മൃതദേഹം വിട്ടുകിട്ടാന്‍ അന്ന് വളയൂരി നല്‍കി ; ക്യാന്‍സര്‍ രോഗികള്‍ക്കായി മുഴുവനായി മുടി ദാനം ചെയ്ത് അപര്‍ണ ലവകുമാര്‍
അര്‍ബുദ രോഗികള്‍ക്ക് വിഗ് ഉണ്ടാക്കി നല്‍കാനായി മുടി ദാനം ചെയ്ത് വീണ്ടും ശ്രദ്ധയാകര്‍ഷിക്കുകയാണ് അപര്‍ണ ലവകുമാര്‍ എന്ന പൊലീസ് ഓഫീസര്‍. ആശുപത്രിയില്‍ മരണപ്പെട്ട സ്ത്രീയുടെ മൃതദേഹം വിട്ടുകിട്ടാന്‍ പണമില്ലാതിരുന്ന കുടുംബത്തിന് മൂന്ന് സ്വര്‍ണ വളകള്‍ ഊരി നല്‍കി നേരത്തെയും അപര്‍ണ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. ഒല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ വനിതാ കോണ്‍സ്റ്റബിളായിരിക്കെയാണിത്. ഇപ്പോള്‍ തൃശൂര്‍ റൂറല്‍ വനിതാ പൊലീസ് സ്റ്റേഷനില്‍ സിവില്‍ പൊലീസ് ഓഫീസറായി സേവനമനുഷഠിക്കുകയാണ് അപര്‍ണ.
കീമോതെറാപ്പിക്ക് ശേഷം മുടി നഷ്ടമാകുന്ന അര്‍ബുദരോഗികള്‍ക്ക് വിഗ്ഗ് ഉണ്ടാക്കാനായി അപര്‍ണ തന്റ നീളന്‍മുടി ദാനം ചെയ്യുകയായിരുന്നു.തൃശൂര്‍ അമല ആശുപത്രിക്കാണ് മുടി കൈമാറിയത്. മൂന്ന് വര്‍ഷം മുന്‍പ് 80 ശതമാനത്തോളം മുടി അപര്‍ണ മുറിച്ച് നല്‍കിയിരുന്നു. എന്നാല്‍ ഇക്കുറി മുഴുവനായും വെട്ടി മൊട്ടയടിക്കുകയായിരുന്നു. ഇക്കാര്യം പൊലീസ് ഉദ്യോഗസ്ഥനായ സാജു ഫ്രാന്‍സിസ് ഫെയ്‌സ്ബുക്കില്‍ പങ്കുവെയ്ക്കുകയായിരുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം
അലങ്കാരമായി കിട്ടിയതെന്തും ആളുകള്‍ അഹങ്കാരത്തോടെ കൊണ്ടുനടക്കുന്ന ഈ കാലത്ത്, തനിക്കു ദൈവം അനുഗ്രഹമായി നല്‍കിയ നീളമുള്ള തലമുടി വെട്ടി, മുടി കൊഴിഞ്ഞ ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗ് ഉണ്ടാക്കുന്നതിനായി തൃശൂരിലെ അമല ഹോസ്പിറ്റലില്‍ ദാനം ചെയ്തിരിക്കുകയാണ് തൃശൂര്‍ റൂറല്‍ വനിതാ പോലീസ് സ്റ്റേഷനില്‍ (ഇരിഞ്ഞാലക്കുട) സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ആയി ജോലി നോക്കുന്ന ശ്രീമതി. അപര്‍ണ്ണ (Aparna Lavakumar).
.
മൂന്നുവര്‍ഷം മുമ്പും തന്‍റെ തലമുടി 80 % നീളത്തില്‍ മുറിച്ച്, ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗ് ഉണ്ടാക്കുന്നതിനായി ഈ അപര്‍ണ്ണ ദാനം നല്‍കിയിരുന്നു. എന്നാല്‍ ഇത്തവണ തലമുടി മുഴുവനായും വെട്ടിയാണ്, സ്വന്തം തല മൊട്ടയാക്കിയാണ് മുടി ദാനം ചെയ്തിരിക്കുന്നത്. മൂന്നുവര്‍ഷം കൊണ്ടുതന്നെ, അങ്ങേയറ്റംവരെ വെട്ടിയ തലമുടി, വീണ്ടും കാല്‍മുട്ടിനു താഴെവരെ വളര്‍ന്നുവന്നു എന്നതും, കാരുണ്യം കാണിക്കുന്നവരെ ദൈവം അകമഴിഞ്ഞു സ്നേഹിക്കുന്നുണ്ട് എന്നതിന് തെളിവാണ്.
.
ക്യാന്‍സര്‍ ബോധവത്കരണത്തെ കുറിച്ച് വാ തോരാതെ പ്രസംഗിക്കാന്‍ ഇവിടെ ആയിരംപേരുണ്ട്. പക്ഷേ ക്യാന്‍സര്‍ രോഗികള്‍ക്കായി പ്രവര്‍ത്തിക്കാന്‍, അകമഴിഞ്ഞു സഹായിക്കാന്‍ ഇതുപോലുള്ള ചുരുക്കം ചിലരേയുള്ളൂ.
