‘കാളവണ്ടി കാലത്തെ സമ്പദ്രായം മാറ്റണം’; ഡ്രൈവര്‍മാരെ ക്യൂ നിര്‍ത്തുന്ന പൊലീസ് രീതിക്കെതിരെ മുന്‍ ഡിജിപി
വാഹനപരിശോധനയ്ക്കിടെ ഡ്രൈവര്‍മാരെ പൊലീസിന്റെ അടുക്കലേക്ക് വിളിച്ച് ക്യൂ നിര്‍ത്തുന്ന രീതിക്കെതിരെ മുന്‍ സംസ്ഥാന പൊലീസ് മേധാവി ജേക്കബ് പുന്നൂസ്. ഇപ്പോഴും തുടരുന്നത് കാളവണ്ടിക്കാലത്തെ സമ്പ്രദായമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൗരന്‍മാരെ നിന്ദിക്കുന്ന ഈ രീതി ക്രൂരമാണ്. വിദേശരാജ്യങ്ങളുടേതിന് സമാനമായ ജനക്ഷേമ സേവനം ഇക്കാര്യത്തില്‍ പൊതുജനത്തിന് നല്‍കണമെന്നും മുന്‍ ഡിജിപി ഫേസ്ബുക്കില്‍ കുറിച്ചു. ഡ്രൈവറെ വാഹനത്തില്‍ നിന്ന് പുറത്തിറക്കാതെ വാഹനത്തിന് അടുത്തെത്തി പരിശോധന നടത്തുന്ന വിദേശ രാജ്യങ്ങളിലെ രീതിയും ഇവിടുത്തെ സമ്പ്രദായവും വ്യക്തമാക്കുന്ന ട്രോള്‍ ചൂണ്ടിക്കാട്ടിയാണ് ജേക്കബ് പുന്നൂസിന്റെ പ്രതികരണം.
ജേക്കബ് പുന്നൂസിന്റെ കുറിപ്പ്
“വളരെ അര്‍ത്ഥവത്തായ ട്രോളാണിത്. മിക്ക ആളുകളും ഇത് അനുഭവിക്കുന്നുണ്ട്, പക്ഷെ കുറച്ചുപേര്‍ മാത്രമേ പ്രതിഷേധിക്കുന്നുള്ളൂ. നിയമസാധുതയില്ലാതെ, അമിതാധികാരം പ്രയോഗിച്ച് ഡ്രൈവര്‍മാരെ വരി നിര്‍ത്തുന്നത് പൗരന്‍മാരെ നിന്ദിക്കലാണ്. രൂക്ഷമായ കാലാവസ്ഥയില്‍ അത് ക്രൂരവുമാണ്. നമ്മള്‍ ഉറപ്പായും ഈ രീതി മാറ്റണം. എന്റെ മുന്‍ഗാമികളേപ്പോളെ മെച്ചപ്പെട്ട ശൈലിയിലേക്ക് ഒരു മാറ്റമുണ്ടാക്കാന്‍ ഞാന്‍ ശ്രമിച്ചു. പക്ഷെ, ഏകദേശം ഒരു പതിറ്റാണ്ട് മുമ്പ് കാലങ്ങളായി നീണ്ടു നിന്ന ഈ സമ്പ്രദായം മാറ്റാന്‍ ഞാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടെന്ന് ഏറ്റുപറയുന്നു. പൊലീസും പൊതുജനവും പല ദശകങ്ങള്‍ കൊണ്ട് അതിനോട് പരുവപ്പെട്ടതാണ് അതിന്റെ ഭാഗിക കാരണം.
ഇപ്പോഴത്തെ രീതി കാളവണ്ടിയും കുതിര വണ്ടിയും പരിശോധിക്കുമ്പോള്‍ ആരംഭിച്ചതാകും. മൃഗങ്ങളുടെ അടുത്തോ പുറകിലോ നില്‍ക്കുന്നത് സുഖകരമല്ലെന്നോ, ഓഫീസര്‍ക്കോ യൂണിഫോമിനോ കോട്ടം തട്ടരുതെന്ന് കരുതിയോ മറ്റോ. മാറാന്‍ പാകമായിട്ടുള്ള സമയം ഇതായിരിക്കാം. കാരണം ആളുകള്‍ വിദേശത്തേതിന് സമാനമായ മെച്ചപ്പെട്ട പെരുമാറ്റം അറിയുകയും അവരത് പ്രതീക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഈ ട്രോളില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നതുപോലെ. കേരള പൊലീസ് പൊതുജനവികാരത്തോട് പ്രതികരിക്കുമെന്നും മാറ്റം വരുത്തുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. അത് പൊലീസിനെ കൂടുതല്‍ ജനപ്രിയമാക്കുകയും പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ജനങ്ങളുടെ ക്ഷേമമാണ് നല്ല പൊലീസിങ്ങിന്റെ അടിത്തറ.”