ബി.ജെ.പിയെ സര്‍ക്കാരുകളുടെ സീരിയല്‍ കില്ലര്‍ എന്ന് വിളിച്ച് അരവിന്ദ് കെജ്‌രിവാള്‍. ബി.ജെ.പിക്ക് ആം ആദ്മി പാര്‍ട്ടിയുടെ ഒരു എം.എല്‍.എയെ പോലും സ്വാധീനത്തിലൂടെയും പ്രലോഭനത്തിലൂടെയും പിടിച്ചെടുക്കാന്‍ സാധിച്ചിട്ടില്ലെന്ന് കാണിക്കാന്‍ ഡല്‍ഹിയില്‍ വിശ്വാസ വോട്ടെടുപ്പ് നേരിടാന്‍ താന്‍ തയ്യാറാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.
'' ഒരു ആം ആദ്മി എം.എല്‍.എയെ പോലും ബി.ജെ.പിക്ക് സ്വന്തമാക്കാനായില്ലെന്ന് തെളിയിക്കാന്‍ അസംബ്ലിയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ആഗ്രഹിക്കുന്നുണ്ട്, ബി.ജെ.പിയുടെ ഓപ്പറേഷന്‍ താമര ഓപ്പറേഷന്‍ ചെളിയായി. ബി.ജെ.പി സര്‍ക്കാരുകളുടെ സീരിയല്‍ കില്ലറാണ്,'' കെജ്‌രിവാള്‍ പറഞ്ഞു.
ബി.ജെ.പി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കുകയാണ്. ഇതുവരെ ഗോവ, അസം, കര്‍ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, ബിഹാര്‍, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, മേഘാലയ സര്‍ക്കാരുകളെ അവര്‍ അട്ടിമറിച്ചിട്ടു. ഇപ്പോള്‍ ഡല്‍ഹിയില്‍ എത്തിയിരിക്കുകയാണെന്നും കെജ്‌രിവാള്‍. ബി.ജെ.പി കഴിഞ്ഞ വര്‍ഷങ്ങളില്‍ 277 എം.എല്‍.എമാരെയാണ് വിലക്ക് വാങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആം ആദ്മിയുടെ വലിയ ജനപ്രീതി നേടിയ സര്‍ക്കാരിനെ അട്ടിമറിക്കുകയാണ് ബി.ജെ.പി ലക്ഷ്യം. എല്ലാ ദേശവിരുദ്ധ ശക്തികളും ഡല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാരിനെതിരെ ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.