'എങ്ങനെപെരുമാറണമെന്നറിയാത്ത സംസ്‌കാരശൂന്യരെ സി.പി.എം ചര്‍ച്ചയ്ക്ക് പറഞ്ഞുവിടരുത്'; പ്രേക്ഷകരോട് ക്ഷമാപണവുമായി ഏഷ്യാനെറ്റ് ന്യൂസ്

'എങ്ങനെപെരുമാറണമെന്നറിയാത്ത സംസ്‌കാരശൂന്യരെ സി.പി.എം ചര്‍ച്ചയ്ക്ക് പറഞ്ഞുവിടരുത്'; പ്രേക്ഷകരോട് ക്ഷമാപണവുമായി ഏഷ്യാനെറ്റ് ന്യൂസ്
Published on

ചര്‍ച്ചയ്ക്കിടെ സി.പി.എം പ്രതിനിധി മോശംപദപ്രയോഗം നടത്തിയതില്‍ പ്രേക്ഷകരോട് ക്ഷമാപണവുമായി ഏഷ്യാനെറ്റ് ന്യൂസ്. ബുധനാഴ്ചയിലെ ന്യൂസ്അവര്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കുന്നു എന്ന വ്യാജേന സി.പി.എം പ്രതിനിധി മോശം പദപ്രയോഗം നടത്തിയതെന്നും, രണ്ടാമത്തെ പദം വായിക്കാന്‍ ഒരുങ്ങിയപ്പോള്‍ ഇടപെടുകയും പ്രക്ഷകരോട് മാപ്പ് പറയുകയും ചെയ്തിരുന്നുവെന്നും ഏഷ്യാനെറ്റ് ന്യൂസ് കോര്‍ഡിനേറ്റിങ് എഡിറ്റര്‍ വിനു വി. ജോണ്‍ പറഞ്ഞു.

ന്യൂസ് അവറില്‍ സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചു, അതിന് പ്രേക്ഷകരോട് അപ്പോള്‍ തന്നെ മാപ്പ് പറയുകയും ചെയ്തിരുന്നു. എന്നാല്‍ അതിന് ശേഷം ഒരുപാട് ആളുകള്‍ വിളിച്ചും, നേരിട്ട് ഓഫീസിലെത്തിയും സിപിഎം പ്രതിനിധി ചര്‍ച്ചയില്‍ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കുന്നു എന്ന വ്യാജേന ഉപയോഗിച്ച അശ്ലീല പദങ്ങളെ കുറിച്ച് പരാതി പറഞ്ഞുവെന്നും വിശദീകരണത്തില്‍ പറയുന്നു.

'ഒരിക്കലും ഒരു സ്ഥാപനത്തിലും ഒരു വാര്‍ത്താ മാധ്യമത്തിലും ഉണ്ടായിക്കൂടാത്തതാണ് ഇത്. പക്ഷെ ഞങ്ങളുടെ നിയന്ത്രണങ്ങള്‍ക്കപ്പുറത്തായിരുന്നു അത്. ഒരു രാഷ്ട്രീയപാര്‍ട്ടി അവരുടെ ഭാഗം പറയാന്‍ പാര്‍ട്ടി സെന്ററില്‍ നിന്ന് നിയോഗിക്കുന്ന ഒരാള്‍ , ഇങ്ങനെ അവിവേകത്തോടെ സംസ്‌കാരശൂന്യമായി ഇടപെടുമെന്നോ പെരുമാറുമെന്നോ നമുക്ക് ഊഹിക്കാനാകില്ലല്ലോ, അങ്ങനെയുള്ള അശ്ലീലപദം ഉപയോഗിച്ചു, രണ്ടാമത്തെ പദം വായിക്കാന്‍ ഒരുങ്ങിയപ്പോള്‍ തന്നെ ഇടപെട്ടു, ആവര്‍ത്തിക്കരുതെന്ന് പറഞ്ഞു. പിന്നീട് പലതവണ അതേകുറിച്ച് ആ ചര്‍ച്ചയില്‍ സൂചിപ്പിച്ചു. ഏറ്റവും ഒടുവില്‍ പ്രേക്ഷകരോട് മാപ്പ് പറയുകയും ചെയ്തു.

