ജലീലിനെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞത് ലാവ്‌ലിനില്‍ കുഞ്ഞാലിക്കുട്ടി രക്ഷിച്ചതിന്റെ പ്രത്യുപകാരമെന്ന് അബ്ദുള്ളക്കുട്ടി

ജലീലിനെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞത്  ലാവ്‌ലിനില്‍ കുഞ്ഞാലിക്കുട്ടി രക്ഷിച്ചതിന്റെ പ്രത്യുപകാരമെന്ന് അബ്ദുള്ളക്കുട്ടി
Published on

എ.ആര്‍ നഗര്‍ ബാങ്ക് ക്രമക്കേടില്‍ കേന്ദ്ര ഇടപെടല്‍ തേടി ബി.ജെ.പി. സഹകരണ മന്ത്രാലയത്തിന് പരാതി നല്‍കുമെന്ന് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി പറഞ്ഞു. എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ കുഞ്ഞാലിക്കുട്ടി സഹായിച്ചതിന്റെ പ്രത്യുപകാരമായിട്ടാണ് കൂടെക്കിടന്ന ജലീലിനെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

'' കുഞ്ഞാലിക്കുട്ടി സാഹിബിന്റെ എ.ആര്‍ നഗര്‍ ബാങ്കില്‍ ഒരു അന്വേഷണവും ആവശ്യമില്ല എന്നുള്ള വിചിത്രമായൊരു നിലപാട് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുകയാണ്. 1200 കോടി രൂപയോളം കള്ളപ്പണം ഉള്‍പ്പെട്ട വിഷയത്തില്‍ അന്വേഷണം നടക്കാന്‍ പോകുമ്പോള്‍ മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെട്ട് തടയുന്ന ഒരു സാഹചര്യത്തില്‍ ഇതു സംബന്ധിച്ച കേന്ദ്ര ധനകാര്യ വകുപ്പിനും കേന്ദ്ര സഹകരണ മന്ത്രാലയത്തിനും ഒരു പരാതി കൊടുക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്‌,'' എ.പി അബ്ദുള്ളക്കുട്ടി പറഞ്ഞു.

വിഷയത്തില്‍ ലീഗ്-സി.പി.ഐ.എം അവിശുദ്ധ ബന്ധം തെളിഞ്ഞുവെന്നാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞത്.

''എആര്‍ നഗര്‍ ബാങ്കിലെ കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണം ഇഡി അന്വേഷിക്കേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ പരസ്യ നിലപാട് വര്‍ഷങ്ങളായുള്ള ലീഗ് - സിപിഎം അവിശുദ്ധ ബന്ധം കൂടുതല്‍ വ്യക്തമാക്കുന്നു. മുസ്ലിംലീഗിലെ കുഞ്ഞാലിക്കുട്ടി വിഭാഗവുമായുള്ള സിപിഎമ്മിന്റേയും മുഖ്യമന്ത്രിയുടേയും ബന്ധമാണ് ജലീലിനെ തള്ളി പറയാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

കേരളത്തിലെ സഹകരണ ബാങ്കുകളിലെ കള്ളപ്പണ ഇടപാടിലൂടെയാണ് ജിഹാദി-സിപിഎം ബന്ധം ദൃഢമാകുന്നത്. എആര്‍ നഗര്‍ ബാങ്കിലെ കള്ളപ്പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടെന്ന കെ.ടി ജലീലിന്റെ പ്രസ്താവന ഗൗരവതരമാണ്.

മാറാട് കലാപം മുതല്‍ പാലാരിവട്ടം പാലം വരെയുള്ള സംഭവങ്ങളില്‍ ഈ ലീഗ്- മാര്‍കിസ്റ്റ് ബന്ധം വ്യക്തമാണ്. ഇപ്പോഴും ലീഗിനാല്‍ നയിക്കപ്പെടുന്ന കോണ്‍ഗ്രസുകാര്‍ കഥയറിയാതെ ആട്ടം കാണുകയാണ്. ആത്മാഭിമാനമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യുഡിഎഫ് വിട്ട് പുറത്തുവരണം,'' എന്നായിരുന്നു കെ. സുരേന്ദ്രന്‍ വിഷയത്തില്‍ പ്രതികരിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in