അഭയാർത്ഥികളുടെ കാര്യത്തിൽ യൂറോപ്പിന് രണ്ട് നയമെന്ന് അറബ് അഭയാർത്ഥികൾ. റോയിട്ടേഴ്സിന്റെ റിപ്പോർട്ടിലാണ് യുദ്ധത്തെ തുടർന്ന് സിറിയയിൽ നിന്നും യൂറോപ്പിലേക്ക് പലയാനം ചെയ്യാൻ വർഷങ്ങളായി ശ്രമിച്ചിട്ടും പരാജയപ്പെട്ടവരുടെ കഥ പറയുന്നത്.
സിറിയൻ അഭയാർത്ഥിയായ അഹമ്മദ് അൽ ഹാരിരി തന്റെ രാജ്യത്തെ യുദ്ധത്തെ തുടർന്നാണ് അയൽ രാജ്യമായ ലെബനനിലേക്ക് പലായനം ചെയ്യുന്നത്. കഴിഞ്ഞ പത്ത് വർഷമായി യൂറോപ്പിൽ ഒരു പുതുജീവിതം കെട്ടിപ്പെടുക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ ജീവിക്കുകയാണ് അദ്ദേഹം.
ഇപ്പോൾ യുക്രൈനിൽ നിന്ന് പലയാനം ചെയ്ത് യൂറോപ്പിലെത്തുന്നവരെ രാജ്യങ്ങൾ സ്വീകരിക്കുന്നത് കാണുമ്പോൾ വിധിയെ പഴിക്കുകയല്ലാതെ തങ്ങൾക്ക് മറ്റൊന്നും ചെയ്യാനില്ലെന്ന് അഹമ്മദ് പറയുന്നു.
ഞങ്ങളെ അത്ഭുതപ്പെടുത്തുന്നത് യുക്രൈൻ സ്വദേശികൾക്ക് യൂറോപ്പ്യൻ രാജ്യങ്ങൾ നൽകുന്ന സ്വീകരണമാണ്. സിറിയയിൽ നിന്നുള്ള അഭയാർത്ഥികളായ ഞങ്ങൾ വർഷങ്ങളായി കൊടും തണുപ്പത്തും വെയിലത്തും മരണത്തെ മുന്നിൽ കണ്ട് ഈ ടെന്റുകളിൽ കഴിയുകയാണ്. ഞങ്ങളെ ആരും തിരിഞ്ഞ് നോക്കുന്നു പോലുമില്ല, റോയിട്ടേഴ്സിനോട് അഹമ്മദ് പറഞ്ഞു.
ഏകദേശം 12 ദശലക്ഷം സിറിയൻ പൗരന്മാർ യുദ്ധത്തെ തുടർന്ന് പറിച്ചുമാറ്റപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ.
റഷ്യൻ ആക്രമണത്തെ തുടർന്ന് യുക്രൈനിൽ നിന്നുള്ള നാൽപതിനായിരത്തിലധികം അഭയാർത്ഥികളാണ് യുദ്ധത്തിന്റെ ആദ്യദിനങ്ങളിൽ മാത്രമായി യൂറോപ്പിൽ അഭയം തേടിയത്. സിറിയയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ട് പത്ത് വർഷത്തിന് ശേഷം യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ ഒരു ദശലക്ഷം സിറിയൻ അഭയാർത്ഥികളെ മാത്രമാണ് ഏറ്റെടുത്തത്.
ഞങ്ങൾ സ്വീകരിച്ചതുപോലെയുള്ള, അവ്യക്തമായ ഭൂതകാലമുള്ള അഭയാർത്ഥികളല്ല യുക്രൈനിൽ നിന്ന് വരുന്നതെന്നാണ് ബൾഗേരിയയുടെ പ്രധാനമന്ത്രി കിറിൽ പെറ്റ്കോവ് യുക്രൈനിയൻ ജനതയെ ഉയർന്ന യോഗ്യതകൾ ഉള്ളവരെന്നും ബുദ്ധിമാൻമാരെന്നും വിളിച്ചു കൊണ്ട് പറഞ്ഞത്. കഴിഞ്ഞ വർഷം സിറിയയിൽ നിന്നുള്ള 3800 പേരെ ബൾഗേരിയ സ്വീകരിച്ചിരുന്നു.
മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ളവർ മറ്റ് സുരക്ഷിതമായ രാജ്യങ്ങളുടെ അതിർത്തി കടന്നാണ് എത്തുന്നത്, അതുകൊണ്ട് തന്നെ അവരെ സ്വീകരിക്കാനുള്ള ബാധ്യത ആ രാജ്യങ്ങൾക്കുണ്ടെന്നാണ് ഹംഗറിയും പോളണ്ടും പറയുന്നത്. അനധികൃതമായി തങ്ങളുടെ രാജ്യത്ത് എത്തുന്നവരും, യുദ്ധത്തെ തുടർന്ന് പലായനം ചെയ്ത് വരുന്നവരും തമ്മിൽ വ്യത്യസ്തയുണ്ടെന്നാണ് ഹംഗറിയുടെ വിദേശകാര്യമന്ത്രി ജനീവയിലെ യുണൈറ്റഡ് നാഷണൻസ് യോഗത്തിൽ പറഞ്ഞത്.