ഹിന്ദി നിര്‍ബന്ധിത പാഠ്യവിഷയമാക്കാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കത്തിനെതിരെ പ്രതിഷേധവുമായി കൂടുതല്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍. പത്താം ക്ലാസ് വരെ ഹിന്ദി നിര്‍ബന്ധിത പാഠ്യവിഷയമാക്കുന്നതിനെതിരെ അസം സാഹിത്യ സഭയും മണിപ്പൂര്‍ ഭാഷാ സംരക്ഷണ സമിതിയും എതിര്‍പ്പുമായി രംഗത്തെത്തി.
തദ്ദേശീയ ഭാഷകളെ അപകടത്തിലാക്കുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്നതെന്നാണ് അസം സാഹിത്യ സഭയുടെ ജനറല്‍ സെക്രട്ടറി ജാദവ് ചന്ദ്ര ശര്‍മ പറഞ്ഞത്.
കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഇതിന് പിന്നാലെ നടക്കുന്നത്. 'ഹിന്ദി തെരിയാത് പോടാ' എന്ന പേരിലാണ് തമിഴ്‌നാട്ടില്‍ ക്യാംപയിന്‍ നടക്കുന്നത്.
ഇന്ത്യയുടെ ഐക്യത്തിന് കോട്ടം തട്ടുന്ന തരത്തിലുള്ള പ്രചരണമാണ് ഇതെന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പ്രതികരിച്ചത്. രാജ്യത്തിന്റെ വൈവിധ്യത്തെ തകര്‍ക്കാനുള്ള ശ്രമമാണ് ബിജെപിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. ഒരു ഭാഷ മതിയെന്ന വാദം ഒരിക്കലും ഏകത്വമുണ്ടാക്കില്ല. ബിജെപി ഒരേ തെറ്റ് ആവര്‍ത്തിക്കുകയാണ്. പക്ഷേ അവര്‍ക്കിതില്‍ വിജയിക്കാനികില്ല എന്നാണ് സ്റ്റാലിന്‍ പറഞ്ഞത്.