.
അപര്‍ണയെ സംബന്ധിച്ചിടത്തോളം, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ അവരുടെ കൂടപ്പിറപ്പാണ്. ടി.വി-പത്ര മാധ്യമങ്ങളിലും ഫെയ്സ് ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയകളിലും പണ്ടുമുതല്‍ തന്നെ അപര്‍ണയുടെ പല കാരുണ്യ പ്രവര്‍ത്തികളും വാര്‍ത്ത ആയിട്ടുണ്ട്, പലതും വൈറലും ആയിട്ടുണ്ട്. ഹോസ്പിറ്റലില്‍ ബില്ലടയ്ക്കാന്‍ നിവൃത്തിയില്ലാതെ നിന്ന ഒരു സാധുവിന് തന്‍റെ കയ്യില്‍ കിടന്ന സ്വര്‍ണ്ണവള ഊരി നല്‍കിയതും, തെരുവില്‍ അലഞ്ഞുതിരിഞ്ഞു നടന്ന ഒരു വൃദ്ധയെ പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി കുളിപ്പിച്ച് വൃത്തിയാക്കി ബന്ധുക്കള്‍ക്ക് തിരികെ ഏല്‍പ്പിച്ചതും, അപകടം പറ്റിയ ഒരാളെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പ്രഥമ ശുശ്രൂഷ ചെയ്യാന്‍ തത്സമയം അവിടെ ആളില്ലെന്ന് കണ്ട് ഒരു പ്രൊഫഷണല്‍ നഴ്സിനെപ്പോലെതന്നെ ആ അപകടം പറ്റിയ ആളെ ശുശ്രൂഷിച്ചതുമൊക്കെ അപര്‍ണ്ണയുടെ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ചിലതുമാത്രം.
.
കാരുണ്യത്തിന്‍റെ കാര്യത്തില്‍ മാത്രമല്ല, കരുത്തിലും ഒരുപടി മുന്നില്‍ത്തന്നെയാണ് അപര്‍ണ്ണ. "മൃദുഭാവേ ദൃഢകൃത്യേ" എന്ന പോലീസിന്‍റെ ആപ്തവാക്യം അപര്‍ണ്ണയുടെ കാര്യത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. "ഓളപ്പരപ്പിലെ ഒളിംപിക്സ്" എന്നറിയപ്പെടുന്ന നെഹ്റു ട്രോഫി വള്ളംകളി മത്സരത്തില്‍ ഇത്തവണ തെക്കനോടി വിഭാഗത്തില്‍ ഒന്നാമതെത്തി ട്രോഫി കരസ്ഥമാക്കിയത് അപര്‍ണ്ണകൂടി തുഴയെറിഞ്ഞ കേരളാ പോലീസിന്‍റെ വനിതാ ടീം ആണ്.
.
തന്‍റെ കാരുണ്യ പ്രവര്‍ത്തനങ്ങളെയും കര്‍മ്മ ധീരതയെയും പ്രശംസിച്ചുകൊണ്ട് നിരവധി പുരസ്കാരങ്ങള്‍ അപര്‍ണ്ണയ്ക്ക് ലഭിച്ചിട്ടുണ്ട്. സേവനകാലത്തുടനീളം പ്രകടിപ്പിച്ച മികവിനും ആത്മാർത്ഥതയ്ക്കും കർമ്മധീരതയ്ക്കും, കൃത്യനിർവ്വഹണത്തിലുള്ള അർപ്പണ മനോഭാവത്തിനുമുള്ള പ്രശസ്ത സേവനത്തിനുള്ള 2015-ലെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലും അപര്‍ണ്ണയ്ക്ക് ലഭിക്കുകയുണ്ടായി. അവാർഡുകൾക്ക് നിറമുണ്ടാകുന്നത് അത് അർഹരുടെ നെഞ്ചിലേറുമ്പോഴാണ്.
.
ഇങ്ങനെയുള്ള പല നല്ല കാര്യങ്ങളും, നമ്മളൊക്കെ അറിയുന്നില്ലെങ്കിലും, ഈ ലോകത്തു നടക്കുന്നുണ്ട്... ഇത്തരം കാരുണ്യ മനസ്സുകള്‍ അപൂര്‍വമായെങ്കിലും ഈ ലോകത്ത് ഉള്ളതുകൊണ്ടാണ് ഈ ലോകം ഇന്നും നിലനില്‍ക്കുന്നതുതന്നെ. കേരളാ പോലീസിന്‍റെ അഭിമാനമുത്തായ അപര്‍ണ്ണയെ നമുക്ക് ഹൃദയംനിറഞ്ഞ് അഭിനന്ദിക്കാം... അപര്‍ണ്ണ എല്ലാവര്‍ക്കും ഒരു പ്രചോദനവും മാതൃകയും ആയി മാറുന്നതിനും, അപര്‍ണയെപ്പോലുള്ളവരെ എല്ലാവരും തിരിച്ചറിയുന്നതിനുമായി നമുക്ക് ഈ പോസ്റ്റ് ഷെയര്‍ ചെയ്യാം.