'പെട്രോള്‍ വില 200ലെത്തിയാല്‍ ഇരുചക്രവാഹനങ്ങളില്‍ മൂന്ന് പേരെ അനുവദിക്കാം'; പ്രഖ്യാപനവുമായി അസം ബി.ജെ.പി അധ്യക്ഷന്‍

'പെട്രോള്‍ വില 200ലെത്തിയാല്‍ ഇരുചക്രവാഹനങ്ങളില്‍ മൂന്ന് പേരെ അനുവദിക്കാം'; പ്രഖ്യാപനവുമായി അസം ബി.ജെ.പി അധ്യക്ഷന്‍
Published on

ദിനംപ്രതിയുള്ള ഇന്ധനവില വര്‍ധനവില്‍ പരാതികളും വിമര്‍ശനങ്ങളും ഉയരവെ വിവാദ പരാമര്‍ശവുമായി അസം ബി.ജെ.പി അധ്യക്ഷന്‍. പെട്രോള്‍ വില 200ലെത്തിയാല്‍ ഇരുചക്രവാഹനങ്ങളില്‍ മൂന്ന് പേരെ അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്നായിരുന്നു മുന്‍മന്ത്രി കൂടിയായ ഭബേഷ് കലിതയുടെ പ്രസ്താവന.

രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നതിനാല്‍ ഇന്ധനവില വര്‍ധന അനിവാര്യമാണെന്നും ഭബേഷ് കലിത പറയുന്നുണ്ട്. ആഢംബര കാറുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തി ഇരുചക്രവാഹനങ്ങള്‍ ഉപയോഗിച്ചാല്‍ ഇന്ധനം ലാഭിക്കാന്‍ കഴിയുമെന്നും, ഒരു പരിപാടിയില്‍ സംസാരിക്കവെ ബി.ജെ.പി നേതാവ് പറഞ്ഞു.

പെട്രോള്‍ ലിറ്ററിന് 200 രൂപയായാല്‍, ഇരുചക്രവാഹനങ്ങളില്‍ മൂന്ന് പേര്‍ക്ക് സഞ്ചരിക്കാമെന്ന് ഞാന്‍ പറയുന്നു. അങ്ങനെ സംഭവിക്കുമ്പോള്‍, സര്‍ക്കാരിന്റെ അനുവാദം നമുക്ക് നേടിയെടുക്കാം. വാഹനനിര്‍മ്മാതാക്കള്‍ മൂന്ന് സീറ്റുള്ള വാഹനം നിര്‍മ്മിക്കണമെന്നും ഭബേഷ് കലിത ആവശ്യപ്പെട്ടു.

വിവാദ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. സാധാരണക്കാരുടെ പ്രശ്‌നങ്ങളോടുള്ള ബി.ജെ.പിയുടെ സമീപനമാണ് അധ്യക്ഷന്റെ വാക്കുകളിലൂടെ വ്യക്തമാകുന്നതെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in