മുഖംമൂടി ധരിച്ച 2 പേര്‍ വീട്ടിലെത്തി കേസില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടു; സാക്ഷിയെ കൂറുമാറ്റാന്‍ ശ്രമമെന്ന്‌ മധുവിന്റെ കുടുംബം

മുഖംമൂടി ധരിച്ച 2 പേര്‍ വീട്ടിലെത്തി കേസില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടു; സാക്ഷിയെ കൂറുമാറ്റാന്‍ ശ്രമമെന്ന്‌ മധുവിന്റെ കുടുംബം
Published on

അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊന്ന കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമമെന്ന് കുടുംബം. കുടുംബത്തിന്റെ മേല്‍ ഭീഷണിയുണ്ടെന്നും കേസ് ഒതുക്കാന്‍ രാഷ്ട്രീയ സമ്മര്‍ദം ഉള്ളതായി സംശയിക്കുന്നതായും മധുവിന്റെ സഹോദരി ആരോപിച്ചു.

കൂറുമാറിയാല്‍ രണ്ട് ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞ് ചിലര്‍ പ്രധാന സാക്ഷിയെ സമീപിച്ചിരുന്നെന്ന്് കുടുംബം ആരോപിക്കുന്നു. എന്നാല്‍ സാക്ഷി അതിന് തയ്യാറായില്ല. മുഖംമൂടി ധരിച്ച രണ്ട് പേര്‍ വീട്ടിലെത്തി കേസില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടുവെന്നും കുടുംബം.

2018 ഫെബ്രുവരി 22നാണ് ആള്‍ക്കൂട്ട വിചാരണയ്ക്കും മര്‍ദ്ദനത്തിനും ഇരയായി മധു കൊല്ലപ്പെടുന്നത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു മര്‍ദ്ദനം. മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്ന മധു ചിണ്ടിക്കിയൂരില്‍ നിന്നും മാറി വനത്തിനുള്ളിലെ ഗുഹയിലായിരുന്നു താമസിച്ചിരുന്നത്.

അവിടെയെത്തിയ ആള്‍ക്കൂട്ടം ഉടുമുണ്ട് ഊരി കൈകള്‍ ചേര്‍ത്തുകെട്ടി മുക്കാലിയില്‍ എത്തിക്കുകയായിരുന്നു. ഗുഹയില്‍ മധു ഉപയോഗിച്ചിരുന്ന ഭക്ഷ്യവസ്തുക്കള്‍ അടങ്ങിയ ചാക്കും തലയിലേറ്റിച്ചിരുന്നു. മുക്കാലിയിലെത്തി മര്‍ദ്ദിച്ചു. ദൃശ്യങ്ങള്‍ പകര്‍ത്തി. പോലീസ് എത്തി സ്റ്റേഷനിലേക്ക് കൊണ്ടു പോകുന്നതിനിടെ ഛര്‍ദിച്ചു. ഇതോടെ ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും മധു മരിച്ചിരുന്നു.

കൊല്ലപ്പെട്ട് തൊണ്ണൂറാം ദിവസമായിരുന്നു കേസിലെ കുറ്റപത്രം സമര്‍പ്പിച്ചത്. പതിനാറ് പ്രതികളാണ് കേസിലുള്ളത്. മധുവിന്റെ ശരീരത്തിലുണ്ടായിരുന്ന 15 മുറിവുകള്‍ മരണത്തിന് കാരണമായെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

11,640 പേജുകളുള്ള കുറ്റപത്രമാണ് പോലീസ് സമര്‍പ്പിച്ചത്. എട്ട് മൊബൈല്‍ ഫോണുകള്‍, മൂന്ന് സിസിടിവി ക്യാമറകള്‍, അഞ്ച് വാഹനങ്ങള്‍, 165 പേരുടെ മൊഴികള്‍ എന്നിവയാണ് കുറ്റപത്രത്തില്‍ തെളിവുകളായി സമര്‍പ്പിച്ചിരുന്നത്.

മേച്ചേരിയില്‍ ഹുസൈന്‍, കിളയില്‍ മരയ്ക്കാര്‍, പൊതുവച്ചോലയില്‍ ഷംസുദ്ദീന്‍, താഴുശേരിയില്‍ രാധാകൃഷ്ണന്‍, വിരുത്തിയില്‍ നജീവ്, മണ്ണമ്പറ്റയില്‍ ജെയ്ജുമോന്‍, കരിക്കളില്‍ സിദ്ദീഖ്, പൊതുവച്ചോലയില്‍ അബൂബക്കര്‍ എന്നിവരാണ് കേസിലെ മുഖ്യപ്രതികള്‍. കൊലപാതകക്കുറ്റവും പട്ടിക വര്‍ഗ പീഡന നിരോധന നിയമവും ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in