വിദ്യാര്‍ത്ഥിക്ക് തിരുത്താന്‍ അവസരം; നിയമനടപടിക്കില്ലെന്ന് കൗമാരക്കാരന്‍ മോശമായി പെരുമാറിയ അപര്‍ണ്ണ

വിദ്യാര്‍ത്ഥിക്ക് തിരുത്താന്‍ അവസരം; നിയമനടപടിക്കില്ലെന്ന് കൗമാരക്കാരന്‍ മോശമായി പെരുമാറിയ അപര്‍ണ്ണ
Published on

ലിഫ്റ്റ് നല്‍കിയ 14കാരന്‍ അപമര്യാദയോടെ പെരുമാറിയ സംഭവത്തില്‍ നിയമനടപടിക്കില്ലെന്ന് അപര്‍ണ്ണ. വിദ്യാര്‍ത്ഥിക്ക് തിരുത്താന്‍ അവസരമുണ്ട്. കുട്ടിയുടെ പേരും ക്ലാസും സ്‌കൂളും ഇറക്കി വിട്ട സ്ഥലവും തനിക്ക് അറിയാം. വീട്ടിലെത്തി രക്ഷിതാക്കളുടെ മുന്നില്‍ വെച്ച് തെറ്റ് ബോധ്യപ്പെടുത്തി കൊടുക്കുമെന്ന് അപര്‍ണ്ണ ന്യൂസ് 18നോട് പറഞ്ഞു.

സമാനമായ അനുഭവം നേരിടുന്ന പെണ്‍കുട്ടികളെ ഓര്‍ത്താണ് തന്റെ അനുഭവം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്. 23 വയസ്സുള്ള തന്നോട് പെരുമാറിയ 14കാരന്‍ അതേ പ്രായത്തിലുള്ളവരോട് ഏത് രീതിയിലായിരിക്കും ഇടപെടുകയെന്നും അപര്‍ണ്ണ ചോദിക്കുന്നു. അത് പെണ്‍കുട്ടികളില്‍ ആഴത്തിലുണ്ട മുറിവുണ്ടാക്കുമെന്നും അപര്‍ണ്ണ ഓര്‍മ്മിപ്പിക്കുന്നു.

അപര്‍ണ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ നിന്ന്,

'ആ പയ്യന്‍ അങ്ങനെ പെരുമാറിയത് ആരുടെ തെറ്റാണ്. സ്‌കൂളുകളില്‍ കൃത്യമായ ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നില്ല എന്നത് പ്രധാന പ്രശ്‌നങ്ങളിലൊന്ന്. ഇത്തരമൊരു സംഭവം സ്‌കൂളുകളില്‍ സംഭവിച്ചാല്‍ അധികൃതര്‍ പെണ്‍കുട്ടികളെയായിരിക്കും കുറ്റം പറയുക. 1314 വയസുള്ള പെണ്‍കുട്ടികള്‍ക്കാണ് ഈ അനുഭവമെങ്കില്‍ എന്തായിരിക്കും അവരുടെ മനസിലുണ്ടാവുക. ആണ്‍കുട്ടികള്‍ക്ക് എങ്ങനെ വേണമെങ്കിലും പെരുമാറാം, എന്തും ചെയ്യാം, അവര്‍ക്കൊന്നും പറ്റില്ല എന്ന ചിന്തകള്‍ മാറണം. ഇന്നത്തെ സിനിമകളിലെ ലൈംഗീകത പരാമര്‍ശങ്ങള്‍ കുട്ടികളെ സ്വാധീനിക്കുന്നുണ്ടാകാം. ഈ കുട്ടികള്‍ വലുതായാല്‍ അവര്‍ എന്ത് ചെയ്യുമെന്ന് ആര്‍ക്കറിയാം. യഥാര്‍ത്ഥത്തില്‍ ആരും ഇങ്ങനെ ജനിക്കില്ല. ഇങ്ങനെ ആയി പോകുന്നതാണ്. ചുറ്റുപാടാണ് പ്രശ്‌നം. സ്‌കൂളും കുടുംബവും സമൂഹവും ഇതിന് ഉത്തരവാദികളാണ്. കുട്ടികളോട് സംസാരിക്കണം, കൃത്യമായ സെക്‌സ് എഡ്യുക്കേഷന്‍ നല്‍കണം. എങ്കില്‍ മാത്രമേ നമുക്ക് ഈ തലമുറയെ സംരക്ഷിക്കാന്‍ കഴിയൂ. വളര്‍ന്ന് വരുന്ന കുട്ടികള്‍ക്കെങ്കിലും ഇത്തരം അനുഭവങ്ങള്‍ നേരിടാതിരിക്കട്ടെ'.

എറണാകുളം എസ്എന്‍ഡിപി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയില്‍ നിന്നാണ് അപര്‍ണയ്ക്ക് മോശം അനുഭവം ഉണ്ടായത്. വിഷയത്തില്‍ നിയമപരമായി മുന്നോട്ട് പോകാനാണ് അപര്‍ണയുടെ തീരുമാനം. വ്യക്തിപരമായി അധിക്ഷേപിക്കാനല്ല. അവന്റെ വീട്ടുകാര്‍ ഇത് അറിയണം. പഠിപ്പിക്കുന്ന അധ്യാപകര്‍ അറിയണം. അവരെക്കാള്‍ മുതിര്‍ന്ന യാതൊരു പരിചയവും ഇല്ലാത്ത തന്നോട് ഇങ്ങനെ പെരുമാറിയെങ്കില്‍ കൂടെ പഠിക്കുന്ന മറ്റ് പെണ്‍കുട്ടികളെ എങ്ങനെയാകും നോക്കിക്കാണുക എന്നതാണ് തന്നെ അലട്ടുന്ന മറ്റൊരു ചിന്ത എന്നും അപര്‍ണ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in