എ.വി ഗോപിനാഥ് കോണ്‍ഗ്രസ് വിട്ടു. കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നും രാജിവെച്ചതായി മാധ്യമങ്ങളോട് സംസാരിക്കവെ ഗോപിനാഥ് പറഞ്ഞു.
കോണ്‍ഗ്രസിന്റെ മുന്നോട്ട് പോക്കിന് താന്‍ തടസ്സമാകുന്നുവെന്ന തോന്നല്‍ കൊണ്ടാണ് രാജി പ്രഖ്യാപനമെന്നും മറ്റൊരു പാര്‍ട്ടിയിലേക്കും നിലവില്‍ പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഗോപിനാഥ് വ്യക്തമാക്കി.
'നിരന്തരമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനമെടുത്തത്. സ്വന്തം പാര്‍ട്ടിക്ക് തടസമായി നില്‍ക്കുന്നില്ല. കോണ്‍ഗ്രസിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് തടസമാകുന്നു എന്ന് എനിക്ക് തന്നെ തോന്നിയപ്പോള്‍ ആരുടെയും പ്രേരണയ്ക്ക് വഴങ്ങാതെ ഒരു അധികാരവും ലഭിക്കില്ല എന്ന ഉത്തമ വിശ്വാസത്തോടുകൂടി തന്നെ കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്ന് രാജിവെച്ചതായി പ്രഖ്യാപിക്കുന്നു,' ഗോപിനാഥ് പറഞ്ഞു.
കോണ്‍ഗ്രസിലെ പ്രത്യേക ജനുസ്സ് ആണ് താന്‍ എന്നും എ.വി. ഗോപിനാഥ് പറഞ്ഞു.
എ.വി ഗോപിനാഥിന്റെ വാക്കുകള്‍
കോണ്‍ഗ്രസ് എന്റെ ജീവനാഡിയാണ്. കോണ്‍ഗ്രസ് എന്നും നിറഞ്ഞുനില്‍ക്കണം എന്ന് ആഗ്രഹിച്ച ഒരാളാണ് ഞാന്‍. ബുദ്ധിയുറച്ച നാള്‍ മുതല്‍ എന്റെ ഗ്രാമത്തിലെ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി പഞ്ചായത്തിലെ സാധാരണക്കാര്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിച്ചു.
അനുദിനം പാര്‍ട്ടിയില്‍ കൊണ്ടുവരുന്ന സംഭവ വികാസങ്ങള്‍ മനസിനെ വേദനിപ്പിച്ചു. പലപ്പോഴും എങ്ങനെ മുന്നോട്ട് പോകാന്‍ കഴിയുമെന്ന് ചിന്തിച്ചിരുന്നു. ഞങ്ങളുടെ പ്രതീക്ഷകള്‍ക്കനുസരിച്ച് കോണ്‍ഗ്രസിനും കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്കും പ്രവര്‍ത്തകരുടെ മനസില്‍ വന്നുകൂടിയാല്‍ അതിനെ കുറ്റപ്പെടുത്താന്‍ കഴിയില്ല. പ്രതീക്ഷിയല്ലാത്ത യാത്ര നടത്തുന്നിലും ഉപരി അത് ഇവിടെ വെച്ച് അവസാനിപ്പിക്കാന്‍ മനസ് പലതവണയായി മന്ത്രിക്കുന്നുണ്ടായിരുന്നു.
നേതാക്കളുടെ കയ്യില്‍ നിന്നും എല്ലാം വിട്ടുപോയിരിക്കുന്നു. എല്ലാ പ്രതീക്ഷയും കൈവിട്ടു പോയ സാധാരണ ഒരു പാര്‍ട്ടി പ്രവര്‍ത്തകനാണ് ഞാന്‍.
കെ.പി.സി.സി പ്രസിഡന്റില്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിനും പ്രതീക്ഷകള്‍ക്കൊത്ത് പ്രവര്‍ത്തിക്കാന്‍ കഴിയുമോ എന്ന സംശയമണ്ട്.
നിരന്തരമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനമെടുത്തത്. സ്വന്തം പാര്‍ട്ടിക്ക് തടസമായി നില്‍ക്കുന്നില്ല. കോണ്‍ഗ്രസിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് തടസമാകുന്നു എന്ന് എനിക്ക് തന്നെ തോന്നിയപ്പോള്‍ ആരുടെയും പ്രേരണയ്ക്ക് വഴങ്ങാതെ, ഒരു അധികാരവും ലഭിക്കില്ല എന്ന ഉത്തമ വിശ്വാസത്തോടുകൂടി തന്നെ കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്ന് രാജിവെച്ചതായി പ്രഖ്യാപിക്കുന്നു.
ഈ നിമിഷം മുതല്‍ ഞാന്‍ ഒരു കോണ്‍ഗ്രസുകാരന്‍ അല്ലാതായിരിക്കുന്നു. കോണ്‍ഗ്രസിലെ ഒരു പ്രത്യേക ജനുസ്സ് ആണ് എ.വി ഗോപിനാഥ്.
ഒരു പാര്‍ട്ടിയിലേക്കും പോകാന്‍ ഇതുവരെയും തീരുമാനിച്ചിട്ടില്ല. എല്ലാം പഠിച്ചു മനസിലാക്കി പിന്നീട് തീരുമാനിക്കും. കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തെ മനസില്‍ നിന്ന് ഇറക്കാന്‍ സമയമെടുക്കും. ഒരു കക്ഷി നേതാക്കന്മാരുമായും ബന്ധപ്പെട്ടിട്ടില്ല. ഒരു അടുക്കളയുടെയും എച്ചിലാകാന്‍ ഉദ്ദേശിച്ചിട്ടില്ല. അതെന്റെ സ്വഭാവമല്ല.
ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കെ. മുരളീധരനുമെല്ലാം എന്റെ എല്ലാമെല്ലാമാണ്. പക്ഷെ ഞാന്‍ ഈശ്വരന് തുല്യം മനസില്‍ പ്രതിഷ്ഠിച്ചത് കെ. കരുണാകരന് മാത്രമാണ്.