ബിജെപിയില്‍ നിന്നെത്തിയ ഇന്റലക്ച്വല്‍ ചീഫിനെ പാര്‍ട്ടിയുടെ മുഖ്യ ചുമതലക്കാരനാക്കി രജനികാന്ത്

ബിജെപിയില്‍ നിന്നെത്തിയ ഇന്റലക്ച്വല്‍ ചീഫിനെ പാര്‍ട്ടിയുടെ മുഖ്യ ചുമതലക്കാരനാക്കി രജനികാന്ത്
Published on

ഏറെ നാള്‍ നീണ്ടു നിന്ന അഭ്യൂഹങ്ങള്‍ക്ക് ശേഷമുണ്ടായ രജനികാന്തിന്റെ പാര്‍ട്ടി സംബന്ധിച്ച പ്രഖ്യാപനം പുതിയ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. രജനിയുടെ പാര്‍ട്ടി തമിഴ്‌നാട് രാഷ്ട്രീയത്തില്‍ എന്ത് മാറ്റമുണ്ടാക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലുള്‍പ്പടെ പാര്‍ട്ടി ആര്‍ക്കൊപ്പം നില്‍ക്കുമെന്ന ചര്‍ച്ചകള്‍ക്കൊപ്പം, രജനികാന്തിന്റെ ഇപ്പോഴത്തെ നീക്കത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്.

ബുധനാഴ്ച വരെ ബി.ജെ.പിയുടെ സംസ്ഥാനത്തെ ഇന്റലക്ച്വല്‍ വിങ് അധ്യക്ഷനായിരുന്ന അര്‍ജുന മൂര്‍ത്തി ഇന്ന് രജനിയുടെ പാര്‍ട്ടിയുടെ ചീഫ് കോര്‍ഡിനേറ്ററായി ചുമതലയേറ്റതാണ്, പുതിയ പാര്‍ട്ടി ബി.ജെ.പിയുടെ ബി ടീമാകുമെന്ന ആരോപണങ്ങള്‍ക്ക് ചൂടുപിടിപ്പിച്ചത്. ഇന്നലെയാണ് അര്‍ജുനമൂര്‍ത്തി ബി.ജെ.പിയില്‍ നിന്ന് രാജി വെച്ചത്. രജനികാന്തിന്റെ ട്വിറ്റര്‍ പേജടക്കമുള്ള സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഇനി കൈകാര്യം ചെയ്യുക അര്‍ജുനമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള ടീമായിരിക്കും.

തമിഴ്‌നാട്ടില്‍ സ്വാധീനമുണ്ടാക്കുക എന്ന ലക്ഷ്യവുമായി ബി.ജെ.പി നടത്തുന്ന വേല്‍ യാത്രയുടെ ആസൂത്രകനാണ് അര്‍ജുനമൂര്‍ത്തി. മാത്രമല്ല ബി.ജെ.പിയിലെ മുതിര്‍ന്ന നേതാക്കളുമായുള്‍പ്പടെ അടുത്ത ബന്ധം സൂക്ഷിക്കുന്ന നേതാവ് കൂടിയാണ് അദ്ദേഹം. അങ്ങനെയുള്ള അര്‍ജുന മൂര്‍ത്തി പാര്‍ട്ടി വിട്ടതും, ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കാരു നാഗരാജന്‍ വിശദീകരണങ്ങളില്ലാതെ രാജി സ്വീകരിച്ചതുമെല്ലാം വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

കടുത്ത ആര്‍.എസ്.എസ് അനുഭാവി എന്ന് അറിയപ്പെട്ടിരുന്ന അര്‍ജുന മൂര്‍ത്തിയാണ് ആദ്യമായി ബി.ജെ.പിയുടെ ബിസിനസ് വിങ് കൈകാര്യം ചെയ്തത്. നിലവില്‍ ബി.ജെ.പിയുടെ എല്ലാ സുപ്രധാന പദവികളില്‍ നിന്നും അര്‍ജുനമൂര്‍ത്തിയെ മാറ്റിയിട്ടുണ്ട്.

പാര്‍ട്ടിയുടെ ചീഫ് കോര്‍ഡിനേറ്ററായി ചുമതലയേറ്റതിന് പിന്നാലെ, നേതാവിന് നന്ദിയെന്നായിരുന്നു മൂര്‍ത്തി ട്വിറ്ററില്‍ കുറിച്ചത്. ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ മന്ത്രിയുമായ സി.ടി. രവിയെ അഭിനന്ദിച്ചു കൊണ്ടുള്ളതായിരുന്നു ഇതിന് മുമ്പ് അര്‍ജുനമൂര്‍ത്തിയുടേതായി പോസ്റ്റ് ചെയ്ത ട്വീറ്റ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബിജെപിയില്‍ നിന്നെത്തിയ ഇന്റലക്ച്വല്‍ ചീഫിനെ പാര്‍ട്ടിയുടെ മുഖ്യ ചുമതലക്കാരനാക്കി രജനികാന്ത്
'ജയിച്ചാല്‍ അത് ജനങ്ങളുടെ വിജയം, തോറ്റാല്‍ ജനങ്ങളുടെ തോല്‍വി'; തന്റേത് ജാതിയും മതവുമില്ലാത്ത രാഷ്ട്രീയമെന്ന് രജനികാന്ത്

അതേസമയം രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശം സ്വാഗതം ചെയ്ത് ബി.ജെ.പി രംഗത്തെത്തി. ആശയങ്ങള്‍ ഒരുമിച്ച് പോകുന്നതാണെന്നും, സഖ്യത്തിന് തയ്യാറാണെന്നുമായിരുന്നു ബി.ജെ.പി വക്താവ് നാരായണന്‍ തിരുപതി പറഞ്ഞത്. രജനി ബി.ജെ.പിയെ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in