'ലൈസന്‍സില്ലാതെ ശിശുക്ഷേമ സമിതി നടത്തിയത് കുട്ടിക്കടത്ത്'; ഷിജുഖാനെ ക്രമിനല്‍ കുറ്റത്തിന് അറസ്റ്റ് ചെയ്യണമെന്ന് അനുപമ

'ലൈസന്‍സില്ലാതെ ശിശുക്ഷേമ സമിതി നടത്തിയത് കുട്ടിക്കടത്ത്'; ഷിജുഖാനെ ക്രമിനല്‍ കുറ്റത്തിന് അറസ്റ്റ് ചെയ്യണമെന്ന് അനുപമ
Published on

ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാനെതിരെ ദത്തുനല്‍കപ്പെട്ട കുഞ്ഞിന്റെ അമ്മ അനുപമ. ലൈസന്‍സില്ലാതെ ശിശുക്ഷേമ സമിതിക്ക് എങ്ങനെയാണ് കുഞ്ഞിനെ ദത്ത് നല്‍കാനാവുന്നതെന്നും ഷിജുഖാനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്യണമെന്നും അനുപമ ആവശ്യപ്പെട്ടു.

ലൈസന്‍സില്ലാതെ ശിശുക്ഷേമ സമിതി കുട്ടിയെ ദത്ത് നല്‍കിയത് കുട്ടിക്കടത്താണെന്നും അനുപമ പറഞ്ഞു. ഷിജുഖാനെതിരെ കേസ് എടുക്കണമെന്നും പുറത്താക്കണമെന്നും ആവശ്യപ്പെട്ട് അനുപമ ഇന്ന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കും.

ആന്ധ്രാപ്രദേശിലെ വിജയവാഡയിലുള്ള ദമ്പതികളുടെ കയ്യിലുള്ള കുഞ്ഞിനെ ഇന്ന് കേരളത്തിലെത്തിക്കും. എത്തിച്ചയുടന്‍ ഡി.എന്‍.എ ടെസ്റ്റ് നടത്തും.

ശിശുക്ഷേമ സമിതിയുടെ ദത്ത് നല്‍കാനുള്ള ലൈസന്‍സ് കാലാവധി ജൂണ്‍ 30ന് അവസാനിച്ചിരുന്നു. 2016 ജൂണ്‍ ഒന്ന് മുതല്‍ 2021 ജൂണ്‍ 30 വരെയായിരുന്നു ലൈസന്‍സ് കാലാവധി. അനുപമയുടേതെന്ന് സംശയിക്കുന്ന കുഞ്ഞിനെ ദത്ത് നല്‍കുമ്പോള്‍ ശിശുക്ഷേമ സമിതിയ്ക്ക് അതിനുള്ള ലൈസന്‍സില്ലെന്ന് അനുപമ പറയുന്നു.

ദത്തുമായി ബന്ധപ്പെട്ട കേസില്‍ ശിശുക്ഷേമ സമിതിയെ കഴിഞ്ഞ ദിവസം കുടുംബ കോടതി വിമര്‍ശിച്ചിരുന്നു. ലൈസന്‍സുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ ശിശുക്ഷേമ സമിതി നല്‍കിയില്ലെന്നാണ് കോടതി അറിയിച്ചത്.

ലൈസന്‍സ് നീട്ടിനല്‍കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നായിരുന്നു ശിശുക്ഷേമ സമിതിയുടെ നിലപാട്. അന്വേഷണം അവസാന ഘട്ടത്തിലാണെന്നും അന്വേഷണം പൂര്‍ത്തിയാക്കാന്‍ 30 വരെ സമയം വേണമെന്നും ശിശുക്ഷേമ സമിതി ആവശ്യപ്പെട്ടിരുന്നു. കേസ് വിശദമായ വാദം കേള്‍ക്കാനായി മാറ്റി.

Related Stories

No stories found.
logo
The Cue
www.thecue.in