വിദ്വേഷ പ്രസംഗം: ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കലിനെതിരെ പൊലീസില്‍ പരാതി
മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കലിനെതിരെ പൊലീസില്‍ പരാതി. വയനാട് യുവ ജനതാദള്‍ പ്രവര്‍ത്തരാണ് കല്‍പ്പറ്റ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പ്രസംഗം വര്‍ഗീയ കലാപത്തിന് കാരണമാകും എന്ന് ആരോപിച്ചാണ് യുവജനതാദള്‍ പരാതി നല്‍കിയത്. ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കലിനെതിരെ നേരത്തെ കണ്ണൂര്‍ പൊലീസിലും പരാതി ലഭിച്ചിരുന്നു. വിദ്വേഷവും മതസ്പര്‍ധയും വളര്‍ത്തുന്ന തരത്തില്‍ പ്രസംഗം നടത്തിയെന്ന് കാണിച്ചായിരുന്നു പഴയങ്ങാടി സ്വദേശി പരാതി നല്‍കിയത്.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ക്രിസ്ത്യന്‍, ഹിന്ദു മതവിശ്വാസികള്‍ക്കിടയില്‍ മുസ്ലീങ്ങളോട് വിദ്വേഷവും പകയും ഉണ്ടാക്കാന്‍ ഉദ്ദേശിച്ച് മാത്രം നടത്തിയതാണ് പ്രസ്തുത പ്രസംഗമെന്നും പരാതിയില്‍ പറഞ്ഞിരുന്നു. മുസ്ലീങ്ങള്‍ക്കെതിരെ നടത്തിയ പ്രസംഗം വിവാദമായതോടെ ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കല്‍ മാപ്പുപറഞ്ഞ് രംഗത്തെത്തിയിരുന്നു.
ജോസഫ് പുത്തന്‍പുരയ്ക്കലിന്റെ വിദ്വേഷ പരാമര്‍ശങ്ങള്‍ ഇങ്ങനെ
വാഡിയാര്‍ രാജാവിന്റെ സൈന്യാധിപനായിരുന്ന ടിപ്പുസുല്‍ത്താന്‍ മലബാറില്‍ വന്നു. ക്രിസ്ത്യാനികളെ വെടിവെച്ച് കൊന്നു. ഹിന്ദുക്കളെ ഇല്ലാതാക്കി. പേടിപ്പിച്ച് വിരട്ടി ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മതംമാറ്റി. 511 വര്‍ഷങ്ങള്‍ക്ക് മുന്‍പാണിത്. പൗരത്വ നിയമത്തിലൊക്കെ കേന്ദ്രം കാണിക്കുന്നത് തെറ്റാണ്. മുസ്ലീങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെടുന്ന പോലെ നമുക്കും നിഷേധിക്കപ്പെടാം. പക്ഷേ ഒരു കാര്യം നമ്മളോര്‍ക്കണം, മുസ്ലീങ്ങളെയും നമുക്ക് വിശ്വസിക്കാന്‍ പറ്റില്ല. ബോംബെയില്‍ നമ്മള്‍ നില്‍ക്കുന്നത് ശിവസേനയുള്ളതുകൊണ്ടാണ്. അല്ലെങ്കില്‍ മുസ്ലിങ്ങള്‍ നമ്മളെ ഇല്ലാതാക്കും. മുസ്ലിങ്ങള്‍ക്ക് മാത്രം സഞ്ചരിക്കാവുന്ന റോഡ് ലോകത്ത് ഒരു രാജ്യത്ത് മാത്രമേയുള്ളൂ. സൗദിയിലെ മെക്കയില്‍. മുസ്ലിം റോഡാണ്. നമ്മള്‍ വണ്ടിയോടിച്ചാല്‍ ശിക്ഷയാണ്. മതപ്രാന്ത് ഹിന്ദുക്കളേക്കാള്‍ കൂടുതല്‍ മുസ്ലീങ്ങള്‍ക്കാണ്. കേന്ദ്രം അവര്‍ക്കെതിരെ കാണിക്കുന്നത് അനീതിയാണ്. അത് മറ്റൊരു വശം. പക്ഷേ അവര്‍ അത്ര പുണ്യാളന്‍മാരൊന്നുമല്ല. നമ്മള്‍ സഹിക്കുന്ന ഒരു ഭാഗമുണ്ട്. എറ്റവും കൂടുതല്‍ നമ്മളെ കൊല്ലുന്നത് ആരാ. ഹിന്ദുക്കളാണോ, നൈജീരിയയില്‍, ഇറാഖില്‍, സിറിയയില്‍, മുസ്ലീങ്ങളാണ്. അതും നമ്മള്‍ കൂട്ടിവായിക്കണം. വികാരത്തില്‍ ഒരു ഭാഗം പറയുമ്പോള്‍ മറ്റൊരു വശം കൂടിയുണ്ടെന്ന് ഓര്‍ക്കണം. ലോകത്ത് എവിടെ ചെന്നാലും നമ്മളെ കൊല്ലുന്നത് മുസ്ലീങ്ങളാണ്. ഇന്ത്യയില്‍ നമ്മളോട് ഒത്തിരി ക്ഷമ കാണിച്ചത് ഹൈന്ദവരാണ്. മതപ്രാന്തന്‍മാര്‍ വന്നതിന് ശേഷമാണ് ഈ ബഹളം. നമ്മളെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചത് അവരാണെന്ന് ചേര്‍ത്ത് വായിക്കണം. അന്ന് ടിപ്പുവിന്റെ പട്ടാളം ഇങ്ങനെ വന്നു. ആലുവ കഴിഞ്ഞ് പോരുമ്പോള്‍ ആലങ്ങാട് പ്രദേശത്തെത്തിയപ്പോള്‍ അവിടെ പെട്ടെന്ന് വഴിയിലെ മാവ് വളഞ്ഞു. അതോടെ ടിപ്പുവിന്റെ പടയ്ക്ക്മുന്നോട്ട് പോകാന്‍ പറ്റിയില്ല. ആ സ്ഥലമാണ് കൂനമ്മാവെന്ന് അറിയപ്പെടുന്നത്. പട്ടാളം അങ്ങനെ വരുമ്പോള്‍ ചേറായി ബീച്ചില്‍ എത്തിയപ്പോള്‍ ശക്തമായ മഞ്ഞുമുണ്ടായി. എട്ടുനോമ്പിന്റെ കാലമാണ്. ആള്‍ക്കാര്‍ വെളിയില്‍ പ്രാര്‍ത്ഥിക്കുകയാണ്. ശക്തമായ മഞ്ഞില്‍ ഈ പള്ളിയങ്ങ് മറിഞ്ഞുപോയി. ടിപ്പുവിന്റെ പട്ടാളം പള്ളി കാണാതെ മുന്നോട്ടുപോയി. അപ്പോഴാണ് വാഡിയാറില്‍ മറ്റൊരു യുദ്ധമുണ്ടാകുന്നതും ടിപ്പുവിനെ തിരിച്ചുവിളിക്കുന്നതും. അങ്ങനെ പോയിരുന്നില്ലെങ്കില്‍ അഞ്ഞൂറ് വര്‍ഷം മുന്‍പ് ആ പട്ടാളം വന്ന് കോട്ടയം, അരൂര്‍, പത്തനംതിട്ട, ദേവലോകം,റാന്നി വഴി ഒറ്റ പോക്ക് പോയേനെ. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ഇന്ന് നിങ്ങളുടെയൊക്കെ പേര് ഫാത്തിമ, സുലേഖ, ബഷീറ, മുസ്തഫ എന്നൊക്കെയാകുമായിരുന്നു.
വിവാദമായപ്പോള്‍ മാപ്പ്
ഈയിടെ നടന്ന ഒരു ടോക്കിന്റെ വീഡിയോ ക്ലിപ്പ് വൈറലായതായി കാണുന്നുണ്ട്. ഞാനുദ്ദേശിക്കാത്ത ലക്ഷ്യത്തോടെയാണ് അത് പടര്‍ന്നുകൊണ്ടിരിക്കുന്നത്. അതില്‍ ടിപ്പുസുല്‍ത്താന്‍ വന്ന കാലം തെറ്റായാണ് പറഞ്ഞിരിക്കുന്നത്. 1789 ലാണ് ടിപ്പു കേരളത്തില്‍ വന്നത്. തെറ്റ് പറഞ്ഞതില്‍ ബുദ്ധിമുട്ടുണ്ട്. സ്വകാര്യ മതഗ്രൂപ്പില്‍ ലൗ ജിഹാദിനെക്കുറിച്ചും നൈജീരിയയിലെ ക്രൈസ്തവരുടെ കൂട്ടക്കൊലയെക്കുറിച്ചും മറ്റ് ചില രാജ്യങ്ങളില്‍ ക്രിസ്ത്യാനികളെ കൊല്ലുന്നതിനെക്കുറിച്ചും പങ്കുവെച്ചതാണ്. തീവ്രവാദികളായ ഏതോ മുസ്ലീങ്ങള്‍ ചെയ്തുവെച്ച ക്രൂരതയുടെ പശ്ചാത്തലത്തില്‍ സംസാരിച്ചപ്പോള്‍ പറച്ചിലിന്റെ രീതിയില്‍ അങ്ങ് സംഭവിച്ചുപോയതാണ്. കേരളത്തിലെ ലക്ഷോപലക്ഷം നല്ലവരായ മുസ്ലീങ്ങളെ എനിക്ക് അറിയാം. അവരെയാരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ച് പറഞ്ഞതല്ല. പരിശുദ്ധ ഖുറാനിലെ വിശുദ്ധ ചിന്തകള്‍ക്ക് മങ്ങലേല്‍പ്പിക്കാനുമല്ല. ഒരു പ്രത്യേക പശ്ചാത്തലത്തില്‍ പറഞ്ഞുപോയതാണ്. അത് ഒരുപാടുപേരെ വേദനിപ്പിച്ചെന്ന് അറിയാം. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നു. ക്ഷമ ചോദിക്കുന്നു. ഒരു പ്രത്യേക പശ്ചാത്തലത്തില്‍ ചിന്തകള്‍ പങ്കുവെച്ചപ്പോള്‍ സംഭവിച്ച് പോയതാണെന്നും ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കല്‍ പ്രതികരിച്ചു.