മലബാര്‍ സംസ്ഥാന രൂപീകരണത്തിനായി തെലങ്കാന മോഡല്‍ സമരവുമായി തെരുവിലിറങ്ങണമെന്ന് സത്യധാര എഡിറ്റര്‍ അന്‍വര്‍ സാദിഖ് ഫൈസി. സര്‍ക്കാര്‍ മലബാറിനെ അവഗണിക്കുകയാണെന്നും, സ്വജനപക്ഷപാതിത്വമാണെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അന്‍വര്‍ സാദിഖ് ആരോപിക്കുന്നു. സംസ്ഥാനത്തെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട പരസ്യം പങ്കുവെച്ചായിരുന്നു കുറിപ്പ്.
പോസ്റ്റിന്റെ പൂര്‍ണരൂപം:
'ആരോഗ്യ മേഖലയുടെ മികവ് കാണിക്കാന്‍ ഇന്ന് കേരള സര്‍ക്കാര്‍ നല്‍കിയ പത്ര പരസ്യം ശ്രദ്ധേയമാകുന്നത്, ഈ ഗവണ്‍മെന്റിന്റെ സ്വജന പക്ഷപാതിത്വവും മലബാറിനോടുള്ള അവഗണയും സ്വയം പരസ്യപ്പെടുത്തി കൊണ്ടാണ്. ഏറ്റവും കൂടുതല്‍ ജനങ്ങളുള്ള മലപ്പുറത്തിന് വെറും 3 കുത്ത്. അതേ സമയം എറണാകുളത്തിന് തെക്കോട്ടുള്ള ഭാഗങ്ങള്‍ ആരോഗ്യ കേന്ദ്രങ്ങളുടെ അടയാളമുദ്രകള്‍ നിറഞ്ഞിട്ട് കാണാനേ സാധിക്കുന്നില്ല.
മാറി മാറി വന്ന സര്‍ക്കാറുകള്‍ മലബാറിനോട് കാണിച്ചിട്ടുള്ള വിവേചനത്തിന്റെ ഒടുവിലെ ഉദാഹരണമാണ് ഈ പരസ്യത്തില്‍ കാണുന്നത്. മലബാറില്‍ പ്ലസ്ടുവിന് സീറ്റുകിട്ടാതെ പതിനായിരങ്ങള്‍ അലയുമ്പോള്‍, തിരു-കൊച്ചിയില്‍ പതിനായിരകണക്കിന് സീറ്റുകള്‍ ആളില്ലാതെ ബാക്കിയാവുന്നത്. മലബാറില്‍ സ്വകാര്യ ബസുകളും തെക്കോട്ട് KSRTC ബസ്സുകളും കുത്തകയാക്കുന്നത്. ഇങ്ങനെ നിരവധി കാര്യങ്ങളില്‍ ഈ വിവേചനം കാണാം. നിയമസഭ സീറ്റുകളില്‍ മിക്കതും മലബാറിലാണ്. വികസനം മിക്കതും തെക്കുഭാഗത്തും. ഈ സംസ്ഥാനത്തിന്റെ അങ്ങേയറ്റത്തുള്ള ഒരു ഇടത്ത്, മലയാള ഭാഷപോലും തമിഴിലേക്ക് വഴിമാറുന്ന ഒരു അതിര്‍ത്തിയില്‍ കൊണ്ടുപോയി തലസ്ഥാനവും സെക്രട്ടറിയേറ്റും ഉണ്ടാക്കിയതു മുതല്‍ ഈ വിവേചനം നടന്നു വരുന്നുണ്ട്.
ഇവിടെ കരച്ചിലുകള്‍ക്കും വിലാപങ്ങള്‍ക്കും അര്‍ത്ഥമില്ല. ഒന്നെങ്കില്‍ കോഴിക്കോട് ആസ്ഥാനമായി 'മലബാര്‍ സംസ്ഥാനം' രൂപീകരിക്കാന്‍ ഇവിടെയുള്ളവര്‍ തെലുങ്കാന മോഡല്‍ തെരുവിലിറങ്ങുക. അല്ലെങ്കില്‍,മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ആഴ്ചയില്‍ 3 ദിവസം തങ്ങുന്ന വിധം അഡീഷണല്‍ സെക്രട്ടറിയേറ്റ് ഉള്‍പ്പടെയുള്ള ഭരണ കേന്ദ്രങ്ങള്‍ മലബാറില്‍ സ്ഥാപിച്ച് ഇവിടെ പ്രത്യേക പാക്കേജ് നടപ്പിലാക്കുക. മലബാറിലെ മത-സാംസ്‌കാരിക-രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കെല്ലാം ഇതില്‍ ഉത്തരവാദിത്തം ഉണ്ട്. പാര്‍ടികള്‍ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോകള്‍ തയാറാക്കുന്ന ഈ സമയത്ത് ഇക്കാര്യം ഉറക്കെ പറഞ്ഞേ പറ്റൂ.'
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
Anwar Sadiq Faizy Facebook Post