ഇത് ആളുകളെ ബാധിച്ചു, അമ്പരപ്പിച്ചു എന്നത് അത്യന്തം ദുഖകരമായ കാര്യമാണ്. ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ നേതാക്കള്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇതുപോലുള്ള ഒരു പൊതുവേദിയില്‍ എങ്ങനെ പെരുമാറണമെന്നറിയാത്ത സംസ്‌കാരശൂന്യരെ ദയവ് ചെയ്ത് സിപിഎം പോലുള്ള ഉന്നത രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത്തരം ചര്‍ച്ചകളിലേക്ക് പറഞ്ഞുവിടരുത്', വിനു വി ജോണ്‍ പറഞ്ഞു.

അതേസമയം ഏഷ്യാനെറ്റ് ന്യൂസിന് മറുപടിയുമായി ചര്‍ച്ചയില്‍ പങ്കെടുത്ത സി.പി.എം പ്രതിനിധി ഡോ.വി.പി.പി.മുസ്തഫ രംഗത്തെത്തി. മന്ത്രി കെ.ടി.ജലീലിനെതിരായ തികച്ചും അടിസ്ഥാന രഹിതമായ ചര്‍ച്ചയായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് നടത്തിയിരുന്നതെന്നും, അങ്ങനെ ഒരു വിഷയം ചര്‍ച്ചയ്ക്ക് എടുക്കുന്നതിന്റെ, ഏഷ്യാനെറ്റിനെ അതിന് പ്രേരിപ്പിച്ചതിന്റെ രാഷ്ട്രീയം വിശദീകരിക്കാനാണ് താന്‍ ശ്രമിച്ചതെന്നും വി.പി.പി.മുസ്തഫ പറഞ്ഞു.

'മാന്യനായ ഒരു പ്രവാസിയെ കെ.ടി.ജലീല്‍ അന്യായമായി ദ്രോഹിച്ചുകൊണ്ടിരിക്കുന്നു എന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചപ്പോള്‍, സ്വാഭാവികമായും അവര്‍ മാന്യനായ പ്രവാസിയായി അവതരിപ്പിക്കുന്നയാള്‍ അത്തരത്തില്‍ ഒരു മാന്യനല്ലെന്നും ഒരു പൊതുസമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ പോലും പറ്റിയ ആളല്ലെന്നും വിശദീകരിക്കേണ്ടത് സി.പി.ഐ.എമ്മിനെ പ്രതിനിധീകരിക്കുന്ന ആളെന്ന നിലയില്‍ എന്റെ ചുമതലയായിരുന്നു. അയാള്‍ എത്രമാത്രം സ്ത്രീവിരുദ്ധനാണ്, സാമൂഹ്യവിരുദ്ധനാണ് എന്നത് സ്ഥാപിച്ചിട്ടല്ലാതെ ഈ ചര്‍ച്ച തുടരാനാകുമോ?

യാസിര്‍ എടപ്പാളിന്റെ ശരിയായ മുഖം പ്രേക്ഷകര്‍ക്ക് മനസിലാകാന്‍ അയാളുടെ പോസ്റ്റുകളില്‍ ഒരെണ്ണം, അതും പൂര്‍ണമായല്ല ആദ്യത്തെ മൂന്നോ നാലോ വരികളെ ഞാന്‍ വായിച്ചിട്ടുള്ളൂ, ഇതാണ് ഉണ്ടായത്. ഏഷ്യാനെറ്റും വിനു വി ജോണും അവകാശപ്പെടുന്നത് അവര്‍ നിക്ഷ്പക്ഷ മാധ്യമമാണെന്നാണ്. പക്ഷെ അങ്ങനെ ഒരു ചര്‍ച്ചയാണോ നടത്തിയതെന്നും വി.പി.പി.മുസ്തഫ ചോദിക്കുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in