും അര്‍ദ്ധസൈനികരെ വിനിയോഗിച്ചിട്ടുണ്ട്. സുപ്രീം കോടതി ജഡ്ജിമാരുടെ സുരക്ഷയും വര്‍ധിപ്പിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.
കേരളത്തില്‍ കാസര്‍ഗോഡ് ജില്ലയിലെ അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ തിങ്കളാഴ്ച അര്‍ദ്ധരാത്രി വരെ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ബസ് സ്റ്റാന്‍ഡുകളും റയില്‍വേ സ്റ്റേഷനുകളും ഉള്‍പ്പെടെ പ്രധാന കേന്ദ്രങ്ങളില്‍ പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാന ആരാധനാലയങ്ങള്‍ക്കും സംരക്ഷണം ഒരുക്കിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയില്‍ നാല്് കമ്പനി പോലിസിനെ കൂടിനിയോഗിച്ചിട്ടുണ്ട്. കൊച്ചിയില്‍ 2500 ഓളം പൊലീസുകാരെ അധികമായി വിന്യസിച്ചിട്ടുണ്ട്.
പ്രകോപനപരമായ പ്രസ്താവന പാടില്ലെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മതസ്പര്‍ധയും സാമുദായിക സംഘര്‍ഷങ്ങളും വളര്‍ത്തുന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ തയ്യാറാക്കി പരത്തുന്നവര്‍ക്കെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിക്കും. ഇത്തരക്കാരെ ഉടനടി കണ്ടെത്തി അറസ്റ്റ് ചെയ്ത് ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തി പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കുമെന്ന് സ്റ്റേറ്റ് പോലീസ് മീഡിയ സെന്റര്‍ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ സാമൂഹ്യ മാധ്യമങ്ങളിലെയും എല്ലാത്തരം അക്കൗണ്ടുകളും 24 മണിക്കൂറും കേരളാ പോലീസിന്റെ സൈബര്‍ സെല്‍, സൈബര്‍ഡോം, സൈബര്‍ പോലീസ് സ്റ്റേഷനുകള്‍ എന്നിവയുടെ നിരീക്ഷണത്തിലായിരിക്കും. സാമുദായിക സംഘര്‍ഷം വളര്‍ത്തുന്ന തരത്തില്‍ സന്ദേശം പരത്തുന്നവരെ ഉടനടി കണ്ടെത്താന്‍ ആധുനിക സാങ്കേതിക വിദ്യയുടെ സേവനം ഉപയോഗിക്കും.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം