ഉത്തര്‍പ്രദേശില്‍ കന്യാസ്ത്രീകള്‍ക്കെതിരെ ഹിന്ദുത്വസംഘടനകളുടെ ആക്രമണം. മിര്‍പുര്‍ കാത്തലിക് മിഷന്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍, അധ്യാപിക റോഷ്‌നി എന്നിവര്‍ക്കെതിരെയാണ് ആക്രണമുണ്ടായത്.
ഒക്ടോബര്‍ പത്തിനായിരുന്നു സംഭവം. മിര്‍പുരില്‍ നിന്നും വാരാണസിയിലേക്ക് പോകാന്‍ ബസ് സ്റ്റാന്‍ഡിലെത്തിയ കന്യാസ്ത്രീകള്‍ അക്രമിക്കപ്പെടുകയായിരുന്നു. മതപരിവര്‍ത്തനം നടത്താനാണ് എത്തിയത് എന്നാരോപിച്ച് കന്യാസ്ത്രീകളെ തടഞ്ഞുവെക്കുകയും അക്രമിക്കുകയുമായിരുന്നുവെന്നാണ് ആരോപണം.
സമീപത്തെത്തിയ അക്രമികള്‍ വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയും, പിന്നീട് വലിച്ചിഴച്ച് അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയുമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തങ്ങളെ ആക്രമിച്ചത് ഹിന്ദു യുവവാഹിനി എന്ന സംഘടനയിലെ പ്രവര്‍ത്തകരാണെന്ന് ആക്രമണത്തിന് ഇരയായ കന്യാസ്ത്രീകള്‍ ആരോപിച്ചു.
ഉന്നത ഉദ്യോഗസ്ഥര്‍ ഇടപട്ടതിന് ശേഷമാണ് പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇവരെ മോചിപ്പിച്ചത്. സംഭവത്തില്‍ പരാതി നല്‍കാന്‍ കന്യാസ്ത്രീകള്‍ തയ്യാറായിട്ടില്ല. ഹിന്ദു യുവവാഹിനി സംഘടനയില്‍ നിന്നുള്ള ഭീഷണി ഭയന്നാണ് പരാതി നല്‍കാത്തതെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ ത്സാന്‍സിയില്‍ ട്രെയിന്‍ യാത്രക്കിടെ ഇത്തരത്തില്‍ കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടിരുന്നു. മതംമാറ്റാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് തിരുഹൃദയ സഭയിലെ നാല് കന്യാസ്ത്രീകള്‍ക്കെതിരെയാണ് ആക്രമണമുണ്ടായത്.