നിരീശ്വരവാദ സംഘങ്ങള്‍ക്ക് സംസ്ഥാനം മുഴുവന്‍ നെറ്റ്‌വര്‍ക്ക്; പെണ്‍കുട്ടികളെ സഭയില്‍ നിന്നും അകറ്റുന്നു: ബിഷപ്പ് ആന്‍ഡ്ര്യൂസ് താഴത്ത്

നിരീശ്വരവാദ സംഘങ്ങള്‍ക്ക് സംസ്ഥാനം മുഴുവന്‍ നെറ്റ്‌വര്‍ക്ക്; പെണ്‍കുട്ടികളെ സഭയില്‍ നിന്നും അകറ്റുന്നു: ബിഷപ്പ് ആന്‍ഡ്ര്യൂസ് താഴത്ത്
Published on

നിരീശ്വരവാദികളുടെ ഗ്രൂപ്പുകള്‍ വിശ്വാസികളായ പെണ്‍കുട്ടികളെ സഭയില്‍ നിന്ന് അകറ്റിക്കൊണ്ട് പോവുകയാണെന്ന് സീറോ മലബാര്‍ സഭ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്ര്യൂസ് താഴത്ത്. സഭയുടെ ശത്രുക്കള്‍ സഭയെ തകര്‍ക്കാന്‍ കുടുംബങ്ങളെയാണ് ലക്ഷ്യമിടുന്നതെന്നും ബിഷപ്പ് ആരോപിച്ചു. കഴിഞ്ഞ ദിവസം തൃശൂര്‍ അതിരൂപത കുടുംബവര്‍ഷ സമാപന പരിപാടിയോട് അനുബന്ധിച്ച് നടന്ന കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്.

നിരീശ്വരവാദ ഗ്രൂപ്പുകള്‍ക്ക് സംസ്ഥാനം മുഴുവനും നെറ്റ്‌വര്‍ക്ക് ഉണ്ടെന്ന് ഒരു സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ തന്നോട് പറഞ്ഞതായും ബിഷപ്പ് പ്രസംഗിച്ചു.

'നാല് ദിവസം മുന്‍പ് സ്പെഷ്യല്‍ ബ്രാഞ്ച് പൊലീസ് എന്നോട് പറഞ്ഞു. തൃശൂരില്‍ പുതിയ പ്രസ്ഥാനം ശക്തമായി നടക്കുന്നുണ്ട്. കേരളം മുഴുവന്‍ അതിന്റെ നെറ്റ്‌വര്‍ക്കുണ്ട്. പിതാവറിയാത്ത ഒരു ഗ്രൂപ്പ് ഇവിടെ വളര്‍ന്ന് വന്നിട്ടുണ്ട്. നിരീശ്വരവാദികളുടേത്. വിശ്വാസമില്ലാത്തവരെ ഒരുമിച്ച് കൂട്ടുന്ന ഒരു സംഘം. അതിലേക്ക് വിശ്വാസമുള്ളവരെ വിളിക്കുന്നു. നിങ്ങളുടെ രൂപതയിലെ കുറേയേറെ പെണ്‍കുട്ടികളും അതില്‍ പെട്ടുപോയിട്ടുണ്ട്. ചെറിയ ഗ്രൂപ്പുകളാണ്. പള്ളിയിലേക്കാണ് പോകുന്നത്. പക്ഷെ, ഇങ്ങനെയുള്ള ഗ്രൂപ്പിലെത്തുന്നു. സഭയില്‍ നിന്നും വിശ്വാസത്തില്‍ നിന്നും അകറ്റിക്കൊണ്ടുപോകുന്ന ഒരു പാട് പ്രതിസന്ധികളുള്ള ഈ കാലഘട്ടത്തില്‍ കുടുംബത്തെ രക്ഷിക്കാതെ സഭയെ രക്ഷിക്കാനാകില്ല,' ബിഷപ്പ് പറഞ്ഞു.

വിശ്വാസമില്ലാതെ സഭയെ ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു. തൃശൂര്‍ മെത്രാനായതിന് ശേഷം 18 വര്‍ഷമായി. 50,000ത്തോളം പേര്‍ കുറഞ്ഞു. സഭ വളരുകയാണോ തളരുകയാണോ എന്നും ബിഷപ്പ് ചോദിച്ചു.

10,000ത്തിനും 15,000ത്തിനും ഇടയിലുള്ള എണ്ണത്തില്‍ 35 വയസ്സ് കഴിഞ്ഞ യുവാക്കള്‍ കല്യാണം കഴിക്കാതെ നില്‍ക്കുന്നുണ്ട്. മക്കളില്ലാത്ത ദമ്പതികളുടെ എണ്ണം വര്‍ധിച്ചു. വിവാഹമോചനം തേടി വരുന്നവര്‍ അനേകായിരമായി. ഇന്ന് സഭയെ നശിപ്പിക്കാന്‍ സഭാ ശത്രുക്കള്‍ കുടുംബത്തെയാണ് തെരഞ്ഞെടുത്തിരിക്കുന്നത് എന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in