അരുന്ധതി റോയിക്ക് പെന്‍ പിന്റര്‍ പുരസ്‌കാരം; അവാര്‍ഡ് പ്രഖ്യാപനം യുഎപിഎ അന്വേഷണത്തിനായുള്ള നടപടികള്‍ക്കിടെ

അരുന്ധതി റോയിക്ക് പെന്‍ പിന്റര്‍ പുരസ്‌കാരം; അവാര്‍ഡ് പ്രഖ്യാപനം യുഎപിഎ അന്വേഷണത്തിനായുള്ള നടപടികള്‍ക്കിടെ

Published on

അരുന്ധതി റോയിക്ക് പെന്‍ പിന്റര്‍ പുരസ്‌കാരം. അചഞ്ചലവും ധീരവുമായ എഴുത്തിനാണ് ഈ അന്താരാഷ്ട്ര പുരസ്‌കാരം നല്‍കുന്നത്. സല്‍മാന്‍ റുഷ്ദി അടക്കമുള്ള എഴുത്തുകാര്‍ മുന്‍പ് നേടിയിട്ടുള്ള ഈ പുരസ്‌കാരം യുഎപിഎ ചുമത്താനുള്ള ഉത്തരവ് ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ പുറപ്പെടുവിച്ചതിനു പിന്നാലെയാണ് അരുന്ധതി റോയിക്ക് ലഭിച്ചത്. നൊബേല്‍ പുരസ്‌കാര ജേതാവും നാടകകൃത്തുമായ ഹാരോള്‍ഡ് പിന്ററിന്റെ സ്മരണാര്‍ത്ഥം ഇംഗ്ലീഷ് പെന്‍ എന്ന ബ്രിട്ടീഷ് സന്നദ്ധ സംഘടന ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണ് ഇത്. പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ലോകം ഇപ്പോള്‍ സ്വീകരിക്കുന്ന ദുര്‍ഗ്രാഹ്യമായ വഴികളെക്കുറിച്ച് എഴുതാന്‍ പിന്റര്‍ ഇപ്പോഴും നമുക്കൊപ്പമുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുകയാണെന്നും അരുന്ധതി പ്രതികരിച്ചു.

ഇംഗ്ലീഷ് പെന്‍ അധ്യക്ഷ റൂത്ത് ബോര്‍ത്ത്വിക്ക്, നടനും ആക്ടിവിസ്റ്റുമായ ഖാലിദ് അബ്ദല്ല, സംഗീതജ്ഞനും എഴുത്തുകാരനുമായ റോജര്‍ റോബിന്‍സണ്‍ എന്നിവരുടെ ജൂറിയാണ് അരുന്ധതിയെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. ഒക്ടോബര്‍ 10ന് ബ്രിട്ടീഷ് ലൈബ്രറിയില്‍ വെച്ചാണ് പുരസ്‌കാരദാനം. അനീതികളെക്കുറിച്ച് ബുദ്ധിപരവും മനോഹരവുമായി ഒഴിവാക്കാനാവാത്ത വിധത്തിലാണ് അരുന്ധതി കഥകള്‍ എഴുതുന്നതെന്ന് ജൂറി പറഞ്ഞു. ഇന്ത്യയാണ് പ്രധാനമായും ശ്രദ്ധിക്കുന്നതെങ്കിലും അരുന്ധതി ഒരു അന്താരാഷ്ട്ര ചിന്തകയാണ്. അവരുടെ ശക്തമായ ശബ്ദം ഇല്ലാതാക്കപ്പെടരുതെന്നും റൂത്ത് ബോര്‍ത്ത്വിക്ക് പറഞ്ഞു.

രണ്ടാഴ്ച മുന്‍പാണ് അരുന്ധതിക്കെതിരെ യുഎപിഎ ചുമത്താന്‍ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ.സക്‌സേന ഉത്തരവിറക്കിയത്. 2010ല്‍ അരുന്ധതി കശ്മീരിനെക്കുറിച്ച് നടത്തിയ ചില പരാമര്‍ശങ്ങള്‍ വിഘടനവാദം പരത്തുന്നതാണെന്ന ആരോപണം ഉന്നയിച്ചാണ് നടപടി. ന്യൂഡല്‍ഹിയിലെ എല്‍ടിജി ഓഡിറ്റോറിയത്തില്‍ 2010ല്‍ നടന്ന ആസാദി-ദി ഒണ്‍ലി വേ എന്ന പരിപാടിയില്‍ നടത്തിയ പരാമര്‍ശങ്ങളിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. പരിപാടിയില്‍ പങ്കെടുത്ത കാശ്മീര്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഇന്റര്‍നാഷണല്‍ ലോ മുന്‍ പ്രൊഫസര്‍ ഷെയ്ക്ക് ഷൗക്കത്ത് ഹുസൈനെതിരെയും യുഎപിഎ ചുമത്താന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനുമതി നല്‍കിയിട്ടുണ്ട്.

logo
The Cue
www.thecue.in