'കലാകാരനെ ക്ഷണിക്കുകയും പിന്നെ ഒഴിവാക്കുകയും ചെയ്യുന്നത് തെറ്റ്', ഹരീഷ് പേരടിയോട് മാപ്പ് ചോദിക്കുന്നുവെന്ന് അശോകന്‍ ചരുവില്‍

'കലാകാരനെ ക്ഷണിക്കുകയും പിന്നെ ഒഴിവാക്കുകയും ചെയ്യുന്നത് തെറ്റ്', ഹരീഷ് പേരടിയോട് മാപ്പ് ചോദിക്കുന്നുവെന്ന് അശോകന്‍ ചരുവില്‍
Published on

അന്തരിച്ച നാടക സംവിധായകന്‍ എ. ശാന്തന്‍ അനുസ്മരണ പരിപാടിയില്‍ നിന്ന് നടന്‍ ഹരീഷ് പേരടിയെ ഒഴിവാക്കിയ സംഭവത്തില്‍ മാപ്പ് ചോദിച്ച് പുരോഗമന കലാസാഹിത്യ സംഘം ജനറല്‍ സെക്രട്ടറി അശോകന്‍ ചരുവില്‍.

പരിപാടിയില്‍ പങ്കെടുക്കാന്‍ ഒരു കലാകാരനെ ക്ഷണിക്കുകയും പിന്നെ ഒഴിവാക്കുകയും ചെയ്യുന്നത് തെറ്റാണ്. അത്തരമൊരു സാഹചര്യമുണ്ടായിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നു. ഹരീഷ് പേരടിയോട് നിര്‍വ്യാജം മാപ്പു ചോദിക്കുന്നു എന്നും അശോകന്‍ ചരുവില്‍ പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു പ്രിതികരണം.

ഹരീഷ് പേരടിയെ ഒഴിവാക്കിയ വിവരം സമൂഹമാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും രാജ്യത്ത് ഇല്ലാത്തതു കൊണ്ട് ഇതു സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും അറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും അശോകന്‍ ചരുവില്‍ പറഞ്ഞു.

ജനവിരുദ്ധമായി തീര്‍ന്ന ഇന്ത്യന്‍ ഭരണകൂടത്തിനെതിരെ ജനകീയ ബദല്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു സംസ്ഥാന സര്‍ക്കാരാണ് കേരളത്തില്‍ ഉള്ളത്. ഈ ജനകീയ സര്‍ക്കാര്‍ രാജ്യം മുഴുവനുമുള്ള ജനാധിപത്യവാദികളുടേയും അടിച്ചമര്‍ത്തപ്പെടുന്ന ജനവിഭാഗങ്ങളുടേയും വലിയ പ്രതീക്ഷയാണ്. അതുപോലെ തന്നെ വര്‍ഗ്ഗീയ ഭീകര കേന്ദ്രഭരണകൂടത്തിന്റെ കണ്ണിലെ കരടുമാണ്. അതുകൊണ്ടു തന്നെ സംസ്ഥാന സര്‍ക്കാരിനൊപ്പം പു ക സ ഇപ്പോള്‍ നിലയുറപ്പിക്കുന്നു.

ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികളേയും നേതാക്കളേയും അവയുടെ നേതൃത്തത്തിലുള്ള സംസ്ഥാന സര്‍ക്കാരുകളേയും കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ്സ് നേതാക്കളായ സോണിയാ ഗാന്ധിക്കും. രാഹുല്‍ ഗാന്ധിക്കും എതിരായുള്ള നീക്കം അതിന്റെ ഭാഗമാണ്. ഇന്ത്യയിലെ പ്രതിപക്ഷനിരയിലെ ഏറ്റവും ജനപിന്തുണയുള്ള നേതാവും കേരള മുഖ്യമന്ത്രിയുമായ സഖാവ് പിണറായി വിജയനെതിരായ വേട്ട തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പല തവണ പരാജയപ്പെട്ടിട്ടും ലജ്ജയില്ലാതെ ആ പ്രവര്‍ത്തനം അവര്‍ തുടരുന്നു. അതുകൊണ്ട് ആര്‍.എസ്.എസ്. സംവിധാനം ചെയ്യുന്ന ഇത്തരം നീക്കങ്ങളെ ന്യായീകരിക്കുന്നവരുമായി സഹകരിക്കാന്‍ പു ക സ ക്ക് തല്‍ക്കാലം നിവര്‍ത്തിയില്ല എന്ന വിവരം ഖേദത്തോടെ അറിയിക്കുന്നുവെന്നും എന്നാല്‍ അത് ഹരീഷ് പേരടിയെ ഉദ്ദശിച്ചല്ലെന്നും അശോകന്‍ ചരുവില്‍ പറഞ്ഞു.

ഇടതുപക്ഷത്തെയും മുഖ്യമന്ത്രിയെയും നിന്ദ്യമായ ഭാഷയില്‍ അധിക്ഷേപിച്ചതിനാലാണ് പു.ക.സ ശാന്തന്‍ അനുസ്മരണ പരിപാടിയില്‍ നിന്ന് ഹരീഷ് പേരടിയെ ഒഴിവാക്കിയതെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി യു ഹേമന്ദ് കുമാര്‍ പറഞ്ഞു. കറുത്ത മാസ്‌ക് സംബന്ധിച്ച ഹരീഷ് പേരടിയുടെ പോസ്റ്റുംതീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചു. ചടങ്ങില്‍ നിന്ന് ഒഴിവാക്കുന്ന കാര്യം ഹരീഷിനെ അറിയിക്കാന്‍ വൈകിപോയെന്ന് ഹേമന്ദ് പറഞ്ഞു.

ശാന്തന്‍ അനുസ്മരണ പരിപാടിക്കായി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നതിനുവേണ്ടിയായിരുന്നു ഹരീഷിനെ ക്ഷണിച്ചത്. ക്ഷണമനസരിച്ച് എറണാകുളത്ത് നിന്ന് കോഴിക്കോട്ടേക്ക് ഉദ്ഘാടനത്തിനായി പോയ ശേഷമാണ് ചടങ്ങില്‍ നിന്ന് ഒഴിവാക്കിയ വിവരം അറിയിച്ചതെന്ന് ഹരീഷ് പേരടി ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in