കുഞ്ഞിനെ വിട്ടുകിട്ടാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അനുപമ എസ്.ചന്ദ്രന്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജി സ്വീകരിക്കാനാകില്ലെന്ന് ഹൈക്കോടതി. നിലവില്‍ കുഞ്ഞ് നിയമവിരുദ്ധ കസ്റ്റഡിയിലല്ലെന്ന് വ്യക്തമാക്കിയ കോടതി, ഹര്‍ജി പിന്‍വലിക്കാന്‍ അനുപമയ്ക്ക് സമയം നല്‍കി.
വിഷയം കുടുംബകോടതിയുടെ പരിഗണനയിലായതിനാല്‍ കേസ് അവിടെ തന്നെ തുടരട്ടെ എന്നും, ഹൈക്കോടതിയുടെ ഇടപെടല്‍ ആവശ്യമില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. പിന്‍വലിച്ചില്ലെങ്കില്‍ ഹര്‍ജി തള്ളുമെന്നും കോടതി പറഞ്ഞു.
മാതാപിതാക്കളായ ജയചന്ദ്രനും, സ്മിത ജെയിംസും ചേര്‍ന്ന് കുഞ്ഞിനെ എടുത്തുകൊണ്ടുപോയെന്നും, അമ്മയുടെ സാമീപ്യം നിഷേധിക്കപ്പെട്ട കൈക്കുഞ്ഞിന്റെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും അനുപമ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ പറയുന്നു. കുഞ്ഞിനെ വിട്ടുകിട്ടാന്‍ അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ആശുപത്രി രജിസ്റ്ററിലുള്‍പ്പടെ തെറ്റായ വിവരങ്ങളാണ് നല്‍കിയിട്ടുള്ളത്. കുഞ്ഞിനെ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കണമെന്നുമായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.