ബിയര്‍ ബോട്ടില്‍ കൊണ്ട് തലക്കടിച്ചു, നെഞ്ചിന് താഴെ കുത്തിയറക്കി, പിന്നില്‍ അച്ഛനെയും മകളെയും മര്‍ദിച്ച അതേ സംഘമെന്ന് യുവാവ്

ബിയര്‍ ബോട്ടില്‍ കൊണ്ട് തലക്കടിച്ചു, നെഞ്ചിന് താഴെ കുത്തിയറക്കി, പിന്നില്‍ അച്ഛനെയും മകളെയും മര്‍ദിച്ച അതേ സംഘമെന്ന് യുവാവ്
Published on

പോത്തന്‍കോട് അച്ഛനെയും മകളെയും മര്‍ദ്ദിച്ച ഗുണ്ടാ സംഘം മറ്റൊരു യുവാവിനെയും മര്‍ദ്ദിച്ചതായി വെളിപ്പെടുത്തല്‍. ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

നാല് ബിയര്‍കുപ്പികളാണ് തലയില്‍ അടിച്ച് പൊട്ടിച്ചതെന്നാണ് യുവാവിന്റെ വെളിപ്പെടുത്തല്‍. പോത്തന്‍കോട് അച്ഛനെയും മകളെയും ആക്രമിച്ച സംഘം തന്നെയാണ് തങ്ങളെയും ആക്രമിച്ചതെന്നും യുവാവ് പറഞ്ഞു.

ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് പോത്തന്‍കോട് ജംഗ്ഷനില്‍ വെച്ച് അച്ഛനും മകളും ഗുണ്ടാ ആക്രമണത്തിന് ഇരയായത്. ഇതിന് തൊട്ടു പിന്നാലെയാണ് ഗുണ്ടകള്‍ പോത്തന്‍കോടുള്ള ബാറിന് മുന്നിലെത്തി പ്രശ്‌നങ്ങളുണ്ടാക്കി യുവാവിനെ ആക്രമിച്ചത്. രാത്രി പത്ത് മണിയോടെയാണ് ഈ സംഭവം.

നാല് ബിയര്‍ കുപ്പി തലയില്‍ അടിച്ചുപൊട്ടിച്ച് അതിക്രൂരമായാണ് ഗുണ്ടാ സംഘം യുവാവിനെ ആക്രമിച്ചത്. ഇതിന് ശേഷം നെഞ്ചിന് താഴെ കുപ്പി കുത്തിയിറക്കുകയും ചെയ്തു. പരിക്കേറ്റ യുവാവിനെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

എന്തിനാണ് തങ്ങളെ മര്‍ദിച്ചതെന്ന് മനസിലായില്ലെന്ന് മര്‍ദനമേറ്റ യുവാവിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു. ബിയര്‍ വാങ്ങി ഇറങ്ങിയപ്പോള്‍ പെട്ടന്നൊരു കാര്‍ മുന്നില്‍ വന്ന് നിന്നു. മൂന്ന് പേര്‍ കാറില്‍ നിന്നിറങ്ങി തങ്ങളുടെ കൈവശമുള്ള കയ്യിലുള്ള ബിയര്‍ പിടിച്ചുവാങ്ങി ഭീഷണിപ്പെടുത്തി. പ്രശ്‌നമുണ്ടാക്കാതെ വണ്ടിയെടുത്ത് പോകാന്‍ ഒരുങ്ങിയപ്പോള്‍ ഗുണ്ടാ സംഘം ബിയര്‍ കുപ്പി തന്റെ തലയ്ക്ക് അടിച്ചു. ഇതു ചോദിക്കാന്‍ ചെന്ന തന്റെ സഹോദരനെയും ആക്രമിച്ചുവെന്നും യുവാവ് പറഞ്ഞു.

സമീപമുള്ള ആളുകള്‍ ഇവിടെക്ക് വരാതിരിക്കാന്‍ റോഡില്‍ ബിയര്‍കുപ്പി എറിഞ്ഞു പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ആക്രമണത്തിന് ശേഷം ധൃതിയില്‍ കാര്‍ എടുത്തുകൊണ്ട് പോയെന്നും യുവാവിന്റെ സുഹൃത്ത് പറഞ്ഞു.

സംഭവം പുറത്തുപറയാന്‍ ഭയമായതിനാല്‍ ബൈക്ക് അപകടത്തില്‍ മുറിവ് പറ്റിയതാണെന്നാണ് ആശുപത്രിയില്‍ പറഞ്ഞത്. പിന്നീട് പോത്തന്‍കോട് ജംഗ്ഷനില്‍ അച്ഛനെയും മകളെയും ആക്രമിച്ച വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് ഇതേ സംഘമാണ് തങ്ങളെയും മര്‍ദ്ദിച്ചതെന്ന് ഇവര്‍ തിരിച്ചറിഞ്ഞത്. അതേസമയം യുവാവ് പൊലീസില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടില്ല.

പോത്തന്‍കോട് സംഭവത്തില്‍ പ്രതികളായ ഫൈസലിനെയും സംഘത്തെയും കണ്ടെത്താന്‍ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല. ഇതിന് പിന്നാലെയാണ് അതേദിവസം മറ്റൊരു ആക്രമണവും നടത്തിയെന്നുള്ള വിവരവും പുറത്തുവരുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in